JEEVITHASAMARAM

ഇ.വി.യും ഞാനും


കൊല്ലം ബാറില്‍ അന്ന് നല്ല വക്കീലന്മാര്‍ പലരുമുണ്ടായിരുന്നു. ശങ്കരമേനോന്‍, കരുണാകരമേനോന്‍, പറവൂര്‍ നാരായണപിള്ള, എന്‍. കുമാരന്‍ മുതലായവര്‍ അന്നത്തെ പേരെടുത്ത വക്കീലന്മാരായിരുന്നു. പുതുപ്പള്ളി, വൈക്കം, ടി.എം.മുതലായവര്‍ മുന്‍പന്തിയില്‍ എത്തി, എത്തി യില്ല എന്നു പറയാം. ഈഴവരായിട്ട്‌ എന്‍. കുമാരനും, മേനാത്തേരില്‍ കേശവപ്പണിക്കരും മാത്രമേ ജില്ലാക്കോടതിയില്‍ വ്യവഹരിച്ചിരു ന്നുള്ളു. മുന്‍സിഫ്‌ കോടതിയില്‍ വാസന്തിയുടെ ഇളയ അമ്മാവന്‍ ടി.കെ. നാരായണനും ഉണ്ടായിരുന്നു. എന്നോടൊന്നിച്ച്‌ കെ. ശങ്കരന്‍, പി. കുമാരന്‍ എന്നീ ഈഴവരും സന്നതെടുത്തിരുന്നു. പക്ഷേ, ഇവരുടെ ആരുടെ സെറ്റിലും ഞാന്‍ ഉള്‍പ്പെട്ടിരുന്നില്ല.

അന്ന് ഇ.വി. കൊല്ലത്തുണ്ട്‌. കൊല്ലം ബാറിന്‍റെ രസികത്വം മുഴുവന്‍ ഇ.വി.യില്‍ കേന്ദ്രീകരിച്ചിരിക്കയാണ്‌. എം . കെ. വേലുപ്പിള്ള, രാമ വാര്യര്‍ മുതലായവര്‍ ഇ.വി. യുടെ ചുറ്റും നിന്നിരുന്നു. ആ സംഘത്തിന്‌ എന്നെക്കൂടി ആകര്‍ഷിച്ചു ചേര്‍ക്കാന്‍ ഒരു വിഷമവുമുണ്ടായിരുന്നില്ല. ഇ.വി. യുടെ പേര്‌ സാഹിത്യനഭസ്സില്‍ അതിവേഗം പൊന്തിവരുന്ന കാലമാണ്‌. രാഷ്‌ട്രീയ കാര്യങ്ങളിലും കൈവച്ചിട്ടുണ്ട്‌. മലയാളിയുടെ പത്രാധിപത്യം അന്ന് ഏറ്റുകഴിഞ്ഞിരിക്കുന്നു എന്നാണ്‌ എന്‍റെ ഓര്‍മ്മ. ഇങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി നമ്മുടെ നാട്ടില്‍ വേറെ കാണുകയില്ല. ആത്മാര്‍ഥതയില്ലായ്‌മയുടെയും, ഹൃദയശൂന്യതയുടെയും മൂര്‍ത്തീകരണമായി, അവയ്‌ക്കു പര്യായമായി ഇ. വി. യെ കരുതുന്നവരാണ്‌ വളരെപ്പേര്‍. ഇ. വി. യുടെ സ്‌നേഹിതന്മാരായി നടന്നിട്ടുള്ളവര്‍ തന്നെ വലിയ അപവാദങ്ങള്‍ ഇ.വിയെപ്പറ്റി പറഞ്ഞു പരത്തിയിട്ടുണ്ട്‌. ഇ.വി.യെ മനസ്സിലാക്കാനുള്ള കഴിവില്ലായ്‌മയാണ്‌ അതിനിടവരുത്തിയിട്ടുള്ളത്‌ എന്നാണ്‌ എന്‍റെ വിശ്വാസം. മുന്‍ഷി പരമുപിള്ള, സി.ഐ, രാമന്‍നായര്‍, ഇ.എം. കോവൂര്‍ മുതലായവര്‍ എഴുതിയിട്ടുള്ള സ്‌മരണകള്‍ വായിച്ചപ്പോള്‍ എനിക്കു തോന്നിയത്‌ അങ്ങനെയാണ്‌. നേരിന്‍റെ തരിമ്പില്ലാത്ത പൊളി ഇല്ലെന്ന് ഹെര്‍ ബര്‍ട്ട്‌ സ്‌പെന്‍സര്‍ പറഞ്ഞിട്ടുണ്ട്‌. ഈ സ്‌നേഹിതന്മാര്‍ പരത്തിയിട്ടുള്ള പൊളികളിലും നേരിന്‍റെ തരിമ്പ്‌ കണ്ടേക്കാം. ഇ.വി. യെ സൂക്ഷ്‌മത്തില്‍ അറിയുന്നതിനോ പഠിക്കുന്നതിനോ കഴിവില്ലാത്ത ആളുകള്‍ എഴുതിവിട്ട കഥകള്‍ മാത്രമാണ്‌ അവയെന്നേ കരുതേണ്ടതുള്ളു. യഥാര്‍ഥ ഇ.വി. യുടെ ജീവചരിത്രം ഇനിയും എഴുതപ്പെടേണ്ടതുണ്ട്‌. അദ്ദേഹം ഒരു മായാവിയായി എന്നും നിലകൊള്ളും. പക്ഷേ, ഒന്നു പറയാനുണ്ട്‌. ഗാന്ധിജിയും നാരായണഗുരുവുമൊന്നിച്ച്‌ സ്വര്‍ഗത്തു പോകയെക്കാള്‍ ഇ.വിയുമൊന്നിച്ച്‌ നരകത്തില്‍ കഴിയുന്നതിനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. അതെനിക്കു തീര്‍ത്തു പറയാം. ഞങ്ങള്‍ തമ്മില്‍ വല്ലാത്ത ഒരു അടുപ്പമാണ്‌ ഉണ്ടായിരുന്നത്‌. ഹൃദയമെന്ന ഒന്ന് എനിക്കുണ്ട്‌. ഇ.വിക്കു ഹൃദയമില്ലെന്നു പറയുന്നത്‌ കേവലം ഭോഷ്‌ക്കാണ്‌. അദ്ദേഹം ആത്മാര്‍ഥതയില്ലാത്ത, കപടവേഷം കെട്ടാന്‍ സമര്‍ത്ഥനായ ഒരു ബി.എ. മായാവിയായി പലര്‍ക്കും പ്രത്യക്ഷപ്പെട്ടിരുന്നു എന്നൊക്കെ സമ്മതിക്കാം. പക്ഷേ, ഞങ്ങളുടെ ദീര്‍ഘകാലത്തെ സൗഹൃദത്തിനിടയില്‍ ഒരിക്കലെന്നിലും അദ്ദേഹം പിന്നീട്‌ ആത്മാര്‍ഥതയില്ലാതെ പെരുമാറിയതിന്‍റെ ഒരു ഉദാഹരണവും എനിക്കു ചൂണ്ടിക്കാണിക്കുവാനില്ല. ഞങ്ങളുടെ സ്വഭാവങ്ങള്‍ക്കു തമ്മിലണ്ടായിരുന്ന വൈജാത്യം ഞങ്ങള്‍ക്കു മദ്ധ്യേ ഒരു ഉള്‍ക്കടല്‍പോലെ കിടന്നിരു ന്നു. പക്ഷേ, ഞങ്ങളെ പരസ്‌പരം ബന്ധിക്കുന്ന ഒരു സ്വര്‍ണപ്പാലവും വെള്ളി ഓടവും ആ ഉള്‍ക്കടലില്‍ എപ്പോഴും ഉണ്ടായിരുന്നിട്ടു തന്നെയുണ്ട്‌.

