നിവര്‍ത്തന പ്രക്ഷോഭണം (1933-37)
പ്രഫ. കെ.കെ. കുസുമന്‍

രാഷ്‌ട്രീയ സ്വാതന്ത്യ്രത്തിന്‌ അര്‍ത്ഥതലത്തില്‍, പ്രസക്തിയും പ്രാധാന്യവും കൈവരുന്നത്‌ അത്‌ രാഷ്‌ട്രീയ സമത്വത്തിന്‍റെ കൂടി തറ തൊട്ടു നില്‌ക്കുമ്പോഴാണ്‌. ഇന്ത്യയിലെ കോളനി വാഴ്‌ചക്കാലത്ത്‌ ഭരണ വര്‍ഗങ്ങള്‍ക്കിടയിലെ കേവലമായ അധികാരക്കൈമാറ്റം മാത്രമല്ല സ്വാതന്ത്യ്രസമരം കൊണ്ടുദ്ദേശിക്കുന്നത്‌. രാഷ്‌ട്രീയ സമത്വത്തിനും രാഷ്‌ട്രീയ നീതിക്കും വേണ്ടിയുള്ള ഏതൊരു പ്രക്ഷോഭണവും അങ്ങനെ സാര്‍ത്ഥകമായ സ്വാതന്ത്യ്രസമരത്തിന്‍റെ ഭാഗമായി മാറുന്നു. പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ നടന്ന നിവര്‍ത്തന പ്രക്ഷോഭണം (1932-1937) ഇന്ത്യയില്‍ കോളനി വാഴ്‌ചക്കെതിരായും സ്വാതന്ത്യ്രത്തിനായും വേണ്ടിയുള്ള സമരത്തിന്‍റെ ഭാഗമായി മാറുന്നതിങ്ങനെയാണ്‌. നിവര്‍ത്തന പ്രക്ഷോഭണം രാഷ്‌ട്രീയ സമത്വമാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

1888-ല്‍ ജനപ്രാതിനിധ്യത്തിന്‍റെ പ്രാഗ്‌രൂപം മാത്രമുള്ള ഒരു സമിതി നിലവില്‍ വന്നപ്പോള്‍ ഏറെ പ്രതീക്ഷയായിരുന്നു. കാലാനുസൃതമായി മാറ്റങ്ങള്‍ക്കു വിധേയമായി ഇതു ജനപ്രാതിനിധ്യത്തിനും ജനവികാര പ്രകടനത്തിനും വേണ്ടിയുള്ള വേദിയായി മാറുമെന്നു പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിക്കൊണ്ടാണ്‌ 1932-ല്‍ പുതിയ ഭരണപരിഷ്‌ക്കാരം പ്രഖ്യാപിച്ചത്‌. ഭൂമിയുടെ കുത്തകാവകാശം കയ്യടക്കിയിരുന്നവരില്‍ നിന്ന്‌ ഇതരരിലേക്കും കൈവശാവകാശം മാറി, അവരിലും ജന്മിമാരുണ്ടാകാന്‍ തുടങ്ങിയെങ്കിലും അവരുടെ ഭൂമിയുടെയും കരം കെട്ടിയിരുന്നത്‌ പഴയ ജന്മിമാരുടെ പേരിലായിരുന്നു. അസംബ്‌ളിയിലേക്കുള്ള തിരഞ്ഞെടുപ്പിലെ വോട്ടവകാശമാകട്ടെ കരം കെട്ടിയിരുന്നവര്‍ക്കായിരുന്നു. ക്രൈസ്തവര്‍, ഈഴവര്‍, മുസ്‌ലീംങ്ങള്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ ഭൂവുടമകളായെങ്കിലും വോട്ടവകാശം ഭൂമിയുടെ മുന്‍ ഉടമകളായിരുന്ന നമ്പൂതിരിമാര്‍ക്കോ, നായന്മാര്‍ക്കോ ആയിരുന്നു. ഇതു പ്രത്യക്ഷത്തില്‍ തന്നെ സാമാന്യബുദ്ധിക്കോ സ്വാഭാവിക നീതിക്കോ നിരക്കാത്തതായിരുന്നു. നിവര്‍ത്തന പ്രക്ഷോഭണം ഏറ്റവും ശക്തമായി വിരല്‍ ചൂണ്ടിയത്‌ ഇതിനു നേരെയായിരുന്നു.

നായന്മാര്‍, ഈഴവര്‍, കത്തോലിക്കര്‍ തുടങ്ങി പ്രബലസമുദായങ്ങളില്‍ നിന്നുള്ള കരുത്തരെ റിക്രൂട്ട്‌ ചെയ്‌ത്‌ രൂപവത്‌കരിച്ച "നായര്‍ മിലിഷ്യ" കാലക്രമത്തില്‍ കൊട്ടാരത്തിലും ഭരണതലത്തിലും മേല്‍ക്കൈ ഉണ്ടായിരുന്നവരുടെ ഹ്രസ്വവീക്ഷണവും സ്വാര്‍ത്ഥതയും മൂലം ഒരൊറ്റ ജാതി വിഭാഗത്തിന്‍റെ -നായന്മാരുടെ - കുത്തകയായി മാറി. ഈ കുത്തക പിന്നെ ഒരു വ്യവസ്ഥിതിയായി മാറിയ പാരമ്പര്യത്തിന്‍റെ പരിവേഷവും ക്രമേണ അതിനു കൈവന്നു. ഈ മാറ്റവും ക്രൈസ്തവ- ഈഴവ- മുസ്‌ലീം വിഭാഗങ്ങള്‍ക്കു സ്വീകാര്യമായിരുന്നില്ല.

