ഭഗവാന്‍ കാറല്‍മാര്‍ക്‌സ്‌
പ്രസംഗംസി. കേശവന്‍ പ്രസംഗമാരംഭിച്ചത്‌ പ്രിയപുത്രിമാരായ ഇന്ദിരയും അയിഷയും 'ഉണരുവിന്‍ സഖാക്കളെ...', 'പരിതാപകരം പാവങ്ങള്‍ തന്‍ ദീനരോദനം...' എന്നു തുടങ്ങുന്ന രണ്ട്‌ ഉത്തേജകങ്ങളായ ഗാനങ്ങള്‍ ആലപിച്ചതിനുശേഷമായിരുന്നു. കടയ്‌ക്കാവൂര്‍ സ്റ്റേഷന്‍ തൊട്ട്‌ വക്കത്തെ സമ്മേളനസ്ഥലംവരെ തനിക്ക്‌ നല്‍കിയ ആര്‍ഭാടപൂര്‍വവും അത്യന്തം ആവേശഭരിതവുമായ സ്വീകരണത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ സി. കേശവന്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്‌.

നിങ്ങളില്‍ കാണുന്ന വീര്യം സ്ഥായിയായി നില്‍ക്കുമെങ്കില്‍ അത്‌ അര്‍ത്ഥഗര്‍ഭമാണ്‌. ഇത്‌ തല്‍ക്കാലത്തേക്കുള്ള ആര്‍ഭാടമാണെങ്കില്‍ അത്‌ അനര്‍ത്ഥകരവും പ്രയോജനരഹിതവും ആയിരിക്കും. എന്തായാലും ഞാന്‍ ഇതിന്‌ വീണ്ടും നന്ദിപറഞ്ഞുകൊള്ളുന്നു.

പന്ത്രണ്ടുപതിന്നാലുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന നിവര്‍ത്തനപ്രക്ഷോഭം നമ്മുടെ ദേശീയസമരത്തിന്‍റെ മുന്നോടിയും കളമൊരുക്കലും ആയിരുന്നു. ഇവിടത്തെ ജനങ്ങള്‍ ആ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്‌. അതിനാലാണ്‌ ജയില്‍ വിമോചനത്തിനുശേഷം ആദ്യമായി ഞാന്‍ ഇവിടെ കൂടുന്ന യോഗത്തില്‍ സംബന്ധിക്കാമെന്ന്‌ തീര്‍ച്ചയാക്കിയത്‌. അന്നുമുതല്‍ ഇന്നുവരെ നടന്ന എല്ലാ അനക്കങ്ങളിലും വക്കം അനങ്ങാതിരുന്നിട്ടില്ല.

1934-35 ലെ ആ സമരം വര്‍ഗീയച്ഛായയുള്ള സമരമായിരുന്നു. ഈഴവരും ക്രിസ്‌ത്യാനിയും മുസ്ലീങ്ങളും ചേര്‍ന്ന്‌ ഒരു ഐക്യമുന്നണി സൃഷ്‌ടിച്ച്‌ സമരം ചെയ്‌തു. അന്നുവരെ പ്രക്ഷോഭങ്ങള്‍ക്കിറങ്ങാതിരുന്ന ക്രിസ്‌ത്യാനികളെ നിവര്‍ത്തന സമരമുഖത്തേയ്‌ക്കിറക്കി. അന്നുതൊട്ടിന്നോളം അവര്‍ക്ക്‌ പിന്നെ സമരമുന്നണിയില്‍ നിന്നു പിന്‍തിരിയാന്‍ സാധിച്ചിട്ടില്ല. അതൊരു നേട്ടമാണ്‌.

