സിംഹളസിംഹം സി.കേശവന്‍

Demand for Grants - Police 20 March 1951

മുഖ്യമന്ത്രി ശ്രീ.സി.കേശവന്‍: സര്‍, പോലീസു ഡിപ്പാര്‍ട്ടുമെണ്ടിനെക്കുറിച്ചു എന്തു പറഞ്ഞാലും വിലപ്പോകുന്ന ഒരു കാലമാണിത്‌. ഇന്നത്തെ ബഹുമാനപ്പെട്ട മെമ്പറന്മാരുടെ പ്രസ്‌താവനകളില്‍ നിന്നും പോലീസിന്‍റെ ചില പ്രവര്‍ത്തനങ്ങളില്‍ അതിക്രമമോ അപാകതയോ ഉണ്ടായിട്ടുണ്ടെന്നു കാണുന്നു. അതില്‍ വളരെ പ്രധാനമായി പറഞ്ഞ ഒന്ന് പേരൂരില്‍ ഉണ്ടായ സംഭവമാണ്‌. ഇന്നു കാലത്ത്‌ അഡ്‌ജേണ്‍മെന്റു മോഷനു വിഷയമായ ആ സംഗതിയെക്കുറിച്ചു ആ വകുപ്പിന്‍റെ ചാര്‍ജു വഹിക്കുന്ന മന്ത്രി എന്നുള്ള നിലയില്‍ എനിക്കു കിട്ടിയ അറിവ്‌ ഈ സഭയെ ധരിപ്പിക്കാമെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌.

പേരൂരില്‍ ഒരു ചെറിയ ആറുണ്ട്‌. ആ ആറ്റില്‍നിന്നാണ്‌ വെള്ളം കോട്ടയത്തുകൊണ്ടുപോയി കുടിക്കുന്നത്‌. ആ ആറ്റുകടവില്‍ സ്‌ത്രീകള്‍ കുളിച്ചുകൊണ്ടു നില്‌ക്കുമ്പോള്‍ രണ്ടുമൂന്നു കുടിയന്മാര്‍ നഗ്നന്മാരായി കുളിക്കാനിറങ്ങിയതിനെ അവിടെ കുളിച്ചുകൊണ്ടുനിന്ന രണ്ടു പോലീ സുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നു ആ പോലീസുകാരും കുടിയ ന്മാരുമായി ഒരു അടിയുണ്ടായി. പോലീസുകാരെ വളരെ ഉപദ്രവിച്ചു. അവരുടെ ഉടുപ്പുപോലും കളഞ്ഞുപോയി. പിറ്റേദിവസം ഉടുപ്പെടുക്കാന്‍ പോയപ്പോഴും അവരെ തല്ലി. പോലീസുകാരെ തല്ലിയാല്‍ അവര്‍ സൈന്യസമേതം ചെല്ലുമെന്നു വിചാരിച്ചു അവിടെ ആളു ശേഖരിച്ചു തയ്യാറാക്കിയിരുന്നു. ഉടുപ്പെുടുക്കാന്‍ പോയപ്പോള്‍ ഒരു കത്തനാരും ഉലക്കയുമായിട്ടു അടിക്കാന്‍ ചാടി. ആ അടി കഴിഞ്ഞു പോലീസ്‌ തോറ്റു ഉടുപ്പെടുക്കാതെ കടന്നു.

18-ാം തീയ്യതി അടിച്ചവരെ അന്വേഷിച്ച കൂട്ടത്തില്‍ പോലീസു കുറച്ചു മര്യാദകേടു കാണിച്ചിട്ടുണ്ടെന്നു അറിയാന്‍ കഴിഞ്ഞു. ഇവിടത്തെ ഒരു പ്രാഫസറായ പാലാ ഗോപാലന്‍നായര്‍ എന്ന ദേഹത്തേയും ഉപദ്രവിച്ചു. പ്രാഫസര്‍ ഗോപാലന്‍നായരേയും അദ്ദേഹത്തിന്‍റെ രണ്ട്‌ അനന്തരവന്മാരേയും തല്ലിയെന്നു അറിയുന്നു. ഈ അറിവു എനിക്കു 18-ാം തീയതി തന്നെ കിട്ടി.