ഗവണ്‍മെന്റു ഉദ്യോഗങ്ങളില്‍ ഈഴവ - ക്രൈസ്തവ- മുസ്‌ലീം ജനവിഭാഗങ്ങള്‍ക്കു അര്‍ഹമായ അംഗീകാരവും പ്രവേശനവും ബോധപൂര്‍വം നിഷേധിച്ചുകൊണ്ടിരുന്നു. നിവര്‍ത്തന പ്രക്ഷോഭണത്തിനു വഴി മരുന്നിട്ട ശക്തമായ കാരണങ്ങളിലൊന്നിതായിരുന്നു.

പാരമ്പര്യത്തിലധിഷ്‌ഠിതമായ 1932-ലെ ഭരണപരിഷ്‌കാരത്തെ നിരാകരിച്ചുകൊണ്ടും ഈ സമുദായങ്ങള്‍ ശക്തമായ ഒരു പ്രക്ഷോഭണത്തിനു രൂപം നല്‌കി. അതിനായവര്‍ ഒരു "സംയുക്ത രാഷ്‌ട്രീയസമിതി" രൂപവത്‌കരിച്ചു. പുതിയ പരിഷ്‌ക്കാരത്തിനു തുടക്കം കുറിക്കാനുദ്ദേശിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടൂനില്‌ക്കുന്ന തന്ത്രമാണവര്‍ സ്വീകരിച്ചത്‌. ഈ തന്ത്രം പിന്നീട്‌ പ്രക്ഷോഭണത്തിന്‍റെ സമ്പൂര്‍ണരൂപമായി മാറി. അങ്ങനെയാണ്‌ "നിവര്‍ത്തനം" എന്ന പേരില്‍ ഈ പ്രക്ഷോഭണം അറിയാനിടയായത്‌. തിരുവിതാംകൂറിലെ ഈ പ്രക്ഷോഭണത്തിന്‍റെ മുഴക്കം കൊച്ചിയിലും മലബാറിലും കേള്‍ക്കാമായിരുന്നു.

പ്രക്ഷോഭണത്തിന്‍റെ പ്രാരംഭകാലം മുതലുള്ള മുന്‍നിര നേതാക്കളില്‍ സി.കേശവനുമുണ്ടായിരുന്നു. പ്രക്ഷോഭണത്തിന്‍റെ വഴിവിട്ട്‌, മഹാരാജാവിനു മുന്നില്‍ വേണ്ടതൊക്കെ നേരിട്ടു പറയാന്‍, ഭരണഘടനാപരമായ കാര്യങ്ങളില്‍ ഇക്കാലത്ത്‌ മഹാരാജാവിനെ ഉപദേശിച്ചിരുന്ന സര്‍ സി.പി. നേതാക്കളോടാവശ്യപ്പെട്ടു. 1933 ഡിസംബര്‍ 7-ന്‌ മഹാരാജാവിനു മുന്നില്‍ ആവശ്യങ്ങളവതരിപ്പിച്ചുകൊണ്ടുകൊടുത്ത നിവേദനങ്ങളില്‍ 14 നേതാക്കളാണൊപ്പു വച്ചിരുന്നത്‌. അക്കൂട്ടത്തില്‍ സി.കേശവനുമുണ്ടായിരുന്നു. പുതിയ ദിവാനായി സര്‍ മുഹമ്മദ്‌ ഹബീബുള്ള ചാര്‍ജ്‌ജെടുത്തപ്പോള്‍ ഒരു നിവേദനം അദ്ദേഹത്തിനും കൊടുത്തു നോക്കി.

പുതിയ ദിവാന്‍, പ്രക്ഷോഭകരുടെ ആവശ്യങ്ങളിലടങ്ങിയിരിക്കുന്ന നീതിയും ലോജിക്കും മനസില്‍ കുറിച്ചുവച്ചെങ്കിലും അതനുസരിച്ചുള്ള നടപടികളിലേയ്‌ക്കു കടക്കുവാന്‍ കഴിയാത്ത വിധമുള്ള രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ മുന്നില്‍കണ്ടു. മഹാരാജാവിന്‍റെയും അദ്ദേഹത്തിനുമേല്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന സി.പി. രാമസ്വാമി അയ്യരുടെയും താല്‌പര്യങ്ങള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ഹബീബുള്ള മനസിലാക്കി യിരുന്നു. നിവര്‍ത്തന പ്രക്ഷോഭകര്‍ക്ക്‌ മഹാരാജാവിന്‍റെയും സി. പി. യുടെയും പുരോഭാഗമേ എപ്പോഴും കാണാന്‍ കഴിയുമായിരുന്നുള്ളു.

നിവര്‍ത്തന പ്രക്ഷോഭണത്തെ അവഗണിച്ചുകൊണ്ട്‌ പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടത്തി. എന്നാല്‍ ഭൂരിപക്ഷം ജനങ്ങള്‍ ബഹിഷ്‌കരിച്ച ഈ തിരഞ്ഞെടുപ്പും അവരെ അകറ്റി നിര്‍ത്തി നിലവില്‍ വരുത്തിയ നിയമനിര്‍മ്മാണ സമിതികളും ആരെയും തൃപ്‌തിപ്പെടുത്തിയില്ല. പ്രക്ഷോഭണവും അറസ്‌റ്റും പ്രതിഷേധവുമൊക്കെയായി രണ്ടുവര്‍ഷം കടന്നുപോയി. കടവൊന്നും കാണാതെ പ്രക്ഷോഭണത്തിന്‍റെ യാനം ഒഴുകുകയായിരുന്നു.