ഇ.വി. അന്നു നല്ലപോലെ മദ്യപിക്കാറുണ്ടായിരുന്നു. ഹൃദയത്തിന്‍റെ അടിത്തട്ടില്‍, ഉപബോധമനസ്സില്‍ രൂപം കൊള്ളാതെ അവ്യക്തമായി ഉറങ്ങിക്കിടന്ന ആശയങ്ങള്‍ വിശദമായി പൂര്‍ണരൂപത്തില്‍ സകല മോഹനതകളും കൈക്കൊണ്ടു പ്രത്യക്ഷപ്പെടുന്നത്‌ ഇ.വി.യെ സം ന്ധിച്ചിടത്തോളം അത്തരം സന്ദര്‍ഭങ്ങളിലായിരുന്നു. കവിതയും കഥകളും തൂലികാചിത്രങ്ങളും അനര്‍ഗളമായി ധാരായന്ത്രത്തില്‍ നിന്നു വെള്ളം എന്നപോലെ ആ മസ്‌തിഷ്‌ക വെള്ളിത്തളികയില്‍ നിന്ന് ആ അവസരങ്ങളില്‍ പ്രവഹിക്കാറുണ്ട്‌. ബാക്കസ്‌ എന്ന ഗ്രീക്കു ദേവതയോ വാരുണി എന്ന ഹൈന്ദവവദേവതയോ ഇ.വിയെ ദ്രോഹിച്ചു എങ്കില്‍ ആ ദ്രാഹം അവഗണിക്കത്തക്ക അനുഗ്രഹങ്ങള്‍ ഇ.വിയില്‍ അവര്‍ ചൊരിയുകയും ചെയ്‌തിരുന്നു എന്ന് എനിക്കുറപ്പുണ്ട്‌. ഇ.വി. പാല്‍ക്കടല്‍ കടഞ്ഞുകിട്ടിയ വാരുണകുംഭം ആയിരുന്നു എന്നു ഞാന്‍ ഇ.വിയെ നേരിട്ടുതന്നെ കളിയാക്കാറുണ്ടായിരുന്നു. എന്‍റെ രൂപാലങ്കാരത്തില്‍ ഇ.വി. രസിച്ചുമദിച്ച്‌ എന്നെ അഭിനന്ദിച്ചിട്ടുമുണ്ട്‌. അതൊക്കെ ഇ.വിയുമായുള്ള എന്‍റെ പരിചയത്തിന്‍റെ ആദ്യകാലമാണ്‌. രാത്രിഞ്ചരത്വത്തിനുശേഷം ഇ.വി. എന്‍റെ താമസസ്ഥലത്തുവന്ന് വീട്ടില്‍ ഹാജരു വയ്‌ക്കുവാന്‍ എന്നെക്കൂടി കൊണ്ടുപോകുന്ന വിദ്യ ഉണ്ടായിരുന്നു. ആ മഹേശ്വരിയമ്മയെപോലെ ഇത്ര ഭാഗ്യവതിയും ഇത്ര നിര്‍ഭാഗ്യവതിയും ആയ ഒരു സ്‌ത്രീയെ ഞാന്‍ കണ്ടിട്ടില്ല. എന്‍റെ സാന്നിദ്ധ്യവും മാപ്പുസാക്ഷിത്വവും പലപ്പോഴും അവരെ അനുരഞ്‌ജിപ്പിച്ചിട്ടുണ്ട്‌.