പോലീസില്‍ നിന്നും അതേക്കുറിച്ച്‌ അന്വേഷണം നടത്തി. ഉടനെ തന്നെ അവിടെനിന്നും കിട്ടിയ അറിവു വെച്ചുകൊണ്ട്‌ ആറു പോലീസു കാരെ സസ്‌പെന്റു ചെയ്‌തു. പിന്നീട്‌ എ.എസ്‌.പി.യെ അവിടെ നിന്നും സ്ഥലം മാറ്റി. ആംഡ്‌ റിസര്‍വ്‌ ഇന്‍സ്‌പെക്‌ടറേയും സ്ഥലം മാറ്റി. മാത്രമല്ല ആ ഡിറ്റാച്ച്‌മെന്റ്‌ മുഴുവനും അവിടെനിന്നും മാറ്റപ്പെട്ടു. ഇതു സംബന്ധിച്ച്‌ ഇന്നു കാളേജ്‌ വിദ്യാര്‍ത്ഥികള്‍ വലിയ ഒരു സംഘമായി വന്ന് ഇതിനെന്തെന്നിലും പരിഹാരം ഉടനെ ഉണ്ടാക്കണമെന്നു പറയുകയുണ്ടായി. ഇതേക്കുറിച്ച്‌ വേണ്ട അന്വേഷണങ്ങള്‍ നടത്തി ക്കൊള്ളാമെന്നും കുറ്റക്കാരാണെന്നു കണ്ടാല്‍ അവരെ ശിക്ഷിക്കുകയും ചെയ്‌തുകൊള്ളാമെന്നും പറഞ്ഞു.

ആദ്യത്തെ രണ്ടു സംഭവങ്ങള്‍ക്കും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. പ്രതികളെ അറസ്റ്റ് ചെയ്‌തു സ്റ്റേഷനില്‍ കൊണ്ടുവന്നു ജാമ്യം കൊടുത്ത്‌ അവരെ അയക്കുകയും ചെയ്‌തു. കത്തനാരെ ഉപദ്രവിച്ചിട്ടില്ല.

ഒരു ഗവണ്‍മെന്റിനു സമാധാനസംരക്ഷണം ആവശ്യമാണ്‌. സമാധാന സംരക്ഷണത്തിനു, പോലീസും മിലിറ്ററിയുമാണാവശ്യമായിട്ടുള്ളത്‌. സമാധാന സംരക്ഷണത്തിനു സേന ആവശ്യമില്ലെന്നുള്ളത്‌ ഈ ഗവണ്‍മെന്റിനും കാണ്‍ഗ്രസ്‌ കക്ഷിക്കും അനുകൂലിക്കുവാന്‍ നിവൃത്തിയില്ല. സമാധാനലംഘനം ഉണ്ടാക്കുന്നവരെ ശക്തി പ്രയോഗിച്ചും അമര്‍ത്തേണ്ടതാണ്‌. അങ്ങിനെ ശക്തി പ്രയോഗിക്കുമ്പോള്‍ സ്വല്‌പം കൂടിപ്പോയിരിക്കാം. സമാധാനലംഘനം ഉണ്ടാക്കുന്നവരെ വളരെ ശക്തിയായിത്തന്നെ അമര്‍ത്തണമെന്നാണ്‌ എന്റേയും ഗവണ്‍മെന്റിന്റേയും ഉദ്ദേശം. അങ്ങനെ അക്രമത്തെ പരസ്യമായി തടയുന്നതിന്‌ പോലീസ്‌ സൈന്യം ആവശ്യമാണ്‌. പോലീസ്‌ സൈന്യത്തെക്കൊണ്ടു സാധിക്കാതെ വരുമ്പോള്‍ മിലിറ്ററിയെക്കൊണ്ട്‌ അതു സാധിക്കുന്നതാണ്‌. ഈ അടുത്ത കാലങ്ങളില്‍ എത്ര സ്ഥലങ്ങളില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരെയും പോലീസുകാരേയും കൊലപാതകം നടത്തിയതായി നാം അറിഞ്ഞിട്ടുണ്ട്‌. ഇതെല്ലാം ഒരാദര്‍ശത്തിന്‍റെ പേരില്‍ നടത്തിയ താണെന്നു ആദര്‍ശവാദികള്‍ പറയുമായിരിക്കാം. ഈ ആദര്‍ശവാദികള്‍ ഈ നാട്ടില്‍ ഉള്ളിടത്തോളം കാലം സമാധാനപരമായ ഒരന്തരീക്ഷം ഈ നാട്ടില്‍ സൃഷ്‌ടിക്കുവാന്‍ സാധിക്കുന്നതല്ല. ഇപ്പോള്‍ "സ്‌റ്റോക്ക്‌ ഹോം പീസ്‌ മൂവ്‌' എന്നും വിദ്യാഭ്യാസ സമാധാനക്കമ്മിറ്റി എന്നും മറ്റും ഉള്ള പേരുകളില്‍ ഉള്ള സംഘടനകളില്‍ കൈ പൊക്കിക്കൊണ്ടു ഗേറില്ലാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്രമത്തെ എതിര്‍ക്കു ന്നതിനുള്ള സംഘടനകളാണെന്നുള്ള പേരില്‍ ഗ്രാമപ്രദേശങ്ങളില്‍ അക്രമം നടത്തണമെന്നും അവരുടെ കേന്ദ്രങ്ങളില്‍ നിന്നും ഉപദേശം കൊടുത്തിട്ടുള്ളതായി അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഈ അക്രമങ്ങളെ തടയുന്നതിനു പകരം അവരെ പുഷ്‌പം ഇട്ടു അവരുടെ മുമ്പില്‍ തൊഴണമെന്നാണോ പറയുന്നത്‌? അവര്‍ അങ്ങനെ പരസ്യമായ പ്രോഗ്രാം അനുസരിച്ച്‌ പ്രവര്‍ത്തനം നടത്തുന്ന കാലത്തോളം പരസ്യമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ അവരെ അമര്‍ത്തുകതന്നെ ചെയ്യും. അവര്‍ ഇങ്ങനെ അണ്ടര്‍ഗ്രൗണ്ടില്‍ പോയി പ്രവര്‍ത്തനം നടത്താതെ ഇങ്ങനെ അക്രമങ്ങള്‍ക്ക്‌ പ്രരണ നടത്തുന്നതല്ലെന്നു പ്രഖ്യാപനം ചെയ്യു ന്നില്ലെന്നില്‍ ആ സംഘടനയോടു വളരെ മര്യാദയായി പെരുമാറുന്നതിനും സമാധാനം സംരക്ഷിക്കുന്നതിനും സാധിക്കുന്നതല്ല. സമാധാനമില്ലാതാക്കി ഈ രാജ്യത്തെ അടക്കി ഭരിക്കാം എന്നു കമ്മ്യൂണിസ്‌റ്റുകാര്‍ വിചാരിക്കുന്നുണ്ടെന്നില്‍ അതിനുവേണ്ടി നാട്ടില്‍ ആളുകളെ കൊല്ലുകയും മറ്റും ചെയ്യുന്ന സംഘടനകളുണ്ടെന്നില്‍ അതിനെ തടയേ ണ്ടതാവശ്യമാണ്‌. ഈ ചുറ്റുപാട്‌ നമ്മുടെ നാട്ടിലുള്ളിടത്തോളം കാലം അവരെ തടയേണ്ടതും അമര്‍ത്തേണ്ടതും ഗവണ്‍മെന്റിന്‍റെ ആവശ്യമാണ്‌. അതിനുവേണ്ടിയുള്ള പോലീസുകാരെക്കുറിച്ചാണു നിങ്ങള്‍ കുറ്റം പറയുന്നതെന്നും ഓര്‍ക്കണം.

അതു കഴിഞ്ഞാല്‍ പിന്നെ ഒരു പ്രധാനമായ സംഗതി ഇവിടെ പ്രസ്‌താവിച്ചത്‌ കൈക്കൂലിയെപ്പറ്റിയാണ്‌. ഈ തിരുവിതാംകൂറില്‍ എല്ലാവരുടെ ഇടയിലും വിശേഷിച്ചു പോലീസിലും അടുത്തകാലത്തുവരെ കൈക്കൂലി ഉണ്ടായിരുന്നു. അത്‌ ഓട്ടോക്രസിയുടെ കാലമായിരുന്നു. അതിനൊരു മാറ്റവും ഇപ്പോഴും വന്നിട്ടില്ലെന്നു പറയുന്നതു ശരിയാണോ എന്നു ഞാന്‍ സംശയിക്കുന്നു. അതിനെക്കുറിച്ച്‌ നിങ്ങള്‍ തന്നെ നെഞ്ചത്തു കൈവച്ചുനോക്കണം. അന്നാണെന്നില്‍ ഒരു കാര്യം പത്രങ്ങള്‍ക്കു പറയാന്‍ നിവൃത്തിയില്ല. അന്ന് പത്രങ്ങളെ മുഴുവന്‍ മസില്‍ ചെയ്‌തു വച്ചിരിക്കയായിരുന്നു. സത്യമായ കാര്യങ്ങള്‍പോലും പത്രത്തില്‍ എഴുതിയാല്‍ അടുത്തദിവസം അതിന്‍റെ വാ മൂടിക്കെട്ടും. ഇന്നാണെങ്കില്‍ സ്വാതന്ത്യ്രത്തിന്‍റെ പേരില്‍ ഏതാഭാസവും പറയുന്നതിനു സ്വാതന്ത്യ്രം വിട്ടുകൊടുത്തിട്ടുള്ള കാലമാണ്‌. പണ്ടു സത്യം പറഞ്ഞാല്‍ തന്നെയും പിറ്റെദിവസം അതിനു ജീവിതമില്ല. രണ്ടോ മൂന്നോ കൊല്ലം ബ്യൂറോക്രസി ഉണ്ടായിരുന്നാല്‍ തന്നെ മുന്‍ഭരണത്തില്‍ സാത്‌മ്യം വന്ന കുറെ ആളുകളാണ്‌ ഇപ്പോഴും പോലീസില്‍ ഉള്ളത്‌. ഇത്രയും കാലംകൊണ്ട്‌ ആട്ടോക്രസിയുടെ പരിചരണവും പരിശീലനവും കഴിഞ്ഞിട്ടുളള ഈ കൂട്ടര്‍ രണ്ട്‌മൂന്ന് കൊല്ലംകൊണ്ട്‌ വലിയ സത്യവാന്മാരായിട്ടില്ല എന്നു പറയുന്നത്‌ വളരെ കഷ്‌ടമാണ്‌. ഉദ്യോഗസ്ഥന്മാര്‍ പൊതുജനങ്ങളുടെ യജമാനന്മാരല്ല. എന്നാല്‍ എല്ലാവര്‍ക്കും അവര്‍ ഉദ്ദേശിക്കുന്ന മാതിരി ബഹുമാനം എല്ലായ്‌പോഴും കൊടുക്കുന്നതിനു സൗകര്യപ്പെടാതെ വന്നേക്കാം. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കേണ്ടതല്ലേ എന്നു ഞാന്‍ ബഹുമാനപ്പെട്ട അംഗങ്ങളോടു ചോദിച്ചു കൊള്ളുന്നു.

