വാസന്തി: ഒരു ബൂര്‍ഷ്വാ രാജകുമാരി



രണ്ടാംകൊല്ലം കുറെകഴിഞ്ഞപ്പോള്‍ ഞാന്‍ സ്‌കൂളിലെ ഉദ്യോഗം ഒഴിഞ്ഞു. ഇന്റര്‍മീഡിയറ്റ്‌‌ പരീക്ഷ ഞാന്‍ പാസായിക്കഴിഞ്ഞിരുന്നു. അപ്പോഴുണ്ട്‌ കൊച്ചി മുളവുകാട്ട്‌ ശങ്കുവൈദ്യരുടെ മകന്‍ അച്യുതന്‍റെ ഒരു കമ്പി എനിക്ക്‌ പാലക്കാട്ടു നിന്നും കിട്ടുന്നു. അച്യുതന്‍ അന്നവിടെ കോളേജില്‍ പഠിക്കയാണ്‌. പാലക്കാട്ട്‌ അന്നുണ്ട്‌, ബാസല്‍ മിഷന്‍കാരുടെ ഒരു ഇംഗ്ലീഷ്‌ ഹൈസ്‌കൂള്‍. ആ സ്‌കൂളില്‍ ഒരു ബോട്ടണിടീച്ചറുടെ ഒഴിവു വന്നിരിക്കുന്നു. അതു സ്വീകരിക്കാന്‍ എനിക്കു സമ്മതമുണ്ടോയെന്നു ചോദിക്കുകയാണ്‌. എനിക്ക്‌ ഒരു ഉന്മേഷം തോന്നി ആ ഉദ്യോഗം സ്വീകരിക്കാന്‍.

പക്ഷേ, ഒരു ഗുലുമാല്‍ ഇതിനിടയില്‍ ഉണ്ടായി. ഒരു ചെറിയ ചങ്ങല എന്നെ മയ്യനാട്ട്‌ ബന്ധിച്ചുതുടങ്ങിയിരുന്നു. അത്‌ വാസന്തി ആയിരുന്നു.