ഇ.വിയുമായുള്ള എന്‍റെ ഈ വേഴ്‌ച ചില അപവാദശരങ്ങള്‍ എന്‍റെ മേലും തൂകുന്നതിന്‌ ഇടവരുത്തിയിട്ടുണ്ട്‌. ഞാന്‍ ഇ.വിയുടെ മദ്യമുഷ്‌ടി യില്‍ അമര്‍ന്ന് മദ്യലോലുപനായി രൂപാന്തരപ്പെട്ടുപോയി എന്നുള്ളതാണ്‌ അവയില്‍ ഒന്ന്. ദീര്‍ഘകാലം ഇങ്ങനെയൊരപവാദം എന്‍റെ മേല്‍ ഒരു കൂര്‍ത്ത ശരംപോലെ തറച്ചുനിന്നിരുന്നു. പക്ഷേ, അതില്‍ സത്യം ഇല്ലാതിരുന്നതിനാല്‍ ഞാന്‍ അതു വകവച്ചതേയില്ല. സത്യം ഇല്ലാതിരുന്നു എന്നു പറയുന്നതും ശരിയല്ല. ഒരുദിവസം കെ.സി. ഗോവിന്ദപ്പിള്ളയും ഇ.വിയും മലയാളി മാധവനുണ്ണിത്താനും കൂടി നീണ്ടകര ഒരു അരയഭവനത്തില്‍ ഒരു പാര്‍ട്ടിക്ക്‌ എന്നെയുംകൂടി ക്ഷണിച്ചുകൊ ണ്ടുപോയി. അന്ന് ഒരു ഇത്തിരി ഞാനും കുടിച്ചു. ആയിരത്തി ഒരുനൂറ്റി ഒന്നിലും രണ്ടിലും ഇ.വിയുടെ സെറ്റില്‍ അപൂര്‍വം ചില അവസരങ്ങളില്‍ ഞാന്‍ കുടിച്ചിരിക്കും. ഒരു ദിവസം കുടിച്ചത്‌ അല്‌പമൊന്നു കടന്നുപോയി. അടുത്ത ദിവസം അതിന്‍റെ പ്രത്യാഘാതം എനിക്കു കേവലം ദുസ്സഹമായിരുന്നു. എന്നെക്കൊണ്ട്‌ അതികഠിനമായ ഒരു ആത്‌മ ശോധന അതു നടത്തിച്ചു. അന്നു വൈകുന്നേരം ഞാന്‍ ഇ.വിയെപ്പിടിച്ചിരുത്തി പറഞ്ഞു. എനിക്കു കൂട്ടുകൂടാന്‍ നിവൃത്തിയില്ലാത്ത ഒന്നാണ്‌ ഈ കുടി എന്നും മേലാല്‍ ഇ.വി. എന്നെ ഇതിലേക്കു നിര്‍ബന്ധിക്കരുതെന്നും. ഇ.വി. പിന്നെ എന്നെ നിര്‍ബന്ധിച്ചിട്ടില്ല. എന്‍റെ സാന്നി ധ്യത്തില്‍ കുടിച്ചിട്ടുമില്ല. നിവര്‍ത്തനകാലത്ത്‌ ചില ആഷാഢഭൂതികള്‍ ഞാന്‍ അന്നും മദ്യത്തിന്‍റെ ലഹരിയില്‍ മദിച്ചിരുന്നു എന്ന് എന്നെ അപവദിച്ചിരുന്നു. ഇ.വിയുമായി നടന്ന ആ സംഭാഷണത്തിനുശേഷം ഞാന്‍ മദ്യം തൊട്ടിട്ടില്ല.

അന്ന് കൊല്ലത്തുനിന്നും 'വീരകേരളന്' പുറപ്പെടുന്നുണ്ടായിരുന്നു. ഒരുദിവസം 'മൊന്തമോഷ്‌ടാവ്‌' എന്ന ഒരു ലേഖനം 'വീരകേരളനി'ല്‍ വന്നു. ആരോ ഒരാള്‍ വീട്ടില്‍ കൊടുത്തയക്കാന്‍ ഇ.വിയെ ഏല്‌പിച്ച ഒരു മൊന്തയും കുറെ പലഹാരങ്ങളും ഇ.വി എന്നോ ഒരിക്കല്‍ മോഷ്‌ടിച്ചതിനെ ഉപജീവിച്ചുള്ളതായിരുന്നു ആ ലേഖനം. അതുവായിച്ചിട്ട്‌ എനിക്കു വലിയ വിഷമം തോന്നി. അന്ന് ബാറില്‍വച്ച്‌ ഇ.വിയുടെ മുഖത്ത്‌ എങ്ങനെയാണ്‌ നോക്കുന്നതെന്നുപോലും എനിക്കു സങ്കോചമുണ്ടായിരുന്നു. പലര്‍ക്കും അന്ന് ആ സങ്കോചമുണ്ടായിരുന്നു. ഇ.വിയുടെ ചിരിയും ഫലിതം പൊട്ടിപ്പും അട്ടഹാസവുംകൊണ്ട്‌ മിക്കവാറും മുഖരിതമായിരിക്കും ബാര്‍റൂം. എന്നാല്‍ എന്തുപറയട്ടെ. ഞങ്ങളില്‍ ചിലര്‍ ബാര്‍റൂമില്‍ കടന്നുചെല്ലുമ്പോള്‍ ഇ.വിയുണ്ട്‌. പഴയ ചിരിയും അട്ടഹാസവുമായിത്തന്നെ അവിടെ കഴിയുന്നു. ഇ.വിയുടെ കൈയില്‍ 'വീരകേരളന്‍' ഉണ്ട്‌. ഇ.വി. തന്നെ അത്‌ ഉച്ചത്തില്‍ തന്മയത്വത്തോ ടുകൂടി എല്ലാവരെയും വായിച്ചുകേള്‍പ്പിക്കുകയാണ്‌. കഥാകൃത്തിന്‌ തെറ്റിപ്പോയ ഭാഗത്ത്‌ വിശദീകരിക്കുന്നുമുണ്ട്‌. ഞങ്ങള്‍ അദ്ഭുതപരതന്ത്രരായി നിന്നുപോയി. ഞങ്ങളുടെ പരിഹാസബുദ്ധിയുടെ തണ്ട്‌ നിശ്ശേഷം ഇ.വി അങ്ങനെ ഒടിച്ചു കളഞ്ഞു. ഇ.വി മറ്റുള്ളവരെ പരിഹസിക്കുന്നതിലും താന്‍ പരിഹസിക്കപ്പെടുന്നതിലും ഒന്നുപോലെ രസിച്ചിരുന്നു. താന്‍ നല്‍കാത്ത അഭയം മറ്റുള്ളവര്‍ തനിക്കു നല്‍കണമെന്ന് ഇ.വി. ഒരിക്കലും ആഗ്രഹിച്ചില്ല. ചില്ലറ മോഷണങ്ങള്‍ക്ക്‌ ഗ്ലാഡ്‌സ്‌റ്റനെപോലെ തന്‍റെ കരാംഗുലികള്‍ക്ക്‌ ഒരു കുരുകുരുപ്പുണ്ടാകുമായിരുന്നു എന്ന് ഇ.വി തന്നെ പറഞ്ഞിരുന്നു. നല്ല സാധനങ്ങള്‍ കണ്ടാല്‍ എങ്ങനെ എടുക്കാതിരിക്കും, എങ്ങനെ തനതാക്കാതിരിക്കും എന്ന കേവലയുക്തിയാണ്‌ ഇ.വിക്കുണ്ടായിരുന്നതെന്നു തോന്നും.