മൂന്നുദിവസം നീണ്ടുനിന്ന അഖില കേരള ക്രിസ്ത്യന്‍ കണ്‍വെന്‍ഷന്‍റെ പ്രാരംഭ ദിവസം 1936 മേയ്‌ പതിനൊന്നിനായിരുന്നു. കോഴഞ്ചേരിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനോടനുബന്ധിച്ച്‌, മൂന്നാം ദിവസം കൂടിയ സംയുക്ത രാഷ്‌ട്രീയ സമിതിയുടെ വമ്പിച്ച ഒരു യോഗത്തില്‍ അദ്ധ്യക്ഷനായിക്കൊണ്ട്‌ സി.കേശവന്‍ അധികൃതര്‍ക്കൊരു മുന്നറിപ്പ്‌ നല്‍കി- കാര്യങ്ങളൊക്കെ ഇനി വൈസ്രായിയുടെ മുന്നിലവതരിപ്പിക്കും. അദ്ദേഹം വിശദീകരിച്ചു: "സംയുക്ത രാഷ്‌ട്രീയ സമിതിക്കിപ്പോള്‍ ഒരു പരിപാടിയുണ്ട്‌. മൂന്നു നാലു മാസങ്ങള്‍ ഒന്നും ചെയ്യാതെ കടന്നുപോയി. ഇന്നലെ ഞങ്ങള്‍ വിശദമായ ഒരു പദ്ധതിക്കു രൂപം നല്‍കി. ഇതു നടപ്പാക്കാന്‍ പ്രയാസമൊന്നുമില്ല.

പരാതികളെല്ലാം വൈസ്രായിയുടെ മുന്നില്‍ വയ്‌ക്കുക. മി. ജോര്‍ജ്‌ ജോസഫിനെപോലുള്ളവര്‍ കൂടെയുള്ളപ്പോള്‍ നമ്മളെന്തിനു മടിക്കണം? വൈസ്രായിയെ കാണുന്നതിനുള്ള അനൗചിത്യത്തെക്കുറിച്ച്‌ ചിലരെല്ലാം പറഞ്ഞു തുടങ്ങിയിട്ടുണ്ട്‌. വനം വകുപ്പിലും മറ്റും നമുക്കു നിയമനം ലഭിച്ചത്‌ വൈസ്രായിക്കു നിവേദനം കൊടുത്തു കൊണ്ടും ഡോ.പല്‍പ്പുവിന്‍റെ ശ്രമഫലമായി ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിപ്പിച്ചുകൊണ്ടുമാണെന്നോര്‍ക്കണം."

കണ്‍വെന്‍ഷനു തൊട്ടുമുമ്പ്‌ കോട്ടയത്തുചേര്‍ന്ന നായര്‍ മഹാജനസഭാ സമ്മേളനത്തില്‍ മുഴങ്ങിക്കേട്ട ഐക്യകേരള ആശയത്തെ കുറിച്ച്‌ സി.കേശവന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. "മി.പാലോട്ടും മറ്റുള്ളവരും ഐക്യകേരളം എന്ന ആശയം നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ കരയോഗങ്ങളുടെ രൂപവത്‌കരണത്തോടെ സൃഷ്‌ടിക്കാമെന്നു കരുതുന്നതു പോലെ തോന്നുന്നു. ഒരു ഐക്യതിരുവിതാംകൂറിനുമുമ്പായി ഐക്യകേരളം സാദ്ധ്യമാകുമോ എന്ന കാര്യം സംശയമാണ്‌. നായന്മാരുടെ ഐക്യം കൊണ്ടുമാത്രം ഇതു സാദ്ധ്യമാവുകയില്ല- മറ്റു പല സമുദായങ്ങളും സാമുദായിക പ്രാതിനിധ്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രക്ഷോഭണത്തിലാണ്‌.... ഇക്കൂട്ടര്‍ (നായന്മാരുമെല്ലാം) പറയുന്നത്‌ ദേശീയത അവരുടെ കുത്തകയാണെന്നാണ്‌... സാമുദായിക പ്രാതിനിധ്യത്തിനെതിരായി ഇവര്‍ മുന്നോട്ടു വയ്‌ക്കുന്നത്‌ കാര്യക്ഷമതാവാദമാണ്‌.. കാര്യക്ഷമതയും ചില സമു ദായങ്ങളുടെ കുത്തകയാണെന്നാണു വാദം... മലയാളി മെമ്മോറിയല്‍ കാലത്ത്‌ ഈ കാര്യക്ഷമതാവാദം നമ്മള്‍ കണ്ടില്ല... നായന്മാര്‍ യുദ്ധം ചെയ്‌തെന്നും നാട്ടുകാരെ രക്ഷിച്ചെന്നും പറയുന്നു. എന്നാണിവര്‍ യുദ്ധം ചെയ്‌തത്‌? ആരെ രക്ഷിച്ചു? വാളെടുത്ത്‌ ഏതു രാജ്യത്തെയാണാവോ രക്ഷിച്ചത്‌?...... കോട്ടയത്തെ നായര്‍സഭാ സമ്മേളനത്തിന്‌ നായന്മാരായ ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍ പണപ്പിരിവു നടത്തിയും നേതൃത്വം കൊടുത്തും സഹകരിച്ചതായി കാണുന്നു. ഇതു മറ്റാരെങ്കിലുമായിരുന്നു ചെയ്‌തതെങ്കില്‍ രഹസ്യാന്വേഷണവും ഗൂഢാലോചനക്കുറവുമൊക്കെയായി കാര്യങ്ങള്‍ കൊട്ടാരത്തില്‍ വരെ എത്തുകയും അങ്ങനെ കൊട്ടാരത്തിന്‍റെ അതൃപ്‌തിക്കു ഇവര്‍ വിധേയരാവുകയും ചെയ്യുമായിരുന്നു. എന്നാല്‍ നായന്മാരായ ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ എന്തുമാകാം."

