ആലപ്പുഴ പ്രസംഗം

1937 നവംബര്‍ 3 ന്‌ ആലപ്പുഴയില്‍ നല്‌കിയ സ്വീകരണത്തില്‍ ചെയ്‌ത പ്രസംഗം



സ്‌നേഹിതരേ, മഹാജനങ്ങളേ,

കഴിഞ്ഞ ഒരു സംവത്സരക്കാലം ഈ ലോകവ്യാപാരവുമായുള്ള സകല ബന്ധങ്ങളില്‍ നിന്നും വേര്‍പെട്ടിരുന്ന ഞാന്‍ എന്നെക്കുറിച്ചു സ്‌നേഹവാത്സല്യങ്ങളുള്ള ബന്ധുലോകത്തില്‍ ഈ വിധം പ്രത്യക്ഷമാകുന്നത്‌ ഇന്നാദ്യമായിട്ടാണ്‌. അങ്ങനെ പ്രത്യക്ഷമാകുവാന്‍ സംഗതി വന്നത്‌ ഈ ആലപ്പുഴയിലാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക്‌ അനല്‌പമായ ഒരു ചാരിതാര്‍ത്ഥ്യവും തോന്നുന്നുണ്ട്‌. ആലപ്പുഴ പട്ടണം തിരുവിതാംകൂര്‍ സംസ്ഥാനത്തിന്‍റെ പ്രധാന തുറമുഖവും വ്യവസായ വാണിജ്യങ്ങളുടെ കേന്ദ്രവുമാണെന്നുള്ളതിനേക്കാള്‍ അവിസ്‌മരണീയമായ ഒരു മമതാബന്ധം എനിക്കുണ്ടാക്കിത്തീര്‍ത്തിരിക്കുന്നത്‌ ഈ പട്ടണത്തില്‍ ഈ സ്ഥലത്തുവച്ചാണ്‌ എന്‍റെ ജയില്‍വാസത്തിനു നിദാനമായ കേസിനുവേണ്ടി എന്നെ അറസ്റ്റു ചെയ്‌തതെന്നുള്ളതാകുന്നു. അമ്പലപ്പുഴ എസ്‌.എന്‍.ഡി.പി യൂണിയന്‍ ആഫീസ്‌ പരിശോധിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ്‌ ആ സംഭവം ഉണ്ടായതെന്നോര്‍ക്കുമ്പോള്‍, ആ യൂണിയന്‍റെ ആഭിമുഖ്യത്തിലാണ്‌ ഈ സമ്മേളനം നടക്കുന്നതെന്നു കാണുന്നതിലും എനിക്കു പ്രത്യേകമായ ഒരു കൗതുകം തോന്നുന്നുണ്ട്‌.

ക്രൈസ്തവ-ഈഴവ-മുസ്‌ലീം സമുദായങ്ങള്‍ക്കു ദീര്‍ഘകാലമായി നിലനിന്നുപോരുന്ന രാഷ്‌ട്രീയായ ചില ചില അവശതകളുടെ പരിഹാരത്തിനായി സ്ഥാപിതമായ സംയുക്തരാഷ്‌ട്രീയകോണ്‍ഗ്രസിന്‍റെ പ്രതിനിധികള്‍ അനവധിയായി കൂടിയിരിക്കുന്ന ഈ മഹാസദസില്‍ നിന്നുകൊണ്ട്‌ നാനാഭാഗങ്ങളിലേക്കു നോക്കുമ്പോള്‍ ഞാന്‍ കാണുന്ന മഹാജനതയുടെ മുഖപ്രസന്നത എന്‍റെ ഹൃദയത്തില്‍ എന്തൊരു വേലിയേറ്റമാണ്‌ ഉണ്ടാക്കിയിരിക്കുന്നതെന്നു വിശദമാക്കുവാനുള്ള വശ്യവാഗ്‌മിത്വം എനിക്കില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഈ സന്ദര്‍ഭത്തില്‍ എന്‍റെ മനസില്‍ അവശേഷിക്കുന്നുള്ളു.