വേറൊരു ദിവസം മില്ലര്‍ എം.കെ.വേലുപ്പിള്ളയാണെന്നു തോന്നുന്നു, നല്ല തുണിയില്‍ ഒരു പുതിയ കോട്ട്‌ ഇട്ടുകൊണ്ടുവന്നു. കോട്ടിന്‍റെ തയ്യല്‍ മോശമായിരുന്നു. ഈ നല്ല തുണി എന്തിന്‌ ഇങ്ങനെ വഷളാക്കിക്കളഞ്ഞു എന്ന് ഇ.വിയോ ആരോ ചോദിച്ചു."അല്ല, അവന്‍ എന്‍റെ അയല്‍ക്കാരനാണ്‌, വളരെ നല്ല ശീലമാണ്‌. അതുകൊണ്ട്‌ തയ്യല്‍ അവനു കൊടുത്തതാണ്"‌ എന്നു കോട്ടിന്‍റെ ഉടമസ്ഥന്‍ പറഞ്ഞു. പെട്ടെന്ന് ഇ.വി. ഒരു വലിയ പൊട്ടിച്ചിരിയോടെ ചാടി എണീറ്റ്‌‌ ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞു: "അങ്ങനെയാണെന്നില്‍ ഇതാ ഇരിക്കുന്നു മി. കരുണാകരമേനോന്‍. അദ്ദേഹത്തേക്കാള്‍ നല്ല ഒരു മനുഷ്യന്‍ ഇല്ല. തയ്യല്‍ അദ്ദേഹത്തെ ഏല്‌പിക്കാത്തതെന്ത്‌?" ബാര്‍ റൂം മുഴുവന്‍ പൊട്ടിച്ചിരികളുടെ പ്രതിദ്ധ്വനികൊണ്ടു കിടന്നു മുഴങ്ങി. കരുണാകരമേനോന്‍ കൊല്ലംബാറിലെ ഏറ്റവും പ്രമുഖന്മാരായ അഭിഭാഷകന്മാരില്‍ ഒരാളാ യിരുന്നു. സ്വഭാവവൈശിഷ്‌ട്യത്തില്‍ അദ്ദേഹത്തെ അതിശയിക്കാന്‍ കൊല്ലംബാറില്‍ അന്ന് ആരും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ അതിനുശേഷം ഞങ്ങളില്‍ പലരും ഗൂഢമായി തയ്യല്‍ക്കാരന്‍ വക്കീല്‍ എന്നു പരിഹസിച്ചുമിരുന്നു. നല്ലവര്‍ ആരുടെയെന്നിലും കഥ ആരെന്നിലും പറഞ്ഞാല്‍, 'എങ്കില്‍ അയാള്‍ കരുണാകരമേനോനെപ്പോലെ തയ്‌ക്കാന്‍ പോകട്ടെ' എന്ന് ഞങ്ങളുടെയിടയില്‍ ഒരു ഉപമാവാചകം ഉണ്ടായി. ഇപ്പോഴും ഈ ശൈലി പ്രയോഗിക്കുന്ന ചിലരെ എനിക്കറിയാം.

ഇ.വി. കഥകള്‍ ഇങ്ങനെ പലതും പറയാനുണ്ട്‌. മേനാത്തേരി കേശവപ്പണിക്കര്‍ അന്നു കൊല്ലത്തു വക്കീലാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. പണിക്കര്‍ നല്ല ആഢ്യന്‍ ഈഴവനാണ്‌. ആഢ്യത്വം വച്ചുപുലര്‍ത്തുന്നതില്‍ ജാഗരൂകനുമായിരുന്നു. മറ്റുള്ളവരെപ്പറ്റി ശൂന്യത്തില്‍ നിന്ന് ഏതുജാതി കഥകള്‍ സൃഷ്‌ടിക്കാനും ഇ.വിയുടെ പ്രതിഭാവിലാസത്തിനു വിഷമവുമില്ല. പണിക്കരുടെ ഈ തണ്ടാന്‍ പണിക്കനെന്നുള്ള "തണ്ടിനെ' പരിഹസിക്കാന്‍ ഇ.വി ഒരു കഥയുണ്ടാക്കി. വടക്കൊരു നായരുണ്ടായിരുന്നുവത്ര, വലിയ കുതിരസവാരിക്കാരനായി. അദ്ദേഹം ഒരിക്കല്‍ ലക്ഷണമൊത്ത ഒരു കുതിരയെ ആരോടോ വാങ്ങി. ബലിഷ്‌ഠനും കോപിഷ്‌ഠനും ആയ ആ കുതിര നല്ല തലയെടുപ്പില്‍, ട്രാട്ടിലും ഗാലപ്പിലും അങ്ങനെ പോകുന്നതു കണ്ടാല്‍, എന്തൊരു ചന്തമെടാ എന്ന് ആരും പകച്ചുപോകും. ഒരു കറുത്ത തടിയന്‍ കുതിര. പക്ഷേ, ഒരു കുഴപ്പം ഉണ്ട്‌. ഈ ചുണക്കുതിര റോഡില്‍ക്കൂടി ഓടുകയില്ല. റോഡില്‍ കയറിയാല്‍ ഉടന്‍ ഗട്ടറില്‍ (ഓടയില്‍) ഇറങ്ങി ഓട്ടം തുടങ്ങും. ആ നായര്‍ പഠിച്ചപണി പലതും നോക്കി. പ്രയോജനമില്ല. കു തിര അതിന്‍റെ മിടുക്കുകളെല്ലാം കാട്ടുന്നത്‌ ഓടയിലാണ്‌. ഇതിനെന്തു ഹേതുവെന്ന് ആ നായര്‍ അന്വേഷണമായി. അപ്പോഴല്ലേ അറിയുന്നത്‌ ഇതു മേനാത്തേരിയുടെ കൈയില്‍ നിന്ന കുതിരയാണെന്ന്. പണിക്കര്‍ സന്നതെടുക്കുംമുമ്പ്‌ പ്രയാര്‍ ഇംഗ്ലീഷ്‌ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ആയിരുന്നു. അന്നു വളരെ ദുര്‍ലഭമാണ്‌ ബി. എക്കാര്‍ ഈഴവരുടെയിടയില്‍. പോരെങ്കില്‍ പണിക്കര്‍ പ്രഭുവുമാണ്‌. ആ സ്ഥിതിക്ക്‌, ഹെഡ്‌മാസ്റ്റര്‍ പദവിയുടെ പകിട്ടുകൂട്ടാന്‍ പണിക്കര്‍ കുതിരപ്പുറത്തു സവാരി നീങ്ങിത്തുടങ്ങി. പക്ഷേ, ഈ പ്രതാപമൊന്നും സ്വന്തം നാട്ടിലെ നായര്‍തമ്പുരാക്കന്മാര്‍ സമ്മതിച്ചുകൊടുത്തില്ല. പണിക്കര്‍ക്കു കല്‌പിച്ച തീണ്ട്‌, പണിക്കരുടെ കുതിരയെയും ബാധിച്ചുവത്ര. അങ്ങനെയാണ്‌ അത്‌ ആ വഷളത്വം ശീലിച്ചുപോയത്‌. ഗതിമുട്ടിയ ആ നായര്‍ ഒടുവില്‍ അതിനെ കുറഞ്ഞ വിലയ്‌ക്ക്‌ ഒരു ഈഴവനു വിറ്റുകളഞ്ഞു. ആ കുറ ഞ്ഞവിലയ്‌ക്കു പരമാവധി ആദായം ഈ ഈഴവനു കിട്ടിപോല്‍. പൊടിപ്പും തൊങ്ങലുംവച്ച്‌ ആ കഥ ഇ.വി പറയുന്നതു കേള്‍ക്കേണ്ടതുതന്നെയാണ്‌.