പതഞ്ഞുപൊങ്ങിയ ആത്‌മരോഷത്തിന്‍റെ പ്രവാഹം പിന്നെയും തുടര്‍ന്നു. "പ്രായപൂര്‍ത്തി വോട്ടവകാശമാണ്‌ മറ്റൊരു പ്രധാന വിഷയം. പരിഷ്‌കൃത സമൂഹങ്ങളെല്ലാം ഈ തത്വം അംഗീകരിച്ചു വരുന്നതായി നമ്മള്‍ കാണുന്നു. ഇതു കൂടാതെ ഉത്തരവാദഭരണം നടപ്പില്ല. ഇതിനെ എതിര്‍ക്കുന്നവരാണോ കോണ്‍ഗ്രസ് കൊടിയും പിടിച്ച്‌ തിരുവിതാംകൂറില്‍ ജനായത്ത ഭരണം സ്ഥാപിക്കുവാന്‍ പോകുന്നത്‌? നമ്മുടെ മഹാരാജാവുപോലും ജനസംഖ്യാടിസ്ഥാനത്തില്‍ അവകാശങ്ങള്‍ വേണമെന്നുവാദിക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ നമ്മള്‍ ജീവിക്കുന്നത്‌. എന്‍റെ രാജ്യത്ത്‌ 52 ലക്ഷം ജനങ്ങളുണ്ട്‌. അതുകൊണ്ട്‌ ഫെഡറല്‍ ലജിസ്‌ളേച്ചറില്‍ രണ്ടിനുപകരം മൂന്നോ നാലോ പേര്‍ക്കു പ്രാതിനിധ്യം വേണമെന്നു മഹാരാജാവ്‌ ഫെഡറല്‍ ഗവണ്‍മെന്റിനോടാവശ്യപ്പെട്ടിരിക്കുന്നു. ഈ 52 ലക്ഷത്തില്‍ നമ്മളും വരും. കഴിഞ്ഞില്ല. മഹാരാജാവു പറയുന്നത്‌ ജനസംഖ്യാനുപാതത്തില്‍ പ്രാതിനിധ്യം നല്‌കിയില്ലെങ്കില്‍ ഫെഡറേഷനില്‍ ചേരില്ലെന്നാണ്‌. ഇക്കാര്യത്തില്‍ നിവര്‍ത്തനനയം തുടങ്ങുമെന്നാണ്‌ മഹാരാജാവും പറയുന്നത്‌. നമ്മള്‍ പറയുന്നതും നമ്മുടെ മഹാരാജാവു പറയുന്നതും ഒന്നുതന്നെ. എങ്ങനെയാണോ രാജാവ്‌ അങ്ങനെ തന്നെ പ്രജ എന്നല്ലേ പ്രമാണം.

"പബ്‌ളിക്‌ സര്‍വീസിലേക്കും ലജിസ്‌ളേച്ചറിലേക്കും നിയോഗിക്കപ്പെടാന്‍ ജനസംഖ്യമാത്രം മാനദണ്ഡമാക്കിയാല്‍ മതിയോ? ഈ ചോദ്യം ചില നായന്മാര്‍ ചോദിക്കുന്നുണ്ട്‌. പോരെന്നു ഞാനും പറയും. ഈ ലജിസ്‌ളേച്ചര്‍ എന്തിനാണ്‌? ഈ രാജ്യത്തെ മഹാരാജാവാണ്‌ എല്ലാമെല്ലാം. തന്‍റെ പ്രജകളുടെ ക്ഷേമത്തിനും താല്‌പര്യത്തിനുമായി അദ്ദേഹം രാജ്യം ഭരിക്കും. എങ്കില്‍ പിന്നെ, ഇപ്പോഴത്തെ ലജിസ്‌ളേച്ചറിന്‍റെ ആവശ്യമെന്താണ്‌? കുറെ പെറ്റീഷനുകള്‍ സമര്‍പ്പിക്കാം. അല്ലെങ്കില്‍ ഈ പെറ്റീഷനുകളെ സംബന്ധിച്ച കുറെ ശുപാര്‍ശകള്‍ അയയ്‌ക്കാം. ആര്‍ക്കുവേണ്ടിയാണ്‌ ഈ പെറ്റീഷനുകള്‍. പരിദേവനങ്ങളുള്ളവരുടേതാണ്‌ പെറ്റീഷനുകള്‍. ഇവിടെ നായരെന്നു പറഞ്ഞാല്‍ ഗവണ്‍മെന്റ്‌ എന്നര്‍ഥം. നായരും പട്ടരും ചേര്‍ന്നതാണ്‌ ഗവണ്‍മെന്‍റ്‌. കുറെ ചെട്ടിമാരും കണ്ടേക്കാം. ഇവരുടെ ഒരു കൂട്ടമാണ്‌ യഥാര്‍ത്ഥത്തില്‍ ഗവണ്‍മെന്റ്‌. അവരുടെ പരിദേവനങ്ങള്‍ ഗവണ്‍മെന്റിന്‍റെ തന്നെ പരിദേവനങ്ങളാണ്‌. ഈ സാഹചര്യത്തില്‍ നായന്മാര്‍ക്ക്‌ എങ്ങനെയാണ്‌ പരിദേവനങ്ങളുണ്ടാവുക? അവര്‍ക്ക്‌ ഒരു പെറ്റീഷനും ഗവണ്‍മെന്റിനു നല്‌കേണ്ട കാര്യമില്ല. ഈ സ്ഥിതിക്കു നായന്മാര്‍ക്കെന്തിനാണ്‌ ലജിസ്‌ളേച്ചറില്‍ പ്രാതിനിധ്യം? മഹാരാജാവുതന്നെ തങ്ങളുടെതാണെന്നു അവകാശപ്പെടുന്ന നായന്മാര്‍ക്കെന്തിനാണ്‌ ലജിസ്‌ളേച്ചറില്‍ പ്രാതിനിധ്യം?