മഹാജനങ്ങളേ, കഴിഞ്ഞ രണ്ടു സംവത്സരക്കാലം ബന്ധുക്കളാലോ സ്‌നേഹിതന്മാരാലോ നിശ്ശേഷം അനാക്രാന്തമായി, ഭദ്രമായി, സൂക്ഷിക്കപ്പെട്ടിരുന്ന "ബന്ദേഖാനാ" യ്‌ക്കുള്ളില്‍ ബാഹ്യലോകത്തില്‍ എന്തു നടക്കുന്നു എന്നും, എന്‍റെ കുടുംബകാര്യങ്ങളും എന്‍റെ വാത്സല്യഭാജനങ്ങളായ സന്താനങ്ങളും, അതിലും വിശേഷിച്ചു എന്‍റെ ബന്ധനകാലത്തു ജന്മമെടുത്ത എന്‍റെ ഏകപുത്രിയും, എങ്ങനെ കഴിഞ്ഞുകൂടുന്നു എന്നും അറിവാന്‍ മാര്‍ഗമില്ലാതെയിരുന്ന ഞാന്‍, പൂര്‍വോത്തരസംബന്ധരീത്യാ പുറമേ എന്തു നടക്കുന്നു എന്നും ഞാന്‍ ബന്ധനവിമുക്തനായാല്‍ എന്തു നടക്കുമെന്നും കൂടക്കൂടെ സങ്കല്‌പിച്ചുനോക്കാറുണ്ടായിരുന്നു. ഈ സങ്കല്‌പങ്ങളില്‍ ദൃശ്യങ്ങളായിരുന്ന കാഴ്‌ചകള്‍ ഒന്നുമാത്രമായിരുന്നു, ഇക്കഴിഞ്ഞ രണ്ടു സംവത്സരക്കാലവും എന്നില്‍നിന്നു "മനുഷ്യത്വം" - ആ വാക്കിനു വല്ല അര്‍ത്ഥവുമുണ്ടെങ്കില്‍ - ആയതു മുഴുവന്‍ നശിപ്പിക്കുന്ന ആ തുറുങ്കില്‍വച്ചു നിശ്ശേഷം നശിച്ചുപോകാതെ നിലനിര്‍ത്തിക്കൊണ്ടുപോന്നത്‌. എന്നാല്‍ എന്‍റെ സങ്കല്‌പദൃഷ്‌ടിക്കു ഗോചരങ്ങളായിരുന്ന ചിത്രങ്ങളില്‍ ഒന്നിലും ഇന്നു പ്രഭാതം മുതല്‍ സായാഹ്നം വരെ ഞാന്‍ കണ്ടതും ആജീവനാന്തം മാഞ്ഞുപോകാത്തവണ്ണം എന്‍റെ ഹൃദയത്തില്‍ ദൃഢമുദ്രിതമായിത്തീര്‍ന്നിരിക്കുന്നതുമായ കാഴ്‌ചകളുടെ ഒരവ്യക്തച്ഛായപോലും എനിക്കു ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇത്ര ആഡംബരപൂര്‍വമായ ഒരു സ്വീകരണം എനിക്കു ലഭിക്കുവാന്‍ തക്കവണ്ണം ഞാന്‍ ചെയ്‌ത മഹാകാര്യം എന്താണെന്നു ഞാനാശ്ചര്യപ്പെടുന്നു. വല്ലതും ഒരു കാര്യം ഞാന്‍ സാധിച്ചിട്ടുണ്ടെന്നുള്ള സങ്കല്‌പത്തിലാണ്‌ ഈ വലിയ ഉപചാരസല്‌ക്കാരങ്ങളും ബഹുമതികളും എനിക്കു ചെയ്യുകയും വാത്സല്യപൂര്‍ണവും ദയാമസൃണവുമായ വാക്കുകളും ആശയങ്ങളും അടങ്ങിയ ഈ മംഗളപത്രങ്ങളും ഭാരമേറിയ ഈ പണക്കിഴികളും എനിക്കു സമ്മാനിക്കുകയും ചെയ്‌തതെങ്കില്‍ ഈ എല്ലാ ബഹുമതികള്‍ക്കും ഇതില്‍ കൂടുതലായ ബഹുമതിക്കും പൂര്‍ണാവകാശിയായ ഒരു മഹാനുഭാവന്‍ ഇതിലൊന്നിലും സംബന്ധിക്കുവാന്‍ നിര്‍വാഹമില്ലാത്ത ശരീരാസ്വാസ്ഥ്യത്തോടുകൂടി 40 നാഴിക അകലെ നിരണം എന്ന സ്ഥലത്തു വിശ്രമിക്കുന്നുണ്ട്‌. മിതവാദികളില്‍ വച്ചു മിതവാദിയും, ന്യായവേദികളില്‍വച്ചു ന്യായവേദിയും, ധര്‍മ്മിഷ്‌ഠന്മാരില്‍വച്ചു ധര്‍മ്മിഷ്‌ഠനുമായ ആ പരമസാത്വികന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു നടന്നിരുന്ന നിവര്‍ത്തന പ്രക്ഷോഭണത്തിനു എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതു ആ മഹത്തായ നേതൃത്വത്തിന്‍റെ വിദഗ്‌ദ്ധഹസ്‌തങ്ങളില്‍ ഒരായുധം മാത്രമേ ആയിരുന്നുള്ളു.

സഹോദരരേ, സമരാങ്കണങ്ങളില്‍ പ്രവേശിക്കുന്ന സേനാനികളോ ഭടന്മാരോ അല്ല വാസ്‌തവത്തില്‍ ആ സമരത്തിന്‍റെ വിജയത്തിനുള്ള അവകാശികള്‍, ആയോധനത്തിനു ആവശ്യമായ സാധനസാമഗ്രികളെ ലോഭം കൂടാതെ സംഭരിച്ചു കൊടുക്കുന്ന ഒരു ജനത ഭടന്മാര്‍ക്കു പിന്തുണയായിട്ടില്ലെങ്കില്‍ യാതൊരു സമരവും വിജയകരമായി പരിണമിക്കുന്നതേയില്ല. ക്രൈസ്തവ-ഈഴവ-മുസ്‌ലീം സമുദായത്തില്‍പ്പെട്ട നമ്മില്‍ ഏതാനും പേര്‍ മുന്നിട്ടിറങ്ങി നടത്തിയ നിവര്‍ത്തന പ്രക്ഷോഭണത്തില്‍ ആ മൂന്നു മഹാസമുദായങ്ങളിലും ഉള്‍പ്പെട്ട മഹാജനങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കില്‍ ആ സംരംഭത്തിനു നിശ്ചയമായും യാതൊരു വിജയവും ഉണ്ടാകുന്നതല്ലായിരുന്നു. അതിനാല്‍ നിങ്ങള്‍ എനിക്കു ചെയ്‌തിരിക്കുന്ന ഈ ബഹുമതിക്കും യഥാര്‍ത്ഥത്തിലുള്ള രണ്ടാമത്തെ അവകാശികള്‍ ഈ മൂന്നു സമുദായങ്ങളിലേയും മഹാജനങ്ങള്‍ തന്നെയാണ്‌. ഞാന്‍ കേവലം ഈ മൂന്നു സമുദായങ്ങള്‍ക്കും ഒരു പിണിയാളായിരുന്നു എന്നേയുള്ളു.