ഇ.വിയെ ജാതിചിന്ത ഒരിക്കലും തീണ്ടിയിരുന്നില്ല. അതെനിക്കു ശപഥം ചെയ്യാം. അദ്ദേഹത്തിന്‍റെ ആത്‌മസുഹൃത്തുക്കളില്‍ ഒരാള്‍ പരേതനായ എ. എസ്‌. പി പല്‍പ്പുവായിരുന്നു. സി.വിയും സി.വി.കുടുംബവുമായുള്ള സ്‌നേഹമാണ്‌ ഈഴവസമുദായത്തോടുള്ള സ്‌നേഹമായി കലാശിച്ചതെന്ന് ഇ.വി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇ.വി വലിയ സ്വാമിഭക്തനായിരുന്നു. ഒരു കളങ്കവുമില്ലാത്ത സ്വാമിഭക്തി തന്നെയായിരുന്നു അതെന്ന് എനിക്കു തീര്‍ത്തുപറയാന്‍ കഴിയും. ദാമോദരനെഴുതിയ നാരായണഗുരുവിന്‍റെ ജീവചരിത്രത്തില്‍ ഇ.വി എഴുതിയിട്ടുള്ള അവതാരികയും നാരായണഗുരുവിന്‍റെ മഹാസമാധി സംബന്ധിച്ച്‌ മലയാളിയില്‍ എഴുതിയ മുഖപ്രസംഗവും തന്നെ അതിനു സാക്ഷ്യമാണ്‌.

സ്വാമി ആയിരത്തിയൊരുന്നൂറ്റി മൂന്നില്‍ കൊല്ലത്തു പട്ടത്താനത്ത്‌, ഇപ്പോള്‍ ശ്രീനാരായണഹോസ്റ്റല്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തില്‍, സുഖമില്ലാതെ കിടപ്പിലായിരുന്നു. സമാധിക്കു മുമ്പുള്ള സുഖക്കേടായിരുന്നു അത്‌. മൂത്രകൃച്‌ഛറം ആയിരുന്നു പ്രധാനരോഗം. കൂടെക്കൂടെ കത്തീറ്റര്‍വച്ച്‌ മൂത്രം എടുത്തുകൊണ്ടിരുന്നു. ഒരു വലിയ വിഷമസന്ധിയായിരുന്നു അത്‌. ദീനവിവരം അറിഞ്ഞ്‌ കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ വന്നുംപോയുമിരു ന്നു. ഞാനും ഇ.വിയും സ്വാമിയുടെ നിത്യദര്‍ശനം അന്നു നടത്തിയവരാണ്‌. സ്ഥിരമായി ഒരു ഡോക്‌ടറെ സ്വാമിയുടെ ശുശ്രൂഷയ്‌ക്ക്‌ നിയമിക്കണമെന്നും അത്‌ ഡോക്‌ടര്‍ കൃഷ്‌ണന്‍ തമ്പിയായിരുന്നാല്‍ നന്നായിരിക്കുമെന്നും നിര്‍ദ്ദേശിച്ചത്‌ ഇ.വിയായിരുന്നു. എല്ലാവരും ആ നിര്‍ദ്ദേശം സ്വാഗതം ചെയ്‌തു. തമ്പിയെ പറഞ്ഞു മാനസാന്തരപ്പെടുത്തുന്നതിനും കൂട്ടിക്കൊണ്ടുവരുന്നതിനും ഞാനും ഇ.വിയും കൂടിയാണ്‌ തിരുവനന്തപുരത്തേക്കു പോയത്‌.