അന്ന്‌ വാസന്തി മയ്യനാട്ടു പെണ്‍പള്ളിക്കൂടത്തില്‍ വാദ്ധ്യായിനിയായിരിക്കയാണ്‌. ഇളം മാന്തളിരുപോലൊരു കൊച്ചുപെണ്ണ്‌. പാട്ടത്തില്‍ മൂപ്പിലയുടെ മകളുടെ മകളും സി.വിയുടെ ഏകപുത്രിയും. മയ്യനാട്ടെ ഒരു കൊച്ചുബൂര്‍ഷ്വാകുമാരി. അതിനാല്‍, പലരും വാസന്തിയില്‍ കണ്ണിട്ടിട്ടുണ്ടായിരുന്നു. എനിക്കുമുണ്ടായിരുന്നു ഒരു കണ്ണ്‌. പ്രണയവും പ്രേമവുമൊന്നുമല്ല. ഈ ബന്ധം നന്നായിരിക്കുമെന്ന്‌ ഒരു തോന്നല്‍. വാസന്തി മിടുക്കിയും സുശീലയുമാണെന്ന്‌ എല്ലാവര്‍ക്കും അറിയാമായിരുന്നു. മയ്യനാട്ടൊരു സ്‌ത്രീസമാജം നടക്കുമ്പോള്‍ ഞങ്ങള്‍ സ്‌കൂള്‍ ചുറ്റിപ്പറ്റിനിന്ന്‌ പെണ്‍കൊടികളുടെ നടപടികളും പ്രസംഗവുമൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്‌. കെ.ചിന്നമ്മയുടെ അദ്ധ്യക്ഷതയില്‍ ഒരു പ്രദര്‍ശനത്തോടുകൂടി നടന്ന ആ സ്‌ത്രീസമാജവാര്‍ഷികം ഇന്നും മയ്യനാട്ടുകാരുടെ ഓര്‍മ്മയില്‍ നിന്നു മാഞ്ഞുപോയിട്ടില്ല. വാസന്തിയായിരുന്നു അതിന്‍റെ കാര്യദര്‍ശി. യഥാര്‍ത്ഥത്തില്‍ സി.വിയും. അതിനാല്‍ ആ മഹായോഗം മംഗളമായി കലാശിച്ചതില്‍ ആരും ആശ്ചര്യപ്പെട്ടില്ല. വാസന്തിയുടെ അന്നത്തെ റിപ്പോര്‍ട്ട്‌ ആളുകളെ വളരെ വളരെ രസിപ്പിച്ചു. വളരെ ഭംഗിയായി, ഒരു സങ്കോചവും കൂടാതെ, ആവശ്യമായ ഭാവഹാവങ്ങളോടെയുള്ള ആ റിപ്പോര്‍ട്ട്‌ തീരുംവരെ കരഘോഷങ്ങളുടെ ഒരു പ്രളയം തന്നെയായിരുന്നു. അന്നത്തെ സാഹിത്യമത്സരത്തില്‍ മയ്യനാട്ടെ സ്‌ത്രീകളില്‍ അന്ന്‌ ഏറ്റവും പ്രായംചെന്ന ഞാറയ്‌ക്കല്‍ വലിയമ്മയും പങ്കെടുത്തു. ഇരുപത്തിനാലുവൃത്തം, പതിനാലുവൃത്തം മുതലായ പഴയപാട്ടുകളില്‍ ഓരോ ശ്‌ളോകം രീതിയൊപ്പിച്ചു ചൊല്ലി വലിയമ്മ സമ്മാനം നേടി. ഓമനത്തിങ്കള്‍ക്കിടാവോ എന്ന താരാട്ട്‌ മഹാകവി കെ.സിയുടെ മകള്‍ പാടി. അന്നു നല്ലൊരു ഓമനപ്പെണ്‍കുട്ടിയായിരുന്നു. സമ്മാനവും വാങ്ങിച്ചു. ഇപ്പോള്‍ ആര്‍. നാരായണപ്പണിക്കരുടെ പത്‌നിയാണ്‌. മയ്യനാട്ടുകാരുടെ രസക്ഷുത്ത്‌ വളരെക്കാലത്തേക്ക്‌ ശമിപ്പിച്ച കലാപ്രകടനങ്ങള്‍ ആ യോഗത്തിലുണ്ടായിരുന്നു. വാസന്തിയുടെ മിടുക്ക്‌ അതോടെ സാര്‍വത്രികമായി സമ്മതിക്കപ്പെട്ടു. ഇത്ര ഓര്‍മ്മശക്തിയുള്ള ഒരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അക്കാര്യത്തില്‍ സി.വിയുടെ സല്‍ പുത്രിതന്നെ. മയൂരസന്ദേശം, ശാകുന്തളം തുടങ്ങി വീണപൂവ്‌, നളിനി വരെ ഒരു ലക്ഷം ശ്‌ളോകം കാണാതറിയാം. കുറെയൊക്കെ ഇംഗ്‌ളീഷ്‌ സി.വി വീട്ടിലിരുത്തി പഠിപ്പിച്ചതിനിടയില്‍ വികാര്‍ അഫ്‌ വേക്ക്‌ഫീല്‍ഡിലെ ആദ്യത്തെ രണ്ടദ്ധ്യായവും ഡെസര്‍ട്ടട്‌ വില്ലേജും ഗ്രേയുടെ എലജിയും ഇപ്പോഴും കാണാതെ ചൊല്ലും. പക്ഷേ ഇപ്പോള്‍ ഇതൊക്കെ ചൊല്ലുന്നതില്‍ സങ്കോചവതിയാണ്‌. അച്ചുശ്‌ളോകം ചൊല്ലുന്നതില്‍ സ്റ്റാലിനെയും നെഹ്‌റുവിനെയുംപോലും വെല്ലുവിളിക്കാന്‍ സന്നദ്ധയാണെന്ന്‌ ഒരുദിവസം വാശി പറഞ്ഞു. പക്ഷേ, ഈയിടെ ഈ സാമര്‍ത്ഥ്യത്തെ ഒന്നു മരവിപ്പിച്ചിട്ടിരിക്കയാണ്‌. കാര്യമുണ്ട്‌, ഞങ്ങളുടെ സത്യഗ്രഹം ഭയന്ന്‌, കഷ്‌ടകാലത്തിന്‌, വണ്ടിയിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ദാമോദരന്‍ കൂടിയുണ്ടെങ്കില്‍ അയാള്‍ വാസന്തിയുടെ ഈ മിടുക്കിലൊന്നു കിക്കിളിയിടും. പിന്നെ ഭഗവാനേ, ആ റെക്കാഡൊന്നു മാറ്റിവയ്‌പിക്കാന്‍ പാടു കുറെ പെടണം അത്ര വളരെ ബോര്‍ ചെയ്‌തുകളയും. അതിളക്കിവിട്ട ദാമോദരന്‍ തന്നെ കാലുപിടിച്ചാലും നിര്‍ത്തില്ല. പിന്നെ വാസന്തി ഒരു കവയിത്രിയും കൂടിയാണ്‌. ലോങ്‌ഫെലോയുടെ I shot an arrow into the air എന്ന കവിതയുടെ തര്‍ജ്ജമയും മണ്ണാംകട്ടയും കരീലയും കാശിക്കുപോയ ഖണ്ഡകാവ്യവുമാണ്‌ വാസന്തിയുടെ മാസ്റ്റര്‍ പീസുകള്‍. സി.വി അവയെ പ്രശംസിച്ചിട്ടുണ്ടത്ര. ചില വരികള്‍ കേള്‍ക്കണ്ടെ.