വിഭിന്ന മനോഭാവങ്ങളോടും സംസ്‌കാരങ്ങളോടും കൂടിയ മൂന്നു സമുദായങ്ങളെ അത്യന്തം ഗൗരവമേറിയ ഒരു രാഷ്‌ട്രീയ കാര്യസിദ്ധിക്കു ഏകലക്ഷ്യമായി പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണം സന്നദ്ധമായി തീര്‍ക്കുന്നതിനുള്ള പ്രചരണവേല എത്രയും നിപുണമായി നിര്‍വഹിക്കുവാന്‍ മലയാളമനോരമ ചെയ്‌തപോലെ ശക്തിയും പ്രചാരവും ഉള്ള ഒരു ദിനപത്രം ഉണ്ടായിരുന്നില്ലെങ്കില്‍ നിവര്‍ത്തന പ്രസ്ഥാനത്തിന്‍റെ പരിണാമം എന്തായിത്തീരുമായിരുന്നു എന്നു ഓര്‍ക്കുവാന്‍ തന്നെ ഭയമാകുന്നു. ഏകദേശം അരനൂറ്റാണ്ടുകാലം മുമ്പേ 1064-ല്‍ ഒരു പ്രതിവാര പത്രമായി ആരംഭിച്ച മലയാളമനോരമ ഗണപതിക്കു കുറിച്ച മുഖപ്രസംഗം തന്നെ പുലയരുടെ വിദ്യാഭ്യാസം എന്നായിരുന്നു എന്നു ഞാന്‍ കേട്ടിട്ടുണ്ട്‌. കേട്ടറിവാനല്ലാതെ വായിച്ചറിയാന്‍ അന്നു ഞാന്‍ ജനിക്കുകതന്നെ ഉണ്ടായിട്ടില്ലല്ലോ. അവശസമുദായങ്ങളുടെ സമുന്നതിക്കു വേണ്ടി മനോരമയുടെ ജനകനായിരുന്ന പുണ്യചരിതന്‍ മി.വറുഗീസുമാപ്പിള ആരംഭിച്ച പ്രസ്ഥാനം അദ്ദേഹത്തിന്‍റെ അനുരൂപ ഭാഗിനേയനായ ഇന്നത്തെ അദ്ധ്യക്ഷന്‍ ഉത്തരോത്തരം വിപുലവും ശക്തിമത്തും ആക്കിത്തീര്‍ത്ത്‌ സ്‌കൂള്‍ പ്രവേശനം പോലും നിഷേധിക്കപ്പെട്ട്‌ അവശതയുടെ അടിത്തട്ടില്‍ ആണ്ടുകിടന്നിരുന്ന അനേകലക്ഷങ്ങള്‍ക്ക്‌ സ്‌കൂള്‍ പ്രവേശനം മുതല്‍ ക്ഷേത്രപ്രവേശനംവരെ സാധ്യമാക്കിക്കൊടുത്ത കഥകള്‍ ഞാന്‍ ജനിക്കുന്നതിനുമുമ്പു തുടങ്ങി എന്‍റെ ജയില്‍വാസകാലത്തോടുകൂടിയാണല്ലോ പൂര്‍ണതയില്‍ എത്തിച്ചതെന്നു ഞാന്‍ പറയുമ്പോള്‍ രാഷ്‌ട്രീയമായും സാമുദായികമായും സാമ്പത്തികമായും ഉള്ള അവശതകള്‍ക്കെല്ലാം പരിപൂര്‍ണമായ പരിഹാരം അവശസമുദായങ്ങള്‍ക്കുണ്ടായി എന്ന്‌ ആരും അര്‍ത്ഥമാക്കുകയില്ലല്ലോ. എന്നാല്‍ പ്രയത്‌ന സാദ്ധ്യമല്ലാത്ത യാതൊരു അവശതയും ഇല്ലെന്നു അര നൂറ്റാണ്ടുകാലത്തെ നിരന്തരപ്രയ്‌തനംകൊണ്ടു