ആ പോക്ക്‌ എന്‍റെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു സംഭവമാണ്‌. ടി.കെ.മാധവന്‍റെ എയിറ്റുസീറ്റര്‍ കാറിലാണു ഞങ്ങള്‍ പോയത്‌. തമ്പി അന്നു കോട്ടയ്‌ക്കുവെളിയില്‍ ഒരു അമ്മവീട്ടില്‍ താമസമാണ്‌. നേരം നന്നേ ഇരുട്ടിയിട്ടുണ്ട്‌. ഞങ്ങള്‍ ചെല്ലുമ്പോള്‍, പക്ഷേ അദ്ദേഹം വീട്ടിലില്ല. സംസ്‌കൃതകോളേജ്‌ പ്രിന്‍സിപ്പല്‍ ശ്രീ.വി.കൃഷ്‌ണന്‍ തമ്പിയുടെ കടപ്പുറത്തുള്ള ബംഗ്ലാവില്‍ ചെന്ന് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടുപിടിച്ചു. കാര്യം പറഞ്ഞപ്പോള്‍ ഒഴിഞ്ഞുകളയാനാണ്‌ അദ്ദേഹം ആദ്യം നിശ്ചയിച്ചത്‌. വികാരവിവശനായി ഇ.വി. ഒരു ചെറുപ്രഭാഷണം തന്നെ നടത്തി. അപ്പോള്‍ പ്രിന്‍സിപ്പല്‍ തമ്പി പറയുകയാണ്‌. "തമ്പീ നിനക്ക്‌ ഒരു വിശ്വവന്ദ്യനെ സേവിക്കാന്‍ അവസരം കിട്ടുന്നു. നീ അതു പാഴാക്കരുത്‌." ഈ വാദഗതിയെ എതിര്‍ക്കാന്‍ തമ്പിക്കു സാദ്ധ്യമായില്ല. പില്‍ക്കാലത്ത്‌ എസ്‌.എന്‍.ഡി.പി ധര്‍മ്മസംഘം കേസ്സുണ്ടായപ്പോള്‍ ഈ വിശ്വവന്ദ്യനെ സേവിച്ചതിന്‍റെ പ്രതിഫലം കണക്കുപറഞ്ഞു വാങ്ങിക്കാന്‍ തമ്പി മടിച്ചില്ല.

ഇ.വി ക്ക്‌ എം.ഗോവിന്ദനെയും കെ.സി കരുണാകരനെയും കുറിച്ച്‌ എന്തുകൊണ്ടോ വലിയ മതിപ്പ്‌ ഒരിക്കലും ഉണ്ടായിരുന്നില്ല. എം. ഗോവിന്ദന്‍റെ ഒരു ലഘുചിത്രം തന്നെ കടുംചായത്തില്‍ ഇ.വി എഴുതിയിട്ടുണ്ട്‌. അത്‌ എഴുതുന്ന സന്ദര്‍ഭം എനിക്കു നല്ലപോലെ ഓര്‍മ്മയുണ്ട്‌. എം. ഗോവിന്ദനും കരുണാകരനും നിയമസഭയിലെ ഈഴവമെമ്പര്‍മാരാണ്‌. രണ്ടുപേരും സര്‍ക്കാര്‍ മച്ചമ്പികളുമാണ്‌. അത്‌ എനിക്കും ഇ.വിക്കും രസമുള്ള കാര്യമായിരുന്നില്ല. ഇ.വിയുടെ ആ തൂലികാചിത്രത്തില്‍ നിന്നാണ്‌ എം. ഗോവിന്ദന്‍ ഒരുകാലത്ത്‌ ഉടയാംകുഴി കൊച്ചപ്പിയായിരുന്നു എന്നു ഞാനറിയുന്നത്‌. അദ്ദേഹത്തിന്‍റെ ഒരാകാരവര്‍ണന ഇ.വി. നടത്തിയിട്ടുണ്ട്‌. അപാകത്തില്‍ ഇറക്കിവച്ച ഉക്കാലിയപ്പംപോലെയുള്ള തല എന്ന വര്‍ണന അതു വായിച്ചിട്ടുള്ളവരാരും എളുപ്പത്തില്‍ മറക്കുകയില്ല. ഇനി രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞു വിക്‌ടോറിയ ടൗണ്‍ഹാള്‍ എം.ഗോവിന്ദനെയും കെ.സി. കരുണാകരനെ യും മെയിന്‍ റോഡിലേക്ക് ഛര്‍ദ്ദിച്ചിട്ടശേഷം അവര്‍ തമ്മില്‍ ഞാനോ നീയോ സമുദായത്തിനു കൂടുതല്‍ ദ്രോഹം ചെയ്‌തതെന്നതിനെപ്പറ്റി ഒരു വലിയ മത്സരം നടക്കുമെന്ന് ഇ.വി. അതില്‍ പ്രവചിക്കുകയും ചെയ്‌തിരുന്നു.

ഇ.വിയും ഞാനും കൂടുതല്‍ അടുക്കുന്നതിന്‌ ഇടവരുത്തിയ ഒരു സംഭവം ഉണ്ടായി. വലിയ സമുദായസ്‌നേഹിയായ ഒരു ഈഴവയുവാവ്‌ അന്നു പെരിനാട്ടുണ്ടായിരുന്നു- സി.കുഞ്ഞുപിള്ള. വലിയ സി.വി.ഭക്തനായിരുന്നു അയാള്‍. കേരളകൗമുദി കമ്പനിയുടെ ഒരു ഡയറക്‌ടറും ആയിരുന്നു. നല്ല നിലയില്‍ വരാന്‍ കൊതിച്ച ഒരു ഉത്സാഹശാലി. സി.വിയെപ്പറ്റി വലിയ ബഹുമാനവും വിശ്വാസവും ആയിരുന്നു. കുറേക്കാലം കേരളകൗമുദിയുടെ മാനേജരും മില്ലര്‍ കുഞ്ഞുപിള്ളയായിരുന്നു. നൂറ്റിയൊന്നിലാണെന്നു തോന്നുന്നു സ്വന്തമായി "സേവിനി' എന്ന പേരില്‍ ഒരു മാസിക ദാമോദരന്‍റെ പത്രാധിപത്യത്തിലും സി.കുഞ്ഞുപിള്ളയുടെ ഉടമസ്ഥതയിലും പെരിനാട്ടുനിന്നും പ്ര സിദ്ധപ്പെടുത്തിത്തുടങ്ങി. ഒന്നോ രണ്ടോ ലക്കം കഴിഞ്ഞശേഷം ഇ.വി .യും ദാമോദരനുമായി അതിന്‍റെ പത്രാധിപന്മാര്‍. അന്നത്തെ ഏത്ഥ വും നല്ല സാഹിത്യമാസികകളിലൊന്നായി അത്‌ ഉയര്‍ന്നു. മഹാറാണി റീജന്റ്‌ അതിന്‍റെ രക്ഷാധികാരം കൈയേറ്റു. അതിനിടയില്‍ ദാമോദരന്‍ സര്‍ക്കാരുദ്യോഗം സ്വീകരിച്ച്‌ തിരുവനന്തപുരത്തേക്ക്‌ പോയി. ഞാനും ഇ.വിയുമായി അതിന്‍റെ പത്രാധിപന്മാര്‍. ഇ.വിയുടെ ഉജ്ജ്വലങ്ങളായ ചില ചെറുകഥകള്‍ അതില്‍ പ്രത്യക്ഷപ്പെട്ടു. സി.വി. രാമന്‍പിള്ളയുടെ അപൂര്‍ണകൃതിയായ 'ദിഷദംഷ്‌ട്രം' അതില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. എനിക്കും ദാമോദരനും ഇ.വിക്കും ആ മാസികയുമായിട്ടുള്ള ബന്ധം മുന്‍നിര്‍ത്തി സി.വിയും (രാമന്‍പിള്ളയല്ല) ഒന്നാംതരം ചില ലേഖനങ്ങള്‍ എഴുതിത്തന്നു. അരനൂറ്റാണ്ട്‌ എന്ന പേരില്‍ ഞങ്ങളുടെ നിര്‍ബന്ധപ്രകാരമാണ്‌ സി.വി. സ്വന്തം സ്‌മരണകള്‍ എഴുതാന്‍ തുടങ്ങിയത്‌. അതിമനോഹരമായ ആ സ്‌മരണകള്‍ ആ മാസികയോടൊപ്പം നിലച്ചുപോയി. കുമാരനാശാനെക്കുറിച്ചുള്ള സി.വിയുടെ സ്‌മരണകളും സേവിനിയിലാണ്‌ വന്നുകൊണ്ടിരുന്നത്‌. ഒരു കൊല്ലമോ മറ്റോ ആ മാസിക നടന്നു. ഒരു വിശേഷാല്‍ പ്രതി അന്നും ഇന്നും ഒരു വിശേഷാല്‍ പ്രതിയായിത്തന്നെ ശോഭിക്കുന്നുണ്ടെന്നാണ്‌ എന്‍റെ വിശ്വാസം.