പിന്നെ, വേളിമല ഇന്‍സിഡന്റ്‌ സബ്‌ജൂഡിസാണ്‌, അതുകൊണ്ട്‌ അതേപ്പറ്റി ഒന്നും പറയാന്‍ നിവൃത്തിയില്ല.

അതാണ്‌ ഞാന്‍ പറഞ്ഞിട്ടുള്ളത്‌ കൈക്കൂലിയും അഴിമതിയും ഇല്ലായ്‌മ ചെയ്യുന്നതിനു ഗവര്‍മ്മെന്റ്‌ ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളുമെന്ന്. ഇപ്പോള്‍ മുമ്പിലത്തേക്കാള്‍ തീര്‍ച്ചയായും കുറവു വന്നിട്ടുണ്ട്‌. ഇനിയും ഒരു ചെയ്‌ഞ്ച്‌ വരുന്നതുമാണ്‌.

ആ കാര്യം വളരെ സന്തോഷമായി ഞാന്‍ സ്വീകരിക്കുന്നു. ആ നിര്‍ദ്ദേശം ഞാനും ഈ ഗവര്‍മ്മെന്റും വളരെ കാര്യമായി ആലോചിക്കുന്നതാണ്‌. അത്‌ വളരെ കാര്യമായി നടപടി എടുക്കുമെന്നുള്ള കാര്യം തന്നെയാണ്‌. അടുത്തുതന്നെ അവരുടെ കാണ്‍ഫറന്‍സ്‌ വിളിച്ചുകൂട്ടി അതേപ്പറ്റി ആലോചിക്കുന്നതും വേണ്ടിവന്നാല്‍ ശിക്ഷണനടപടിമൂലം തടയുന്നതുമാണ്‌. കൈക്കൂലി നിശ്ശേഷം നിറുത്താന്‍ സാധിച്ചിട്ടില്ല. അതു നിറുത്തുന്നതിനുള്ള നടപടി ശക്തിയായി എടുക്കുന്നതാണ്‌. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാരുടെ പേരില്‍ 600 കേസുകള്‍ സി.ഐ.ഡിയുടെ ശ്രദ്ധയില്‍പ്പെടുകയും അതില്‍ അന്വേഷണത്തിനുശേഷം ഡിസ്‌മിസ്സല്‍, സസ്‌പെന്‍ഷന്‍, തരംതാഴ്‌ത്തല്‍, ഡിസ്‌ചാര്‍ജ്‌, ഫൈന്‍ മുതലായ ശിക്ഷകള്‍ കൊടുത്തിട്ടുമുണ്ട്‌. ഈ പത്തറുനൂറു കേസുകള്‍ പോലീസ്‌ ഇന്‍വെസ്റ്റിഗേറ്റ്‌ ചെയ്‌തു ഗവണ്‍മെന്റിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ശിക്ഷിക്കുന്നതിനു വേണ്ട തെളിവ്‌ ശേഖരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ കേസുകള്‍ ഒരു കോടതി മുഖാന്തിരം നടത്തുകയാണെന്നില്‍ ഇത്രയും കേസുകള്‍ ശിക്ഷയില്‍ കൊണ്ടുവരുന്നതിനു സാധിക്കുകയില്ല. അത്രവളരെ കണ്‍ക്ലൂസീവ്‌ എവിഡന്‍സാണ്‌ അവര്‍ ശേഖരിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ സി.ഐ.ഡി യെ സംബന്ധിച്ച്‌ ഇവിടെ പറഞ്ഞതു ശരിയല്ലെന്നു ഞാന്‍ പറയുന്നു.