മണ്ണാംകട്ടയുമൊന്നിച്ച്‌
കരീല കൗതുകത്തോടെ
കാശിയില്‍ തീര്‍ത്ഥമാടാനായ്‌
പോയാര്‍, ദേശാടനത്തിനും
അങ്ങനെ പോയിപ്പോയി-
പിന്നെയും വഴിയൊട്ടങ്ങ്‌
ചെന്നപ്പോള്‍ മഴവീഴ്‌കയാല്‍
കരീല മണ്ണാംകട്ടയ്‌ക്ക്‌
കുടയായിച്ചമഞ്ഞിതേ;
പിന്നെയാണ്‌ കൊടുങ്കാറ്റായി കവിത വരുന്നത്‌;
അപ്പോഴതീവഗംഭീരാ-
രവമോടും ഭയങ്കരം
പ്രചണ്ഡമാരുതന്‍ വീശി,
ഘോരം മാരിയൊടൊത്തഹോ!

നിങ്ങളൊക്കെ എന്തുപറഞ്ഞാലും ഈ അനുഷ്‌ടുപ്പില്‍ കവിതാഭഗവതി താണ്ഡവം നടത്തുന്നുണ്ടെന്ന്‌ വാസന്തിക്കു പൂര്‍ണബോദ്ധ്യമാണ്‌. ഇങ്ങനെയെല്ലാം ഉള്ള വാസന്തിയുടെ ഒരു ചരിഞ്ഞ നോട്ടം അക്കാലത്ത്‌ എന്‍റെ മേല്‍ ഒരിക്കലൊന്നു വീണു. എന്‍റെ പൂര്‍വചരിത്രത്തിന്‍റെ വെളിച്ചത്തില്‍ അവളുടെ ബന്ധുക്കളില്‍ ചിലര്‍ക്ക്‌ വളരെ ബോധിച്ചില്ല. ഈ നോട്ടം. പക്ഷേ, ആര്‍ച്ചപ്പെണ്ണിനും മനസുണ്ടായി. സി.വിക്കും മനസുണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ആ കോര്‍ട്ടിങ്‌ കാലത്താണ്‌ പാലക്കാട്ടേക്ക്‌ എനിക്കൊരാഹ്വാനം.

അങ്ങനെ തിരുവിതാംകൂറും കൊച്ചിയും കടന്നു ഞാന്‍ മലബാറിലെത്തി.