ഇങ്ങനെ നീണ്ടുനീണ്ടുപോയി ഞങ്ങളുടെ ഈ സൗഹൃദം. നിവര്‍ത്തനകാലം വന്നതോടുകൂടി രാഷ്‌ട്രീയമായ അല്‌പം ചില സ്വരച്ചേര്‍ച്ചയില്ലായ്‌മകള്‍ ഞങ്ങള്‍ തമ്മില്‍ ഉണ്ടായി. ഞാന്‍ നായര്‍ സംഹാരമന്ത്രം ജപിച്ചു നടക്കുകയാണെന്ന അപവാദം മലയാളരാജ്യം മുഖേന ഇ.വി പരത്തിനോക്കി. അതൊഴികെ ഇ.വിയുടെ ജീവാവസാനം വരെ ഞങ്ങള്‍ തമ്മില്‍ ഉത്തമസ്‌നേഹിതന്മാരായിത്തന്നെ കഴിഞ്ഞു. സുമതിയമ്മയുമായുള്ള പ്രണയപാരവശ്യത്തില്‍ കഴിയുന്നതിനിടയില്‍ ഒരു ദിവസം ഉണ്ടായ ഒരു സംഭവംകൂടി പറയാം. രാത്രിയില്‍ എ.എസ്‌.പി. മിസ്റ്റര്‍ പല്‍പ്പുവിന്‍റെ വീട്ടില്‍ കിടന്നുറങ്ങിയിട്ട്‌ ഞാനും ഇ.വിയും ദാമോദരനും രാവിലെ പേട്ടയിലേക്ക്‌ പോരുകയായിരുന്നു. ഇ.വി. അന്ന് ഞങ്ങള്‍ക്കടുത്ത്‌ കൈതമുക്കിലായിരുന്നു താമസം. പാളയത്ത്‌ ഒരു ടീഷോപ്പില്‍ ഞങ്ങള്‍ കയറി. കട്‌ലറ്റും സ്റ്റൂവും ബ്രഡും ഒക്കെ ഞങ്ങള്‍ ആര്‍ഡര്‍ ചെയ്‌തു. ഇ.വി എപ്പോഴും ബുഭുക്ഷാകുലനാണ്‌. ധൃതിയില്‍ കട്‌ലറ്റുകള്‍ പെറുക്കിത്തിന്നുകൊണ്ടിരുന്ന ഇ.വി. പെട്ടെന്നു തീറ്റി നിറുത്തി കുലുങ്ങിച്ചിരിച്ചു. എന്നിട്ടും പറയുകയാണ്‌. "എന്തു രസികന്‍ കട്‌ലറ്റുകള്‍. പുട്ടു തിന്നു ശീലിച്ച ഞാന്‍ വല്ലപ്പോഴും മാത്രം കിട്ടുന്ന ഈ കട്‌ലറ്റ് തിന്നാല്‍ പാടില്ല എന്നു പറയുന്നത്‌ എന്തൊരക്രമമാണ്‌. പുട്ടു പറയുകയാണ്‌: പണ്ടു മുതല്‍ നിങ്ങളുടെ ഉപഭോഗത്തിനു ഞാനാണുള്ളത്‌. ഈ കട്‌ലറ്റ് ഇപ്പോഴല്ലേ നിങ്ങള്‍ കണ്ടുതുടങ്ങിയത്‌. ഈ കട്‌ലറ്റ്‌ ഉപേക്ഷിച്ചില്ലെന്നില്‍ ഞാന്‍ പോയി തൂങ്ങിച്ചത്തുകളയും. പുട്ട്‌ തൂങ്ങിച്ചാകാന്‍ പോയാല്‍ പോയി ചത്തുകൊള്ളൂ എന്നല്ലാതെ നാം എന്തു പറയാനാണ്‌?" ഞങ്ങള്‍ക്ക്‌ പൊട്ടിച്ചിരിക്കാന്‍ നിവൃത്തിയില്ലായിരുന്നു. മഹേശ്വരിയമ്മയെയും സുമതിയമ്മയെയും മനസ്സില്‍ വച്ചുകൊണ്ടുള്ള അന്യാപദേശം ആയിരുന്നു ഇത്‌. ഭാര്യയെ പുട്ടിനോടും ഉപഭാര്യയെ കട്‌ലറ്റിനോടും ഉപമിച്ചുകൊണ്ടുള്ള ഒരു കഥാപ്രസംഗം.

സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സുകാലമായപ്പോള്‍ ഞങ്ങളുടെ സ്വരച്ചേര്‍ച്ചയില്ലായ്‌മയെല്ലാം വര്‍ഷിച്ചൊഴിഞ്ഞിരുന്നു. കാണ്‍ഗ്രസ്സിനുവേണ്ടി ആ തൂലിക നിശിതമായി ചലിച്ചുതുടങ്ങി. അതോടടുപ്പിച്ചാണ്‌ ഇവി യുടെ അകാലചരമം. ഒരു ചെറിയ ശസ്‌തക്രിയ ഉണ്ടാക്കിയ രക്തവിഷമാണ്‌ ഈ അദ്ഭുതപുരുഷന്‍റെ ചരമത്തിന്‌ ഇടവരുത്തിയത്‌. തിരുവനന്തപുരം ജനറലാശുപത്രി വേണ്ട ശുശ്രൂഷകള്‍ വേണ്ടപോലെ അന്ത്യദിന ങ്ങളില്‍ അദ്ദേഹത്തിനു ചെയ്‌തുകൊടുത്തോ എന്ന കാര്യം എന്നും സന്ദേഹാസ്‌പദമായി ഇരിക്കുകയേയുള്ളു. രക്തം കുത്തിവയ്‌ക്കണമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞപ്പോള്‍ എന്‍റെ രക്തം കൊടുക്കാമെന്നു ഞാന്‍ സമ്മതിച്ചു. എന്‍റെ രക്തം പരിശോധിച്ചു നോക്കുകയും ചെയ്‌തു. പക്ഷേ, കുത്തിവയ്‌പ്പൊന്നും നടന്നില്ല. അജ്‌ഞാതമായി, അമേയമായി, ഈ ലോകഗോളം അങ്ങനെ ആര്‍ക്കുവേണ്ടിയോ എങ്ങോട്ടോ കറങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കുന്നു. അവസാനനിമിഷങ്ങളില്‍ ഞാന്‍ അടുത്തുണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടുകൂടിയല്ലാതെ അപ്പോഴത്തെ ഇ.വിയുടെ പരവശത നോക്കിനില്‍ക്കാന്‍ എനിക്കു കഴിഞ്ഞില്ല. നായന്മാര്‍ പൊതുവില്‍ അദ്ദേഹത്തെ അവഗണിച്ച ഒരു പ്രതീതിയാണ്‌ എനിക്കുണ്ടായത്‌. ആശുപത്രിയില്‍ നിന്ന് ശവമഞ്ചം ചുമ ന്നുകൊണ്ടു പോയവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. ചാലുക്കോണം കുട്ടന്‍പിള്ളയൊഴികെ നായന്മാര്‍ ആരെങ്കിലും ആ ശവമഞ്ചം ചുമന്നു സ്വന്തം യശഃകായത്തെ മലിനപ്പെടുത്താന്‍ ഉണ്ടായിരു ന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. സി.പി. രാമസ്വാമി അയ്യരുടെ ഉഗ്രപ്ര താപകാലമായിരുന്നു. ഇ.വിയുടെ നിശിതാസ്‌ത്രങ്ങള്‍ സി.പിയുടെ ശരീരത്തില്‍ ഒന്നൊന്നായി ചെന്നു തറയ്‌ക്കാന്‍ തുടങ്ങിയ കാലമാണ്‌. പക്ഷേ, നായര്‍കുലം ഉള്ളകാലം ഇ.വി ആ സമുദായത്തിന്‍റെ അഭിമാനഭാജനങ്ങളില്‍ ഒന്നായി ശേഷിക്കുമെന്നുള്ളതില്‍ എനിക്കു സംശയ ലേശംപോലുമില്ല.

ഈ 'നായര്‍കുലം ഉള്ളകാലം' ഇ.വി. മലയാളരാജ്യത്തില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തിന്‍റെ തലക്കെട്ടാണ്‌. ഇരവിക്കുട്ടിപ്പിള്ളപ്പാട്ടിന്‍റെ ഒരു ഭാഗമെന്ന വ്യാജേന, പാട്ടുദ്ധരിച്ചുകൊണ്ട്‌ നായര്‍കുലത്തിന്‍റെ വീര്യം വിജൃംഭിപ്പിക്കുന്ന ഒരു ലേഖനം. പക്ഷേ, പാട്ടു കേവലം പ്രക്ഷിപ്‌തമാണ്‌. തമിഴില്‍ മഹാപളശിതനായിരുന്ന എ എസ്‌ പി പല്‍പ്പുവിന്‍റെ മനോധര്‍മ്മത്തില്‍ മുളച്ചതാണ്‌ ആ പാട്ട്‌. പക്ഷേ, മഹാകവി ഉള്ളൂരുപോലും ഇ.വിയോടു പറയുകയുണ്ടായിട്ടുണ്ട്‌ ഇരവിക്കുട്ടിപ്പിള്ളപ്പാട്ടിന്‍റെ ഏടുകള്‍ തന്‍റെ കൈയിലുള്ളതില്‍ ഈ ഭാഗവുമുണ്ടെന്ന്. ഞാനും പല്‍പ്പുവും വളരെ വളരെ ചിരിച്ചിട്ടുണ്ട്‌ ഉള്ളൂരിന്‍റെ ഈ പൊള്ളത്തരത്തില്‍. പാട്ടെഴുതിയ ശ്രീ. പല്‍പ്പുവോ, അതിനെ പരമാവധി ചൂഷണം ചെയ്‌ത ഇ.വിയോ തന്‍റെ ഏട്ടിലും അതുണ്ടെന്നു ശപഥം ചെയ്‌ത ഉള്ളൂരോ ആരാണ്‌ കൂടുതല്‍ സമര്‍ത്ഥന്‍? ആരാണ്‌ നമ്മുടെ ബഹുമതിയെ കൂടുതല്‍ ആര്‍ജ്ജിക്കുന്നതെന്ന് എങ്ങനെ തീര്‍ ത്തുപറയാം.