നമുക്ക്‌ അനുഭവഗോചരമാക്കിത്തന്നത്‌ 'മലയാളമനോരമ'യാണെന്നുള്ള വസ്‌തുത നാം ഒരിക്കലും വിസ്‌മരിച്ചുകൂടാത്തതാകുന്നു. ജനസംഖ്യാനുപാതിക പ്രാതിനിധ്യവാദം സംയുക്തസമുദായങ്ങളാണ്‌ ആരംഭിച്ചതെന്ന്‌ വിചാരിക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ 49 കൊല്ലംമുമ്പേ 'മലയാളമനോരമ'യുടെ പത്രാധിപപംക്തികളില്‍ ബീജാവാപം ചെയ്‌തതാണ്‌ ആ വാദമെന്നുള്ള വസ്‌തുത മനോരമയുടെ ഒന്നാംവാല്യം വായിച്ചുനോക്കുമ്പോള്‍ നിങ്ങള്‍ക്കു ബോദ്ധ്യമാകുന്നതാണ്‌. നിയമസഭയില്‍ ഒരു ക്രിസ്‌ത്യാനിക്കുംകൂടി പ്രാതിനിധ്യം നല്‍കണമെന്നുള്ള അക്കാലത്തെ മനോരമ പംക്തികള്‍ നിങ്ങള്‍ക്ക്‌ തെളിവു തരുന്നതാണ്‌. എത്രയും മിതമായി ആരംഭിച്ച ആ വാദത്തിന്‍റെ അനന്തരഫലങ്ങള്‍ ക്രിസ്‌ത്യാനികളിലും ഈഴവരിലും മുസല്‍മാന്‍മാരിലും കൂടി കീഴ്‌പോട്ടിറങ്ങി പുലയര്‍, പറയര്‍ മുതലായവര്‍ വരെയുള്ള സമസ്‌ത സമുദായങ്ങള്‍ക്കും ഇപ്പോള്‍ ഹസ്‌തപ്രാപ്‌തമായിരിക്കുന്നു എന്നു നിങ്ങള്‍ക്കറിയാമല്ലോ. വാസ്‌തവം പറകയാണെങ്കില്‍ കഴിഞ്ഞ നാലഞ്ചു സംവത്സരക്കാലം നാം നടത്തിയ പ്രക്ഷോഭണങ്ങള്‍ക്കാവശ്യമായിരുന്ന രാഷ്‌ട്രീയ പ്രബുദ്ധത തിരുവിതാംകൂറിലെ അവശലക്ഷങ്ങള്‍ക്കുണ്ടാക്കിത്തീര്‍ക്കുവാന്‍ 'മലയാളമനോരമ'യെപ്പോലെ കണ്ണിലെണ്ണയും ഒഴിച്ച്‌ ഒരു പത്രം ശ്രദ്ധിച്ചിരുന്നില്ലെങ്കില്‍ സാധ്യമായിരുന്നോ എന്ന്‌ എനിക്ക്‌ സംശയമാകുന്നു. ഒരുപക്ഷേ, മനോരമയുടെ ഈ വിഷയത്തിലുള്ള നിര്‍ബന്ധമായ നയം തന്നെയായിരിക്കാം അതിനോടു മറ്റു ചില പത്രങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന സ്‌പര്‍ദ്ധക്കുള്ള നിദാനവും എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ നിവര്‍ത്തന പ്രസ്ഥാനത്തിനുണ്ടായ വിജയത്തിനുള്ള അവകാശികളില്‍ മൂന്നാമതായിട്ടാണ്‌ ഞാന്‍ പറയുന്നതെങ്കിലും ഒന്നാമത്തെ അവകാശി 'മലയാളമനോരമ' തന്നെയാണ്‌.