എന്‍റെ ചില സ്‌നേഹിതന്മാര്‍ സി. ഐ.ഡിക്കാരെക്കുറിച്ച്‌ ഇവിടെ സംസാരിക്കുന്നതായി കേട്ടു. അവര്‍ നിങ്ങള്‍ സംസാരിക്കുന്ന തിരുവായ്‌ മൊഴികള്‍ പകര്‍ത്തിക്കൊണ്ടുപോകുന്നുണ്ട്‌. അവര്‍ കൊണ്ടുപോകട്ടെ. അതു നമുക്കും ആവശ്യമുള്ളപ്പോള്‍ കാണാവുന്നതാണ്‌. എനിക്കെന്‍റെ പൊളിറ്റിക്കല്‍ ലൈഫില്‍ അനുഭവപ്പെട്ടിട്ടുള്ളതാണ്‌. പക്ഷെ അവര്‍ വീട്ടില്‍ വന്നുകേറി അന്വേഷിക്കുന്നത്‌ ശരിയല്ല. ശ്രീ.കെ.പി.നീലകണ്‌ഠപിള്ള അതില്‍ വൈഷമ്യപ്പെടേണ്ട. അതു നമുക്ക്‌ രണ്ടുകൂട്ടര്‍ക്കും ഉപയോഗമുള്ള കാര്യങ്ങള്‍ക്കെടുക്കാം.

27 മാര്‍ച്ച്‌ 1951. ജയില്‍ അധികൃതരുടെ മോശമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച്‌ സി.കെ.കുമാരപ്പണിക്കര്‍, വറുഗീസ്‌ വൈദ്യന്‍, ഡോ.തമ്പി, പുതുപ്പള്ളി രാഘവന്‍ എന്നിവര്‍ ആലപ്പുഴ പോലീസ്‌ സ്റ്റേഷന്‍ ലോക്കപ്പിലും മറ്റു പത്തു രാഷ്‌ട്രീയ തടവുകാര്‍ ആലപ്പുഴ സബ്‌ ജയിലിലും ഏഴു ദിവസമായി അനുഷ്‌ഠിക്കുന്ന നിരാഹാ രസമരത്തെക്കുറിച്ച്‌ ഇ.ഗോപാലകൃഷ്‌ണമേനോന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനു മുഖ്യമന്ത്രി നല്‌കിയ മറുപടി.

ചീഫ് മിനിസ്റ്റര്‍ ശ്രീ.സി. കേശവന്‍: 1951 മാര്‍ച്ച്‌ 19.നു ലാക്കപ്പില്‍ ഉണ്ടായിരുന്ന 4 തടവുകാരും ആലപ്പുഴ സബ്‌ജയിലില്‍ പാര്‍പ്പിച്ചിരുന്ന പത്തുതടവുകാരും ഹങ്കര്‍ സ്ട്രൈക്ക് തുടങ്ങിയിട്ടുണ്ട്. അത്‌ അവരുടെ ആഹാരരീതി മാറ്റിക്കിട്ടുന്നതിനും ആവശ്യമുള്ളിടത്തോളം വസ്ത്രങ്ങള്‍ ലഭിക്കുന്നതിനും മുറുക്കാന്‍, പുകവലി ഇവയ്ക്കുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുന്നതിനും ന്യൂസ്‌ പേപ്പര്‍ കിട്ടാനും അവരുടെ കേസുകള്‍ നടത്തി അവസാനിപ്പിക്കുന്നതിനും പ്രതികളായിരിക്കുന്ന അണ്ടര്‍ട്രയല്‍ പ്രിസനേഴ്‌സിനെ ജാമ്യത്തില്‍ വിടുന്നതിനും എല്ലാവരേയും ഒരുമിച്ചു താമസിപ്പിക്കുന്നതിനും ആണ്‌ അവരുടെ സത്യാഗ്രഹം തുടങ്ങിയത്‌. കുമാരപ്പണിക്കര്‍, വര്‍ഗീസ്‌ വൈദ്യന്‍, പുതുപ്പള്ളി രാഘവന്‍പിള്ള, ഡോക്‌ടര്‍ രാമകൃഷ്‌ണന്‍ തമ്പി ഇവര്‍ ഇതിലെ നായകന്മാരാണ്‌.