"നായര്‍ ബ്രിഗേഡിനെ കുറിച്ചൊരു വാക്ക്‌. പാര്‍വതി ഭായിക്കു മുമ്പ്‌ നായര്‍ ബ്രിഗേഡ്‌ എന്നൊന്നുണ്ടായിരുന്നില്ല. രാജ്യത്ത്‌ ക്രമസമാധാനം പുനഃസ്ഥാപിച്ച ശേഷം, പാര്‍വതിഭായിയുടെ അപേക്ഷ പ്രകാരം അന്നത്തെ വൈസ്രായ്‌, നായര്‍ ബ്രിഗേഡിന്‍റെ രൂപവത്‌കരണത്തിന്‌ അനുമതി നല്‌കുകയാണുണ്ടായത്‌. ഇത്‌ ഒരു മതിപ്പിനുവേണ്ടിയും ക്ഷേത്രകാവലിനുമായിരുന്നു. ഡിലനോയിയുടെ പട്ടാളവും പാണ്ടി - മുസല്‍മാന്‍ പടയും ചേര്‍ന്നാണ്‌ രാജ്യത്തിന്‍റെ ഏകീകരണം സാധിച്ചത്‌. നായര്‍ ബ്രിഗേഡ്‌ ഒരു അലങ്കാരം മാത്രമായിരുന്നു. നായന്മാര്‍ യുദ്ധം ചെയ്‌തെന്നും വിജയിച്ചെന്നും പറയുന്നു. എട്ടുവീട്ടില്‍ പിള്ളമാരുടെ വിഭാഗത്തില്‍ നിന്ന്‌ മാര്‍ത്താണ്ഡവര്‍മ്മ പട്ടാളത്തിലേക്കു റിക്രൂട്ടു ചെയ്യുമെന്നു വിചാരിക്കാന്‍ കഴിയുകയില്ല. നായന്മാര്‍ പരസ്‌പരം കലഹിച്ചിരുന്നു എന്നതാണ്‌ സത്യം. കായങ്കുളത്തെ നായന്മാര്‍ കൊല്ലത്തെ നായന്മാരുമായി പടവെട്ടി. അമ്പലപ്പുഴയിലെ നായന്മാര്‍ കോട്ടയത്തെ നായന്മാര്‍ക്കെതിരെ പൊരുതി. അവര്‍ യുദ്ധം ചെയ്‌തെന്നും ജയിച്ചെന്നും പറയുന്നു. ആരെയാണിവര്‍ തോല്‌പിച്ചത്‌? സര്‍ സി. ശങ്കരന്‍നായര്‍ ഒരു കേരളചരിത്രമെഴുതാന്‍ ശ്രമിച്ചതായി ഞാന്‍ കേട്ടിട്ടുണ്ട്‌. അതിനുവേണ്ട പഠനങ്ങളും നടത്തി. പിന്നീടദ്ദേഹം കേരളചരിത്രരചന വേണ്ടെന്നു വെച്ചെന്നാണ്‌ എന്‍റെ അറിവ്‌. ഈ ചരിത്രമെഴുതിയാല്‍, നായന്മാരും ഈഴവരും നിതാന്ത ശത്രുതയില്‍ കഴിയേണ്ടിവരുമെന്നദ്ദേഹം ഭയപ്പെട്ടിരുന്നതായാണ്‌ എന്‍റെ അറിവ്‌. നായന്മാരുടെ യഥാര്‍ത്ഥചരിത്രവും അവരുടെ ഊതിവീര്‍പ്പിച്ച ചരിത്രവും തമ്മില്‍ അന്തരമേറെയുണ്ടെന്നു അനുമാനിക്കാം.

"നായന്മാര്‍ക്കെതിരായ എന്‍റെ വാക്കുകള്‍ കര്‍ക്കശമായിപ്പോയിട്ടുണ്ടെങ്കില്‍ - അവരാരെങ്കിലും ഇക്കൂട്ടത്തിലുണ്ടെങ്കില്‍ - അതെന്‍റെ ജാതിസ്‌പര്‍ദ്ധകൊണ്ടല്ലെന്നു മനസിലാക്കണം. അവരോടെനിക്കു വെറുപ്പില്ല. ഞങ്ങളുടെ അവകാശം - ആനുകൂല്യങ്ങളോട്‌ അവയ്‌ക്കുള്ള എതിര്‍പ്പിനുനേരെയാണ്‌ ഞാന്‍ അക്ഷമനാകുന്നത്‌. എന്‍റെ വാക്കുകളില്‍ കാര്‍ക്കശ്യം കലര്‍ന്നിട്ടുണ്ടെങ്കില്‍ ദയവായി ക്ഷമിക്കണം - ഇപ്പോഴത്തെ എന്‍റെ മാനസികാവസ്ഥ അങ്ങനെയാണ്‌.

സി.കേശവന്‍റെ നീളുന്ന നാവ്‌ സര്‍ സി.പിയേയും പിടികൂടി. ദിവാനായ ഹബീബുള്ളയെ സ്വാധീനിച്ചിരുന്നത്‌ സി.പി. തന്നെയാണെന്നു അദ്ദേഹം ഉറപ്പാക്കിയിരുന്നു. "ഞാന്‍ സൂചിപ്പിക്കുന്നത്‌ സര്‍ സി.പിയേയാണ്‌. നമുക്ക്‌ ആ ജന്തു (ജീവി)വിനെ വേണ്ട. ഞാന്‍ ജന്തുവെന്നല്ല ഹിന്ദുവെന്നാണ്‌ പറഞ്ഞത്‌. ഈ മനുഷ്യന്‍ ഈഴവര്‍ക്കോ ക്രിസ്‌ത്യാനികള്‍ക്കോ മൂസല്‍മാന്‍മാര്‍ക്കോ ഒരു ഗുണവും ചെയ്യുകയില്ല. ഈ മാന്യന്‍ വന്നതിനുശേഷമാണ്‌ തിരുവിതാംകൂറിന്‌ പുറത്ത്‌ ചീത്തപ്പേര്‌ കിട്ടാന്‍ തുടങ്ങിയത്‌. ഈ മനുഷ്യന്‍ രാജ്യത്തിനു പുറത്തു പോകുന്നതുവരെ നന്മയൊന്നും ഈ രാജ്യത്തിനുണ്ടാവുകയില്ല. സംയുക്തരാഷ്‌ട്രീയ ശക്തിയായി നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഞാനവസാനിപ്പിക്കട്ടെ.