അന്നത്തെ സമരം ചില അവകാശങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്നവരും അതു നിഷേധിക്കപ്പെട്ടിരിക്കുന്നവരും തമ്മിലുള്ള സമരമായിരുന്നു. അതിന്‍റെ ദോഷഫലങ്ങള്‍ വ്യക്തമായപ്പോള്‍ ഛിദ്രിപ്പിച്ചു ഭരിക്കുന്ന ബ്രിട്ടന്‍റെ നയം നമ്മുടെ ഗവണ്‍മെന്റും പ്രയോഗിച്ചു മുതലെടുക്കുന്നു എന്നു ബോധ്യമായപ്പോള്‍ ഇവിടെയും ദേശീയ ഐക്യമുന്നണി ഉണ്ടായി. അതാണ്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌.

തിരുവിതാംകൂര്‍ ഒരു കര്‍ഷകരാജ്യമാണെന്നു പറയുന്നു. ഇവിടത്തെ ജനസംഖ്യ അറുപത്തിയഞ്ചുലക്ഷം. രാജ്യവിസ്‌തൃതി 7600 ചതുരശ്രമൈല്‍. കടലും കായലും തള്ളിയാല്‍ പിന്നെ ഇതില്‍ എത്ര സ്ഥലം കൃഷിചെയ്യാനുണ്ട്‌? ഇത്രയും സ്ഥലത്ത്‌ വലിയ ജനക്കൂട്ടം കൃഷിക്കാരായി താമസിക്കുന്നു എന്നു പറഞ്ഞാല്‍ ശുദ്ധപട്ടിണിക്കാരായി കഴിയുന്നു എന്നാണര്‍ത്ഥം. ജനപ്പെരുപ്പംകൊണ്ട്‌ ഇവിടെ പുതിയ പല പ്രശ്‌നങ്ങളും ആവിര്‍ഭവിച്ചു. അപ്പോഴാണ്‌ ജീവിതമത്സരം വര്‍ദ്ധിച്ചത്‌. ഞാന്‍ മുന്‍പ്‌ പറഞ്ഞ നിവര്‍ത്തനപ്രക്ഷോഭം ആരംഭിച്ചത്‌ അങ്ങനെയാണ്‌. ആളുകള്‍ക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കേണ്ടത്‌ ആവശ്യമായിത്തോന്നി... മലയാളവര്‍ഷം 1113ല്‍ എല്ലാവരും ചേര്‍ന്നുള്ള സമരം ആരംഭിച്ചു. ഇവിടെ ഒരു കോളിളക്കം തന്നെ ഉണ്ടായി. അന്നത്തെ പ്രക്ഷോഭത്തിനും സ്റ്റേറ്റ് കോണ്‍ഗ്രസ്‌ പ്രക്ഷോഭത്തിനും തമ്മില്‍ ഒരു രസികന്‍ പറഞ്ഞതുപോലെ സോഡായുടെയും വിസ്‌കിയുടെയും അന്തരമാണുള്ളത്‌. ആദ്യത്തേത്‌ സോഡാവാട്ടര്‍പോലെ പതച്ചുപൊങ്ങിയതേ ഉള്ളൂ. വീര്യം നീണ്ടുനിന്നില്ല. ഇപ്പോഴിതാ രണ്ടാമത്തെ പ്രക്ഷോഭം വിസ്‌കിപോലാണ്‌. വീര്യം ഫലിച്ചുകഴിഞ്ഞിരിക്കുന്നു.