22-ാം തീയതി പത്തു ആളുകള്‍കൂടി ഹങ്കര്‍ സ്ട്രൈക്കില്‍ ഉള്‍പ്പെട്ടു. ഈ ഹങ്കര്‍ സ്ട്രൈക്കില്‍ ഉള്‍പ്പെട്ട എസ്‌.കുമാരന്‍ എന്ന ആളെ സെഷന്‍കോടിതിയില്‍ നിന്നും ജാമ്യം അനുവദിച്ചതനുസരിച്ച്‌ വിടു തല്‍ ചെയ്‌തു. ഹങ്കര്‍ സ്ട്രൈക്കില്‍ ഉള്‍പ്പെട്ട എല്ലാവരുംതന്നെ പുന്നപ്ര വയലാര്‍ കേസുകളിലെ പ്രതികളാണ്‌. എന്നാല്‍ ഡാക്‌ടര്‍ രാമകൃഷ്‌ണന്‍ തമ്പി ആ കേസിലെ പ്രതിയല്ല. ഡാക്‌ടര്‍ തമ്പിയെ ഒരു സെക്യുറിറ്റി കേസില്‍ ശിക്ഷിച്ചിട്ടുണ്ട്‌. കൊലപാതകത്തിന്‌ പ്രേരിപ്പിച്ചു എന്നൊരു കേസില്‍ പ്രതിയുമാണ്‌. 24-ാം തീയതി കാലത്ത്‌ ഹങ്കര്‍ സ്ട്രൈക്കേഴ്‌സ്‌ ആയ രാഘവന്‍പിള്ള, കുമാരപ്പണിക്കര്‍, കോശി, സുകുമാരന്‍ എന്നീ നാലുപേരെ ആശുപത്രിയില്‍ കൊണ്ടുപോയി. അവരു ടെ ഉദ്ദേശം പുറത്തുപോയി ബന്ധം പുലര്‍ത്തി അവരുടെ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സൗകര്യം ഉണ്ടാക്കുകയെന്നുള്ളതാണെന്നു വിചാരിക്കപ്പെടുന്നു. ഡാക്‌ടര്‍മാരോട്‌ ചോദിച്ചതില്‍ കോശി ഒഴിച്ചുള്ളവരുടെ ശരീരസ്ഥിതി ആപല്‍ക്കരമല്ലെന്നു കണ്ടതിനാല്‍ അവരെ 25-ാം തീയതി രാവിലെ സബ്‌ജയിലിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു. ഇതുസംന്ധിച്ച്‌ ഇന്നുരാവിലെ ഹങ്കര്‍ സ്ട്രൈക്കേഴ്‌സിന്‍റെ താല്‌പര്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട്‌ എന്‍റെ അടുക്കല്‍ ഒരു നിവേ ദനം തന്നിട്ടുണ്ട്‌. ആ നിവേദനത്തില്‍ അവര്‍ പറഞ്ഞിരിക്കുന്നതും കൂടി ബഹുമാനപ്പെട്ട മെമ്പറന്മാരുടെ അറിവിലേക്കായി ഞാന്‍ വച്ചുകൊള്ളുന്നു.

  1. ലാക്കപ്പില്‍ നിന്നും സബ്‌ജയിലിലേക്ക്‌ മാറ്റുക.
  2. നിരോധിക്കാത്ത പത്രങ്ങളും പുസ്‌തകങ്ങളും വായിക്കാന്‍ അനുവദിക്കുകയും അത്‌ ഗവര്‍മ്മെണ്ട്‌ ചിലവില്‍ വാങ്ങിത്തരികയും ചെയ്‌ക.
  3. ആഹാരം ജയിലില്‍ തന്നെ പാചകം ചെയ്യിച്ചുതരുന്നതിന്‌ ഏര്‍പ്പാട്‌ ചെയ്യുക.
  4. ആഴ്‌ചയില്‍ ഒരു പ്രാവശ്യം ഷേവിങ്ങിന്‌ അനുവദിക്കുക.
  5. ജയിലില്‍ നടന്നിട്ടുള്ള മര്‍ദ്ദനത്തെക്കുറിച്ച്‌ പരസ്യാന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുക. പ്രസ്‌തുത മര്‍ദ്ദനത്തിനു വിധേയരായി അനോരോഗ്യരായവര്‍ക്ക്‌ വൈദ്യസഹായവും പ്രത്യേക ആഹാരവും അനുവദിക്കുക.
  6. നാലരവര്‍ഷക്കാലമായിട്ടും വിചാരണപോലും നടത്താതെ ജാമ്യം കിട്ടാതെ കാരാഗൃഹത്തില്‍ കഴിയുന്ന എല്ലാ തടവുകാരേയും ഉടനെ ജാമ്യത്തില്‍ മോചിപ്പിക്കുകയും കേസുകളുടെ വിചാരണ ഉടനെ തുടങ്ങുകയും ചെയ്യുക.
  7. ലാക്കപ്പിനകത്തു മൂത്രമൊഴിക്കുന്നതിന്‌ ഇന്ന്‌ കുടമാണ്‌ ഉപയോഗിക്കുന്നത്‌. അത്‌ നിറുത്തി പ്രത്യേക സൗകര്യം തടവുകാരുടെ ആരോഗ്യത്തിനനുസരണമായി ചെയ്യുക.
  8. ജയിലില്‍ പകല്‍സമയം ലാക്കപ്പു ചെയ്യാതിരിക്കുക.
  9. പുകവലിക്കുവാന്‍ അനുവദിക്കുക.
  10. മുണ്ടും തോര്‍ത്തും കിടക്കുവാന്‍ പായും തലയണയും അനുവദിക്കുക.
  11. രാഷ്‌ട്രീയഛായയുള്ള എല്ലാ കേസുകളും വാറണ്ടുകളും പിന്‍ വലിക്കുക.
ഇത്രയും കാര്യങ്ങളാണ്‌ എന്‍റെ മുമ്പാകെ നിവേദനം ചെയ്‌തിട്ടുള്ളത്‌. ഇതില്‍ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളും സാധിക്കുന്നതല്ലെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്‌. സാധിക്കാവുന്നത്‌ ഏതെല്ലാമാണെന്ന് അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്‌തരുമായി ആലോചിച്ച്‌ ഇന്ന്‌ വൈകുന്നേരം അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്‌. അതിനാല്‍ ഈ സംഗതികളെപ്പറ്റി ഒരുവാദപ്രതിവാദം ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ആറാമതായി പറഞ്ഞിരിക്കുന്ന നാലരവര്‍ഷമായിട്ടും വിചാരണപോലും നടത്താതെ എന്നുള്ളത്‌ ഒരു വ്യാജപ്രസ്‌താവനയാണ്‌. നാലുകൊല്ലത്തിനുമുമ്പ്‌ ഭയങ്കരമായ അക്രമവും വിപ്ലവവും നടത്തി അന്നുമുതല്‍ ഒളിവില്‍ നടന്നിട്ട്‌ ഈ അടുത്തകാലത്ത്‌ ജയിലില്‍ വന്നവരാണ്‌ ഈ നാലരവര്‍ഷമെന്നു പറയുന്നത്‌.