"കാലവര്‍ഷം ഇവിടെ അവസാനിച്ചു. സി.കേശവന്‍ അദ്ധ്യക്ഷനുള്ള കസേരയിലേക്കു മടങ്ങി. അനീതി ആടയാഭരണമായി കരുതി, നിവര്‍ത്തനക്കാര്‍ അനിശ്ചിതകാലം അണിയണമെന്നു മോഹിച്ചിരുന്നവരെ നിറഞ്ഞ മനസോടെ സി. കേശവന്‍ വെറുത്തിരുന്നു. അധര്‍മ്മത്തിന്‍റെ ഈ ശംഖനാദത്തെ തികഞ്ഞ അകനിന്ദയോടെയാണ്‌ അദ്ദേഹം വീക്ഷിച്ചത്‌. നിവര്‍ത്തന പ്രക്ഷോഭണത്തില്‍ അടങ്ങിയിരുന്ന നീതിയുടെ മാറ്റൊലിയില്‍ സര്‍വവും മറന്നു നിന്നിരുന്നു സി.കേശവന്‍. അതുകൊണ്ട്‌ എതിര്‍പ്പിന്‍റെ തിരമാലകളെ മാത്രമല്ല ചിറ്റോളങ്ങളെ പോലും പൊറുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ ആരുടെയൊക്കെ മനസിനു മുറിവേറ്റെന്നു നോക്കാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല. ഇതാണ്‌ കോഴഞ്ചേരി പ്രഭാഷണത്തില്‍ പതിയിരുന്ന കരുത്തിന്‍റെയും കാര്‍ക്കശ്യത്തിന്‍റെയും പൊരുള്‍. ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിച്ച്‌ സ്വയം മറന്ന്‌ നടത്തിയ ഒരു പ്രഭാഷണം.

സി.കേശവന്‍റെ പ്രഭാഷണം രാജ്യദ്രാഹമായും വിവിധ സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്താന്‍ പര്യാപ്‌തമായും ഗവണ്‍മെന്റ്‌ വിലയിരുത്തി. കേശവനെതിരെ നടപടിയ്‌ക്കായി ഹെഡ്‌ സര്‍ക്കാര്‍ വക്കീലിന്‍റെ അഭിപ്രായം ഗവണ്‍മെന്റ്‌ ആരാഞ്ഞു. തിരുവിതാംകൂര്‍ പീനല്‍കോഡിന്‍റെ 117-ാം വകുപ്പുപ്രകാരം രാജ്യദ്രാഹകുറ്റവും 145 (എ) പ്രകാരം സാമൂദായിക സ്‌പര്‍ദ്ധ വളര്‍ത്തിയ കുറ്റവും കേശവനു യോജിക്കുമെന്ന നിയമോപദേശം കിട്ടി. കെ. ആര്‍. നാരായണന്‍, കെ. ടി. തോമസ്‌, നൈനാന്‍ മാത്യൂ എന്നിവരും കോഴഞ്ചേരിയിലെ യോഗത്തെ അഭിസംബോധന ചെയ്‌തിരുന്നു. 1074-ലെ (കൊ.വ) തിരുവിതാംകൂര്‍ പീനല്‍കോഡിന്‍റെ റഗുലേഷന്‍ പ്രകാരം ഒരു കേസ്‌ കേശവനെതിരായി ഫയല്‍ ചെയ്‌തു. 1935 ജൂണ്‍ 7-ന്‌ ആലപ്പുഴയിലുള്ള എസ്‌ എന്‍ ഡി പി യോഗം ഓഫീസില്‍ നിന്നും കൊല്ലം ഡി.എസ്‌.പി. അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു.

കൊല്ലം ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റും ദിവാന്‍ പേഷ്‌കാരുമായിരുന്ന എം.പി ജോസഫിനെ കേസ്‌ വിചാരണക്കുള്ള സ്‌പെഷ്യല്‍ മജിസ്‌ട്രട്ടായും അസിസ്റ്റന്റ്‌ ഹെഡ്‌ സര്‍ക്കാര്‍ വക്കീലായ എച്ച്‌ രാമകൃഷ്‌ണയ്യരെ സ്‌പെഷ്യല്‍ പ്രാസിക്യൂട്ടറായും ഗവണ്‍മെന്റ്‌ നിയോഗിച്ചു.

നിവര്‍ത്തന പ്രക്ഷോഭണത്തിന്‍റെ മുന്‍നിര നേതാക്കളിലൊരാളായ സി.കേശവന്‍റെ അറസ്റ്റ് കടുത്ത പ്രതിഷേധത്തിനിടയാക്കി. എസ്‌.എന്.ഡി.പി യോഗത്തിന്‍റെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നതിനാല്‍ അറസ്റ്റ് ഈഴവരെ കൂടുതല്‍ പ്രകോപിതരാക്കി. കൊല്ലം ഡി എസ്‌.പി ഗവണ്‍മെന്റിലേക്കെഴുതി." - ജില്ല മുഴുവന്‍ കടുത്ത പ്രക്ഷുബ്‌ധാവസ്ഥ നിലനില്‍ക്കുന്നു. എല്ലാ സ്ഥലങ്ങളിലും പ്രതിഷേധയോഗങ്ങള്‍ ചേരാന്‍ സാധ്യതയുണ്ട്‌. ക്രിസ്‌ത്യാനികള്‍ ഇക്കാര്യത്തില്‍ വളരെയേറെ താല്‌പര്യം കാണിക്കുന്നു. സി.കേശവന്‍റെ ജാമ്യാപേക്ഷയ്‌ക്കുള്ള വാദം കേട്ട വേളയില്‍ ക്രിസ്ത്യന്‍ വക്കീലന്മാരുടെ മനോഭാവത്തില്‍ നിന്ന്‌ ഇത്‌ വ്യക്തമായിരുന്നു.