സ്റ്റേറ്റ് കോണ്‍ഗ്രസ്‌ ജാതീയ സംഘടനയാണെന്നുള്ള ആക്ഷേപം ആദ്യകാലത്തുണ്ടായി. സര്‍വീസ്‌ സൊസൈറ്റിയിലെ ചില നായര്‍ സഹോദരന്മാര്‍ ഒഴികെ എല്ലാ ആളുകളും സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവിതാംകൂറിലെ പൗരമര്‍ദ്ദനത്തിന്‌ കാപ്പുകെട്ടിനിന്ന ഒരു സ്വേച്‌ഛാധികാരിയെ മാറ്റണമെന്ന്‌ മഹാരാജാവിനു കൊടുത്ത മെമ്മോറിയലില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം വ്യക്തിഗതമായ ആക്ഷേപമല്ലായിരുന്നു. പക്ഷെ മഹാത്‌മാഗാന്ധിയെപ്പോലും തെറ്റിദ്ധരിപ്പിച്ച്‌ അതു വ്യക്തിഗതമായ ആരോപണമാണെന്നും പ്രസ്‌തുത ആരോപണം പിന്‍വലിച്ചാല്‍ ഉത്തരവാദഭരണം തരാമെന്നും പറഞ്ഞു. പക്ഷെ കാലം കുറെ കഴിയേണ്ടിവന്നു! അക്കഥ ഞാന്‍ നീട്ടുന്നില്ല. ഇപ്പോള്‍ ഉത്തരവാദഭരണം തരാമെന്ന്‌ വിളംബരം ഉണ്ടായി. പൗരസ്വാതന്ത്യ്രം നമുക്ക്‌ ഇന്നേവരെയും കരഗതമായിട്ടില്ല. സംഘടനകളെയും വ്യക്തികളെയും അടിച്ചമര്‍ത്തുന്ന ശ്രമങ്ങളും പഴയതുപോലെ നടന്നുകൊണ്ടിരിക്കുന്നു. വളരെപ്പേര്‍ ജയിലില്‍ കിടക്കുന്നു. നിരോധന ഉത്തരവുകള്‍ നിലനില്‍ക്കുന്നു. പത്രസ്വാതന്ത്യ്രനിഷേധവും നിലവിലിരിക്കുന്നു.

പൗരസ്വാതന്ത്യ്രം കൈവന്നിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഞാന്‍ പറയും അത്‌ ഇനിയും വിദൂരതയില്‍ ഇരിക്കുന്നതേയുള്ളുവെന്ന്‌! പൗരസ്വാതന്ത്യ്രമില്ലെങ്കില്‍ ഒരു തെരഞ്ഞെടുപ്പ്‌ നടത്തി ഒരു അസംബ്‌ളി വിളിച്ചുകൂട്ടിച്ചതുകൊണ്ട്‌ യാതൊരു ഫലവുമില്ല. അത്‌ ഒരുതരം വഞ്ചനയായിരിക്കം. അതു നമുക്ക്‌ അഭിമാനിക്കത്തക്ക നിലയിലല്ല.

തിരുവിതാംകൂറിലും ഒരു തൊഴിലാളി പ്രസ്ഥാനമുണ്ട്‌. വളരെ ഇല്ലെങ്കിലും ഉള്ളത്‌ സുസംഘടിതമാണ്‌. അവര്‍ക്ക്‌ സ്ഥിരമായ ഒരു ആദര്‍ശമുണ്ട്‌. അതില്‍ ആര്‍ക്കും കുറ്റം പറയാനും സാദ്ധ്യമല്ല. അവരുടെ പരിപാടികളില്‍ കുറ്റം പറയാം. പക്ഷെ, ആദര്‍ശം ഉന്നതമാണ്‌.തൊഴിലാളി പ്രസ്ഥാനത്തെ പഴിക്കാന്‍ തുടങ്ങിയാല്‍ നമ്മളും ഏകാധിപതികളുടെ മനഃസ്ഥിതിലേക്ക്‌ അധഃപതിച്ചുപോകും. അതു ഞങ്ങളില്‍ നിന്നും ഉണ്ടാകുകയില്ലെന്ന്‌ നിങ്ങള്‍ വിശ്വസിക്കണം.