കുമാരപ്പണിക്കരുടെ അമ്മയുടെ ഒരു എഴുത്ത്‌ എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. ഞാന്‍ അവരോടു സഹതാപമുള്ളവനായിരുന്നുവെന്നും, ഇപ്പോള്‍ അധികാരത്തില്‍ വന്നതുകൊണ്ട്‌ വേണ്ടതു ചെയ്‌തുകൊടുക്കണമെന്നുമാണ്‌ പറയുന്നത്‌. അവര്‍ പറഞ്ഞിട്ടുള്ളതില്‍ പലതും തെറ്റാണ്‌. ഞാന്‍ ജയിലില്‍ കിടക്കുമ്പോള്‍ ഇവരെ ഇറക്കാന്‍ സത്യാഗ്രഹം നടത്തിയെന്ന് ഒരു വ്യാജപ്രസ്‌താവനയുണ്ടായിരുന്നു. അത്‌ ഞാന്‍ തിരുത്താന്‍ പോയില്ല. ആ തെറ്റിദ്ധാരണയുടെ പേരിലാണ്‌ ആ കത്ത്‌ അവര്‍ എഴുതിയിരിക്കുന്നത്‌. മുമ്പ്‌ ഒരവസരത്തില്‍ ഞാനുള്‍പ്പെടെയുള്ള ഏതാനും തടവുകാര്‍ ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട്‌ ഒരു അള്‍ടിമേറ്റം കൊടുത്തതിനെ തുടര്‍ന്നു എന്നെ ജയിലില്‍ നിന്നും മോചിപ്പിച്ചു. എന്നാല്‍ മറ്റുള്ളവര്‍ക്ക്‌ കൂടുതല്‍ സൗകര്യം നല്‌കുന്ന ലക്ഷണം കണ്ടില്ല. അതിനെ പ്രതിഷേധിച്ചാണ്‌ ഞാന്‍ സത്യാഗ്രഹം നടത്തുമെന്ന് പറഞ്ഞത്‌. ഗവണ്‍മെന്റ്‌ പിന്നെ എല്ലാവരേയും വിട്ടു. അല്ലാതെ ഞാന്‍ തടവുകാരെ വിടുവിക്കാന്‍ സത്യാഗ്രഹം നടത്തിയില്ല. എത്രത്തോളം അനുഭാവം അവരോടു കാണിക്കാമോ അതു കാണിക്കാം. പക്ഷെ നിയമസമാധാനങ്ങള്‍ പുലര്‍ത്തുന്നതിനുള്ള ചുമതല ഗവണ്‍മെന്റിനുണ്ട്‌. അതനുസരിച്ചു ചെയ്യാവുന്നതു ചെയ്യാം.

The Travancore Trade Unions Act

(Amendment) Bill June 2, 1948 Hon'ble Mr. C.Kesavan:

തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ ആക്റ്റ് അമന്റ്‌മെന്റ്‌ ബില്‍ ഈ സഭയുടെ അംഗീകാരത്തിനായി അവതരിപ്പിക്കുകയും അതു പിന്നീടു പേരു പറയുന്ന അംഗങ്ങള്‍ അടങ്ങിയ ഒരു സെലക്‌റ്റു കമ്മിറ്റിക്കു വിട്ടുകൊടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.