ടി. എം. വര്‍ഗീസായിരുന്നു ജാമ്യത്തിനായി വാദിച്ചത്‌. സഹായിക്കാന്‍ ബാരിസ്റ്റര്‍ ജോര്‍ജ്‌ ജോസഫും കെ.ടി തോമസുമുണ്ടായിരുന്നു. 1935 ജൂണ്‍ 27-ന്‌ കേസ്‌ കൊല്ലം സെഷന്‍സ്‌ കോര്‍ട്ടിലേക്കു മാറ്റി. സെഷന്‍സ്‌ കോര്‍ട്ടിലും തുടര്‍ന്ന്‌ ഹൈക്കോടതിയിലും ജാമ്യാപേക്ഷ തള്ളപ്പെട്ടു. ഒരു വര്‍ഷത്തെ വെറും തടവിനും അഞ്ഞൂറുരൂപാ പിഴയ്‌ക്കും സെഷന്‍സ്‌ കോര്‍ട്ടില്‍ നിന്ന്‌ വിധിയുണ്ടായി. കേശവന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‌കി. ശിക്ഷ വര്‍ദ്ധിപ്പിച്ചുകൊടുക്കാനായി ഗവണ്‍മെന്റും നേരത്തെയുള്ള ഒരു വര്‍ഷത്തെ വെറും തടവിനും പുറമെ ഒരുവര്‍ഷം കൂടി ഇതേ ജനൂസില്‍പ്പെടുന്ന തടവ്‌ കേശവനു സമ്പാദിച്ചു കൊടുക്കാന്‍ ഹൈക്കോടതി വിധിവഴി ഗവണ്‍മെന്റിനു കഴിഞ്ഞു. ഹൈക്കോടതി വിധിയുടെ ഒരു ഭാഗത്ത്‌, ഉരുക്കുപോലെ ഉറച്ച, പശ്ചാത്താപരഹിതമായ കേശവന്‍റെ മനസിനെ തോണ്ടിക്കൊണ്ട്‌ ഇങ്ങനെ പരാമര്‍ശിക്കുന്നു. "വൈകാരികതയുടെ ചൂടില്‍ നടത്തിപ്പോയ പരാമര്‍ശത്തെക്കുറിച്ച്‌ പശ്ചാത്താപമോ ഖേദമോ വിസ്‌താരവേളയില്‍ കാണാനുണ്ടായിരുന്നില്ല. വെല്ലുവിളിയും നിശ്ചയദാര്‍ഢ്യവും പ്രസ്‌പൂരിപ്പിക്കുന്ന രീതിയില്‍, പറഞ്ഞ ഓരോ വാക്കും ന്യായീകരിക്കാനായിരുന്നു ശ്രമം."

നിവര്‍ത്തനനേതാക്കള്‍ 1936 സെപ്‌ത്ഥംബര്‍ 17- നു സി.കേശവന്‍റെ ജയില്‍മോചനം ആവശ്യപ്പെട്ടുകൊണ്ട്‌ 50,000 പേര്‍ ഒപ്പിട്ട കേശവ മെമ്മോറിയല്‍ ദിവാന്‌ സമര്‍പ്പിച്ചുവെങ്കിലും ഫലമൊന്നുമുണ്ടായില്ല. എന്നാലടുത്തവര്‍ഷം മഹാരാജാവിന്‍റെ ജന്മദിനം പ്രമാണിച്ച്‌ രാഷ്‌ട്രീയത്തടവുകാരെ ജയില്‍ മോചിതരാക്കിയപ്പോള്‍ കേശവനും പുറത്തുവരാന്‍ കഴിഞ്ഞു.

ആലപ്പുഴയില്‍ സി.കേശവനു പൗരസ്വീകരണം. അതില്‍ സ്വാഗതപ്രസംഗം ചെയ്‌തുകൊണ്ട്‌ ശ്രീമൂലം പോപ്പുലര്‍ അസംബ്‌ളിയുടെ ഡെപ്യൂട്ടി പ്രസിഡന്റായിരുന്ന ടി. എം. വര്‍ഗീസ്‌ നടത്തിയ ഒരു പരാമര്‍ശം വീണ്ടും തിരുവിതാംകൂറില്‍ തിരയിളക്കത്തിനു കാരണമായി. തിരുവിതാംകൂറിലെ അന്നത്തെ ജനസംഖ്യ അന്‍പത്തൊന്നുലക്ഷമായിരുന്നു. ഈ അന്‍പത്തൊന്നുലക്ഷം പേരുടെ പേരില്‍ താന്‍ കേശവനെ സ്വാഗതം ചെയ്യുന്നു എന്ന പരാമര്‍ശമാണ്‌ പ്രതിഷേധത്തിനു കാരണമായത്‌. അന്‍പത്തൊന്നുലക്ഷത്തില്‍ കേശവനേയും നിവര്‍ത്തനക്കാരെയും ഇഷ്‌ടമില്ലാത്ത കുറെ ലക്ഷങ്ങളുണ്ടല്ലോ. അവരുടെയും കൂടി അക്കൗണ്ടില്‍ കേശവനെ സ്വാഗതം ചെയ്‌തതാണ്‌ ടി. എം. വര്‍ഗീസിനു വിനയായത്‌.