പ്രക്ഷോഭചരിത്രത്തിലേക്ക്‌ തിരിച്ചുപോകാം. സി.പിക്കെതിരായ മെമ്മോറിയല്‍ പിന്‍വലിച്ചാല്‍ ഉത്തരവാദഭരണം അനുവദിക്കാമെന്ന്‌ പറഞ്ഞുവല്ലോ. മെമ്മോറിയല്‍ പിന്‍വലിക്കുകയും ചെയ്‌തു. പിന്നെ നമ്മുടെ പ്രക്ഷോഭത്തിന്‌ ഒരു മ്ലാനത സംഭവിച്ചു എന്നുള്ളതാണ്‌ പരമാര്‍ത്ഥം. ചിലര്‍ പുച്‌ഛിച്ചു പറഞ്ഞു- ഇത്‌ ഒരു ഉമിത്തീ പ്രക്ഷോഭമാണെന്ന്‌! കാര്യം ശരിതന്നെ. ആ ഉമിത്തീ നീറിക്കിടന്നു. അത്‌ അണഞ്ഞില്ല. അത്‌ അണയുകയുമില്ല. സ്വാതന്ത്യ്രസമരം ഒരിക്കല്‍ ആരംഭിച്ചാല്‍ അതു പിന്നെ ഒരിക്കലും നശിച്ചുപോകയില്ലെന്ന്‌ ഒരു മഹാന്‍ പറഞ്ഞതുപോലെ നമ്മുടെ സമരവും തടസ്സങ്ങളെ അതിജീവിച്ചു.

അപ്പോഴാണ്‌ ഇവിടെ ഒരു പുതിയ അടവ്‌ ആരംഭിച്ചത്‌... ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച അടവുതന്നെ.

1122 ചിങ്ങമാസം 9-ാംതീയതി (1946 സെപ്‌തംബര്‍ 25-ാം തീയതി) തിരുവിതാംകൂറിലെ ലേബര്‍ സംഘടനകളുടെ ഒരു സംയുക്തക കമ്മിറ്റി ആലപ്പുഴയില്‍ കൂടി. സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ അക്രമരഹിതമായ ഒരു സമരത്തില്‍ ലേബര്‍ സംഘടനകള്‍ അണിനിരക്കുമെന്ന്‌ അവര്‍ പ്രമേയം പാസാക്കി. ആ പ്രമേയം ഗവണ്‍മെന്റിനെ അമ്പരപ്പിച്ചു. തൊഴിലാളികളും സ്റ്റേറ്റ് കോണ്‍ഗ്രസും ചേര്‍ന്ന്‌ ഒരു ഐക്യമുന്നണി ഉണ്ടാവുകയോ? അത്‌ അനുവദിച്ചു കൂടാ എന്ന്‌ ഗവണ്‍മെന്റ്‌ തീരുമാനിച്ചു. ആലപ്പുഴയുള്ള ചില വ്യക്തികളെ സ്വാധീനപ്പെടുത്തി അവര്‍ക്ക്‌ പണം ഇഷ്‌ടംപോലെ കൊടുത്ത്‌, തൊഴിലാളി സംഘടനയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചു. ഒരു മുസ്ലിം അമുസ്ലിം ലഹള ആലപ്പുഴ നടത്താനുള്ള ഒരു പരിശ്രമവും നടത്തി. ഈ വിവരം അറിഞ്ഞ്‌ ഞാന്‍ ആലപ്പുഴ ചെന്ന്‌ അന്വേഷിച്ചതില്‍ വിവരം ശരിയാണെന്ന്‌മനസിലായി. തിരുവനന്തപുരത്ത്‌ വന്ന്‌ ഐ.ജി. മിസ്റ്റര്‍ കരീമിനെ കണ്ട്‌ ഞാന്‍ താക്കീതു കൊടുത്തു. ഏതായാലും വര്‍ഗഗീയലഹള നടന്നില്ല.