മഹാജനങ്ങളേ, എന്‍റെ പേരില്‍ നടന്നിരുന്ന രാജദ്രാഹക്കേസിന്‍റെ സത്യാസത്യങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല നിശ്ചയമുള്ളതാണല്ലോ. ആ കേസിനെ സംബന്ധിച്ച്‌ ഒരുകാര്യം മാത്രമേ പറയുവാനുള്ളൂ. "സെഡിഷന്‍" എന്ന ഇംഗ്ലീഷ്‌ വാക്കിന്‌ "രാജദ്രാഹം" എന്നു തര്‍ജ്ജമയില്‍ കാണുന്ന "രാജ"ശബ്‌ദത്തെക്കുറിച്ചാണത്‌. ആ സമസ്‌തപദത്തിലെ രാജശബ്‌ദംകൊണ്ടു പ്രത്യക്ഷമായി തോന്നുന്ന അര്‍ത്ഥത്തിലുള്ള രാജദ്രാഹം നിവര്‍ത്തനപ്രക്ഷോഭണകാലത്താകട്ടെ, ആ പ്രക്ഷോഭണത്തിനുമുമ്പും പിമ്പും ഉള്ള കാലങ്ങളിലാകട്ടെ എപ്പോഴെങ്കിലും എന്‍റെ മനസില്‍ അങ്കുരിക്കപോലും ഉണ്ടായിട്ടില്ല. ഞാന്‍ ജനിച്ച തറവാടിന്‍റെ പാരമ്പര്യത്തിലാകട്ടെ ഈ സംസ്ഥാനത്തിലെ സംയുക്ത സമുദായങ്ങളെന്നു പറയപ്പെടുന്ന ക്രൈസ്തവ, ഈഴവ, മുസ്‌ലീം സമുദായങ്ങളുടെ പാരമ്പര്യത്തിലാകട്ടെ രാജദ്രാഹബുദ്ധിയുടെ സൂചനപോലും ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയുന്നതല്ല. നമുക്ക്‌ രാജഭക്തരായിരിക്കുവാനല്ലാതെ രാജഭക്തി ഒരു വ്യവസായമായും കലാവിദ്യയായും കൊണ്ടുനടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു സമ്മതിച്ചേ തീരൂ. രാജസ്ഥാനങ്ങളോടും രാജാവില്ലാതെയുള്ള ഭരണസ്ഥാപനങ്ങളോടും അചഞ്ചലമായ രാജഭക്തി രാജ്യാഭിമാനമുള്ള ഏതൊരു പൗരനും, അവനെത്ര തന്നെ സര്‍വ്വതന്ത്രസ്വതന്ത്രനായിരുന്നാലും, ഉണ്ടായിരിക്കേണ്ടതാവശ്യമാണ്‌. അങ്ങനെയുള്ള രാജഭക്തി ആരൊക്കെ നിഷേധിച്ചാലും നിങ്ങള്‍ക്കും മറ്റാര്‍ക്കും എന്നപോലെ എനിക്കും ദൃഢമായുണ്ടെന്നു വിശ്വസിച്ചുതന്നെയായിരിക്കാം മഹാരാജാവു തിരുമനസ്സുകൊണ്ട്‌ എന്‍റെ ശിക്ഷയുടെ കാലാവധിയില്‍ ശേഷിച്ചിരുന്ന ഏതാനും ദിവസങ്ങളും പിഴസംഖ്യയും ഇളവുചെയ്‌ത്‌ എന്നെ മോചിപ്പിച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു.