പി. ശിവരാമന്‍പിള്ള എന്നയാള്‍ ടി. എം. വര്‍ഗീസിനെ ഡപ്യൂട്ടി പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനായി ഒരവിശ്വാസപ്രമേയം അസംബ്‌ളിയില്‍ അവതരിപ്പിച്ചു. ജോയിന്റ്‌ പൊളിറ്റിക്കല്‍ കോണ്‍ഗ്രസ്‌കാരനായ ജോണ്‍ വിതയത്തില്‍ ഇങ്ങനെയൊരു പ്രമേയം കൊണ്ടുവരുന്നതിന്‍റെയും ചര്‍ച്ച ചെയ്യുന്നതിന്‍റെയും ഔചിത്യത്തെ നിയമവശത്തിലൂടെ ചോദ്യം ചെയ്‌തു. ഇ.പി. വര്‍ഗീസ്‌, കെ.ടി തോമസ്‌, എം. ജി. മാത്യു, കെ ആര്‍ നാരായണന്‍, ഇ.ജോണ്‍ ഫിലിപ്പോസ്‌, വി.കെ. വേലായുധന്‍, കെ.കേശവന്‍, കോട്ടാലില്‍ പി എബ്രഹാം തുടങ്ങിയവര്‍ അവിശ്വാസപ്രമേയത്തെ ശക്തമായി എതിര്‍ത്തു. പട്ടം താണുപിള്ള നിരീക്ഷിച്ചതിങ്ങനെ" - വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഡപ്യൂട്ടി പ്രസിഡന്റ്‌ എന്ന നിലയ്‌ക്ക്‌ അനുയോജ്യമല്ലാത്ത തരത്തിലാണ്‌ ടി.എം. വര്‍ഗീസ്‌ സംസാരിച്ചത്‌. "ഏറ്റവും കടുത്ത വിമര്‍ശനം കൈനിക്കര പത്‌മനാഭപിള്ളയുടേതായിരുന്നു. ".....സെലക്‌റ്റ് കമ്മിറ്റി യോഗങ്ങളില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത ഡപ്യൂട്ടി പ്രസിഡന്റ്‌ ഇത്തരം യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കുന്നു. സര്‍, തുറന്നും ധിക്കാരപൂര്‍വവും ഇദ്ദേഹം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായി താദാത്‌മ്യം പ്രാപിച്ചിരിക്കുന്നു. അതാകട്ടെ കൂറില്ലാത്തതും കുത്സിതവുമായ ഒരു പാര്‍ട്ടി." പത്‌മനാഭപിള്ള ഉദ്ദേശിച്ചത്‌ ജോയിന്റ്‌ പൊളിറ്റിക്കല്‍ കോണ്‍ഗ്രസിനെയാണ്‌.

ടി. എം. വര്‍ഗീസ്‌ തന്‍റെ നില ശക്തമായും ഫലപ്രദമായും വാദിച്ചുറപ്പിച്ചു "....ഞാന്‍ പറഞ്ഞതെല്ലാം എന്‍റെ സ്വന്തം നിലയ്‌ക്കാണ്‌. സി.കേശവന്‍റെ ജയില്‍മോചനത്തിനും ആലപ്പുഴ സമ്മേളനത്തിനുമിടയ്‌ക്ക്‌ ഞാനുള്‍പ്പെടെ ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ കണ്ട്‌ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭാവി പ്രവര്‍ത്തനത്തില്‍ അദ്ദേഹം സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചായിരുന്നു. ചര്‍ച്ച അദ്ദേഹത്തിനു കൈവരുന്ന അവസരങ്ങളും സ്വന്തം പദവിയുമുപയോഗിച്ച്‌ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുക എന്നതാണ്‌ ചര്‍ച്ചയിലൂടെ രൂപപ്പെട്ടുവന്ന ധാരണ. ഇതു മനസില്‍ കരുതിയാണ്‌ ഞാന്‍ ആലപ്പുഴയ്‌ക്കു തിരിച്ചതും യോഗത്തെ അഭിസംബോധന ചെയ്‌തതും. ഈ സുപ്രധാന ദൗത്യത്തിനായി എനിക്കദ്ദേഹത്തെ ക്ഷണിക്കേണ്ടിയിരുന്നു. ഞാന്‍ ക്ഷണിക്കുക തന്നെ ചെയ്‌തു. അദ്ദേഹം അതിന്‌ അര്‍ഹനാണോ അല്ലയോ എന്നത്‌ ഓരോരുത്തരുടെയും വീക്ഷണവ്യത്യാസത്തിന്‍റെ കാര്യമാണ്‌. ഈ ദൗത്യം ഏറ്റെടുക്കാന്‍ അദ്ദേഹം പ്രാപ്‌തനാണെന്നാണ്‌ എന്‍റെ നില. ഇക്കാര്യത്തിനായി, തിരുവിതാംകൂറിലെ മുഴുവന്‍പേരുടെയും പേരില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ അനൗചിത്യമൊന്നും കാണുന്നില്ല."

പ്രമേയം വോട്ടിനിട്ടപ്പോള്‍ അനുകൂലമായി നാല്‌പത്തിരണ്ട്‌ കൈകള്‍ പൊങ്ങി. എതിര്‍ത്ത്‌ ഇരുപത്തിനാലും ടി. എം. വര്‍ഗീസ്‌ ഡപ്യൂട്ടി പ്രസിഡന്റ്‌ പദവി ഒഴിഞ്ഞു.

വര്‍ഷങ്ങള്‍ പിന്നിട്ട ഈ പ്രക്ഷോഭണം അവസാനിപ്പിക്കാന്‍ ഒരു വഴിത്തിരിവായിരുന്നു കോഴഞ്ചേരി പ്രഭാഷണം. അതു തിരിതെളിച്ചു കൊടുത്ത നിശ്ചയദാര്‍ഢ്യത്തിന്‍റെ സന്ദേശം ഗവണ്‍മെന്റിനു ബോധ്യമായി. അനീതിയും അധര്‍മ്മവും തുടര്‍ന്നും കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത ഒരവസ്ഥയിലായി അധികൃതര്‍. ദിശ വളരെ വ്യക്തമായി മുന്നില്‍ തന്നെയുണ്ടായിരുന്നു. അങ്ങനെ, പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ ലക്ഷ്യം കണ്ടു തുടങ്ങി. മഹാരാജാവിന്‍റെ ഭരണഘടനാ ഉപദേഷ്‌ടാവായിരുന്നപ്പോള്‍ ചെയ്യരുതെന്നു ശഠിച്ചതെല്ലാം ചെയ്‌തുകൊണ്ട്‌ സര്‍ സി.പി. രാമസ്വാമി അയ്യരും മഹാരാജാവും കാലത്തിന്‍റെ ഉത്തരവുകള്‍ നടപ്പാക്കുകയായിരുന്നു.