ഈ ബില്‍ ഫാക്‌ടറി ആക്‌റ്റിനെപ്പോലെ ഒരു പുതിയ ബില്ലല്ല. നില വിലിരിക്കുന്ന നിയമത്തില്‍ അത്യാവശ്യമായ ചില ഭേദഗതികള്‍ വരുത്തു കമാത്രമാണ്‌ ഈ ബില്ലിന്‍റെ ഉദ്ദേശമെന്ന് ആദ്യമായി പറഞ്ഞുകൊള്ളട്ടെ. ബില്ലിന്‍റെ തത്വത്തെ സംന്ധിച്ച്‌ വളരെ വിശദമായ ഒരു പ്രസ്‌താവന ഇവിടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ഈ ബില്‍ ഒരു ഭേദഗതി ബില്ലാണ്‌. നിലവിലിരിക്കുന്ന ട്രേഡ് യൂണിയന്‍ നിയമം സംന്ധിച്ച്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിലാളി കളുടെയും മുതലാളികളുടെയും പരാതികള്‍ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിനേയും ഗവണ്‍മെന്റിനേയും സദാ അലട്ടികൊണ്ടിരിക്കുന്നു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ട്രേഡ് യൂണിയനുകള്‍ യഥാര്‍ഥത്തില്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നതായാല്‍ത്തന്നെയും ഒരു മാനേജ്‌മെന്റ്‌ അവയെ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല. എങ്കിലും മുതലാളിയേയും തൊഴിലാളിയേയും രഞ്‌ജിപ്പിച്ചുകൊണ്ടു പോകേണ്ട തും ഒരു നിയമം മൂലം അവരെ നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്‌. ഇന്നത്തെ പരിഷ്‌കൃതരാജ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ നിലവിലിരിക്കുന്ന നിയമങ്ങള്‍ക്ക്‌ അനുരൂപമായ ഒരു നിയമനിര്‍മ്മാണത്തിനാണ്‌ ഈ ബില്ലുകൊണ്ടു ഉദ്ദേശിക്കുന്നത്‌.

വ്യാവസായികമായി മുന്നോട്ടു നില്‌ക്കുന്ന അമേരിക്ക, ഇംഗ്ലണ്ട്‌ മുതലായ രാജ്യങ്ങളില്‍ തൊഴിലാളികള്‍ക്കും മുതലാളികള്‍ക്കും പ്രത്യേകം പ്രത്യേകം സംഘടനകളും അതിലേക്ക്‌ ആവശ്യമായ ധനശേഖരക്കമ്മിറ്റികളും മറ്റുമുണ്ട്‌. എന്നാല്‍ തിരുവിതാംകൂറില്‍ മുതലാളി സംഘടനയോ തൊഴിലാളി സംഘടനയോ ധനശേഖരക്കമ്മിറ്റിയോ പറയത്തക്കവണ്ണം ഇല്ല. മാത്രമല്ല തൊഴിലാളികളെ പിഴിഞ്ഞെടുക്കാന്‍ ഫാക്‌റ്ററി ആക്‌റ്റില്‍ വല്ല പഴുതുമുണ്ടോ, എന്ന് ഇവിടത്തെ ഫാക്‌റ്ററി ഉടമസ്ഥന്‍മാര്‍ ചുഴിഞ്ഞു നോക്കാറുണ്ട്‌. ഈ ഭേദഗതി ബില്ലില്‍ തൊഴിലാളികളുടെയും മുതലാളിയുടെയും ചുമതലയും കടമയും വേണ്ട വണ്ണം നിര്‍വഹിക്കുന്നതിനുള്ള വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. അതായതു ഇരുകൂട്ടരുടെയും അനിയന്ത്രിത സ്വാതന്ത്യ്രത്തെ പരിമിതപ്പെടുത്തുന്ന ഒരു ബില്ലാണ്‌ ഇത്‌. ഈ ബില്‍ പാസ്സാക്കി നടപ്പില്‍ വരുത്തിയാല്‍, തൊഴിലാളി മുതലാളിമാരുടെ ഇന്നത്തെ മനോഭാവത്തിനു സാരമായ വ്യത്യാസമുണ്ടാകുമെന്നും, തന്‍മൂലം രാജ്യത്തു വ്യവസായത്തിനു കൂടുതല്‍ പുരോഗമനം ഉണ്ടാകുമെന്നും ആശിക്കാവുന്നതാണ്‌. അതിനാല്‍ ഈ ബില്‍ അംഗീകരിച്ച്‌, സെലക്‌റ്റു കമ്മിറ്റിക്കു അയക്കേണ്ടതാണെന്ന് ഞാന്‍ ഒന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു.

മുമ്പു പ്രസ്‌താവിച്ചതുപോലെ പ്രധാനമന്ത്രി, തൊഴിലാളിമന്ത്രി, മി.അബ്‌ദുല്‍ അസീസ്‌, മിസ്‌ അക്കാമ്മ ചെറിയാന്‍, മി.ഉദയഭാനു, മി.ആര്‍.വി.തോമസ്‌, മി.ടി.കെ.നാരായണപിള്ള, മി.ജി.നീലകണ്‌ഠന്‍, മി.കെ.ആര്‍.ഇലങ്കത്ത്‌, മി.ശിവരാമപിള്ള ഇവര്‍ സെലക്‌ട്‌ കമ്മിറ്റിയി ലെ അംഗങ്ങളായിരിക്കും.