പ്രിയ സുഹൃത്തുക്കളേ, രാഷ്‌ട്രീയമോ സാമുദായികമോ ആയ യാതൊരു കാര്യത്തെ സംബന്ധിച്ചും ഈ സന്ദര്‍ഭത്തില്‍ പറയണമെന്നു ഞാന്‍ വിചാരിക്കുന്നില്ല. കഴിഞ്ഞ രണ്ടു സംവത്സര കാലത്തിനിടയില്‍ ഇവിടെ എന്തെല്ലാം നടന്നു എന്നു ഞാന്‍ ജയിലില്‍ നിന്നു മോചിപ്പിക്കപ്പെട്ടതു മുതല്‍ ഇന്നുവരെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം ചിലതൊക്കെ പറഞ്ഞുകേട്ടു. എങ്കിലും എന്തെല്ലാം നടന്നു എന്നു സൂക്ഷ്‌മമായി ഗ്രഹിച്ചതിനു ശേഷമല്ലാതെ എന്തെങ്കിലും പറയുവാന്‍ എനിക്കു കഴിയുന്നതുമല്ല. അവ്യാജവാത്സല്യത്തോടുകൂടെ നിങ്ങള്‍ എനിക്കു നല്‍കിയ സ്വീകരണത്തിനും എനിക്കു സമര്‍പ്പിച്ച മംഗളപത്രങ്ങള്‍ക്കും എന്‍റെ ഹൃദയപൂര്‍വമായ വന്ദനം പറയുക എന്നതില്‍ക്കവിഞ്ഞു യാതൊന്നും ഇപ്പോള്‍ പറയണമെന്നു വിചാരിക്കുന്നില്ല. എന്നാല്‍ ഒരു സംഗതി എനിക്കു പറയാതെ കഴികയില്ല. ഞാന്‍ ജയിലിലായിരുന്ന കാലത്ത്‌ എന്‍റെ കുടുംബസംരക്ഷണം ഞാന്‍ നടത്തിയതിലും തുലോം അധികമായ ശ്രദ്ധയോടും താല്‌പര്യത്തോടുംകൂടി എസ്‌.എന്‍.ഡി.പി യോഗവും സംയുക്തസമുദായംഗങ്ങളായ ഏതാനും മാന്യന്മാരും വാത്സല്യപൂര്‍വം നടത്തിയിരുന്നു എന്നു ഞാന്‍ ജയിലില്‍നിന്നു വന്നശേഷം അറിവാനിടയായപ്പോള്‍ എന്‍റെ ജയില്‍വാസകാലത്തും കാര്യങ്ങള്‍ ഇങ്ങനെ നടക്കുന്നു എന്നു അറിവാന്‍ ഇടയായിരുന്നു എങ്കില്‍ ആ തുറങ്കിലെ ജീവിതം എനിക്കു എത്ര ആനന്ദപ്രദമായ ഒരു വിശ്രമം ആയിരുന്നേനെ എന്ന്‌ എനിക്ക്‌ തോന്നാതിരുന്നില്ല. എന്നാല്‍ ഇതിനെക്കുറിച്ച്‌ ഞാന്‍ ആശ്ചര്യപ്പെടുന്നില്ല. എന്നെ അറസ്റ്റു ചെയ്‌ത അന്നുമുതല്‍ ഞാന്‍ ജയിലില്‍ അടയ്‌ക്കപ്പെടുന്നതുവരെ പ്രമാദമായ ഈ കേസ്‌ നടത്തുന്ന വിഷയത്തില്‍ വേണ്ടിവന്നിരുന്ന ലോഭരഹിതമായ പണെച്ചലവെല്ലാം ചെയ്‌തത്‌ നിങ്ങളാണെന്നോര്‍ക്കുമ്പോള്‍ നിങ്ങളോടും യാതൊരു പ്രതിഫലേച്‌ഛയും കൂടാതെ എന്‍റെ പേരിലുള്ള കേസ്‌ സ്വന്തം കയ്യില്‍ നിന്നു പണച്ചെലവുകൂടി ചെയ്‌തു നടത്തിയത്‌ ഈ ഇരിക്കുന്ന എന്‍റെ ആത്‌മമിത്രം ടി.എം.വറുഗീസ്‌ മുതല്‍പേര്‍ ആണെന്നും എനിക്കുണ്ടായിരുന്നതില്‍ തുലോം അധികമായ ഉത്സാഹത്തോടുകൂടി അതിനായിട്ടു ഓടിനടന്നതും എന്‍റെ ജയില്‍ജീവിതകാലത്ത്‌ സഹോദര നിര്‍വിശേഷമായി എന്‍റെ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നതും മി.എ.എം.വര്‍ക്കി മുതലായ സ്‌നേഹിതന്മാരാണെന്നും ഓര്‍ക്കുമ്പോള്‍ അവരോടു എനിക്കുള്ള കടപ്പാട്‌ എങ്ങനെയാണ്‌ വീട്ടേണ്ടതെന്നു ഞാന്‍ അറിയുന്നില്ല. ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ ഈ കൂട്ടത്തില്‍ പേര്‍ പറയേണ്ട മറ്റു സ്‌നേഹിതന്മാരെ വിസ്‌മരിച്ചു കളഞ്ഞു എന്ന്‌ ആരും പരിഭവിക്കരുതെന്ന്‌ ഞാന്‍ അപേക്ഷിക്കുന്നു. അത്യുദാരവും സ്‌നേഹമസൃണവുമായ വിധം എന്‍റെ കാര്യത്തിലും എന്‍റെ കുടുംബകാര്യത്തിലും നിങ്ങളെല്ലാം ഇത്ര താല്‌പര്യം പ്രദര്‍ശിപ്പിക്കുവാന്‍ ഇടയായതില്‍ നിന്ന്‌ ഒരു സംഗതി എന്‍റെ ഹൃദയത്തില്‍ നിര്‍വാണനിമന്മമായതുപോലെയുള്ള സംതൃപ്‌തി നല്‌കുന്നുണ്ട്‌. സമുദായകാര്യങ്ങള്‍ക്കോ പൊതുകാര്യങ്ങള്‍ക്കോ വേണ്ടി മുന്നിട്ടുനിന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എനിക്കുണ്ടായതുപോലെയുള്ള ഞെരുക്കവും ബുദ്ധിമുട്ടും നേരിടാമെന്നുള്ള ലോകകാര്യങ്ങള്‍ അറിയുന്ന നമുക്ക്‌ നിത്യാനുഭവം ഉള്ളതാണല്ലോ. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആ വക ഞെരുക്കങ്ങള്‍ നേരിടുന്നവരെ സകലവിധമായും സഹായിക്കുവാനുള്ള ചുമതല ഏറ്റെടുക്കുവാന്‍ സന്നദ്ധരായവരുണ്ടാകുന്നത്‌ ഏതാദൃശങ്ങളായ കാര്യങ്ങളില്‍ സ്വകീയസുഖസൗകര്യാദികളെ പരിഗണിക്കാതെ ഏര്‍പ്പെടുവാന്‍ തക്ക ത്യാഗസന്നദ്ധന്മാരെ സൃഷ്‌ടിക്കുവാന്‍ പര്യാപ്‌തമായിത്തീരുന്നതാണ്‌. ആത്‌മാര്‍ത്ഥതയോടുകൂടി എനിക്കു നിങ്ങള്‍ ചെയ്‌തിട്ടുള്ള സഹായങ്ങള്‍ക്കും ഇന്നു എനിക്കു നല്‍കിയിരിക്കുന്ന ഈ വാത്സല്യപൂര്‍വമായ സ്വാഗതത്തിന്‍റെയും അര്‍ത്ഥം ഇതാണെങ്കില്‍ സംയുക്തസമുദായങ്ങളുടെ ഭാവിയെക്കുറിച്ച്‌ യാതൊരു ആശങ്കയും എനിക്കു തോന്നുന്നില്ല. സമുദായശുശ്രൂഷ യുവാക്കന്മാരെ സൃഷ്‌ടിക്കുവാന്‍ ഉപയുക്തമായ നിങ്ങളുടെ ഈ സ്‌നേഹപൂര്‍വ്വമായ സ്വീകരണസല്‌ക്കാരങ്ങള്‍ക്കും അമ്പലപ്പുഴ എസ്‌.എന്‍.ഡി.പി യൂണിയന്‍, സംയുക്ത രാഷ്‌ട്രീയകോണ്‍‍ഗ്രസ്‌, ആര്യാട്‌ വാലസമുദായ സംഘം ഈ സ്ഥാപനങ്ങള്‍ വക ഔദാര്യപൂര്‍വമായ പണക്കിഴികള്‍ക്കും മറ്റു സമ്മാനങ്ങള്‍ക്കും ഹൃദയപൂര്‍വമായ വന്ദനം പറഞ്ഞുകൊണ്ട്‌ തല്‌ക്കാലം ഞാന്‍ വിരമിച്ചുകൊള്ളട്ടെ.