പിന്നെയാണ്‌ ഗവണ്‍മെന്റ്‌ ചേര്‍ത്തലയിലെ കുടിയിറക്കു പ്രശ്‌നം ആയുധമാക്കിയത്‌. ഇതിന്‌ ഒരു നീണ്ട ചരിത്രമുണ്ട്‌. ചേര്‍ത്തല താലൂക്കില്‍ ബഹുഭൂരിപക്ഷവും തൊഴിലാളികളാണ്‌. സ്വന്തമായി കേറിക്കിടക്കാന്‍ ഇടമില്ലാത്തവരാണ്‌. അവര്‍ അന്യന്‍റെ പറമ്പില്‍ കുടിപാര്‍ക്കുന്നവരാണ്‌. ജന്മിക്ക്‌ കാണിക്ക കൊടുക്കണം. ആദ്യഫലം നല്‍കണം. ഊഴിയം ചെയ്യണം. നല്ല പെണ്ണുണ്ടെങ്കില്‍ അതും കാഴ്‌ചവയ്‌ക്കണം. അല്ലെങ്കില്‍ ആ നിമിഷം കുടിയിറക്കും. ഇതിനെപ്പറ്റി ഞാന്‍ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ ഗാഢമായി ചിന്തിച്ച്‌ പല പോംവഴികള്‍ക്കും ശ്രമിച്ചുനോക്കി. പരാജയമായിരുന്നു ഫലം. ജന്മിമാര്‍ക്ക്‌ എപ്പോഴും ഗവണ്‍മെന്റു കൂട്ടുനില്‍ക്കും. നിവര്‍ത്തനകാലത്ത്‌ ചില വിജയങ്ങള്‍ ഈ രംഗത്ത്‌ കൈവരിക്കാന്‍ സാധിച്ചു. നിവര്‍ത്തനത്തില്‍ ചേര്‍ത്തലയിലെ ക്രിസ്‌ത്യാനികളായ ജന്മിമാരും ഉള്‍പ്പെട്ടിരുന്നു. അവരോട്‌ ഞാന്‍ നല്ല വാക്ക്‌ പറഞ്ഞു കുടികിടപ്പുകാര്‍ക്ക്‌ ചില സൗജന്യങ്ങള്‍ കൊടുപ്പിച്ചു. പക്ഷെ നിവര്‍ത്തനം തീര്‍ന്നപ്പോള്‍ പിന്നെയും കഥ പഴയതുതന്നെ! വസന്തകാലേ സംപ്രാപ്‌തൈ കാകഃ കാകഃ പികഃ പികഃ - ക്രിസ്‌ത്യാനിജന്മിമാരും നായര്‍ജന്മിമാരും വര്‍ഗം ഒന്നാണ്‌. ജന്മിവര്‍ഗം. അവര്‍ വര്‍ഗത്തിന്‍റെ പേരില്‍ ഒരു ഐക്യമുന്നണി സൃഷ്‌ടിച്ചു... അങ്ങിനെ ഇരിക്കുമ്പോഴാണ്‌ തൊഴിലാളി സംഘടനകളും സ്റ്റേറ്റ്‌ കോണ്‍ഗ്രസും തമ്മില്‍ യോജിക്കുവാനുള്ള ലക്ഷണം കണ്ടത്‌. ഇതുതന്നെ അവസരമെന്നു കരുതി ഗവണ്‍മെന്റ്‌ അരയും തലയും മുറുക്കി. ചേര്‍ത്തല ജന്മിമാര്‍ ഗുണ്ടകളെ സംഘടിപ്പിച്ച്‌ പാവങ്ങളെ രായ്‌ക്കുരാമാനം കുടിയിറക്കാനൊരുങ്ങി. ഈ പരിതസ്ഥിതിയില്‍ ഭഗവാന്‍ കാറല്‍ മാര്‍ക്‌സിന്‍റെ സന്ദേശം മാത്രമേ തൊഴിലാളികള്‍ക്ക്‌ ആശയുടെ നേരിയ ഒരു കതിരു നല്‍കിയുള്ളു. തൊഴിലാളികളെ സംഘടിക്കുവിന്‍! നഷ്‌ടപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ കാല്‍ച്ചങ്ങല മാത്രമേ നഷ്‌ടപ്പെടാനുള്ളു! ജയിച്ചാല്‍ ലോകം മുഴുവന്‍! ആ സന്ദേശം അവരെ ആശാഭരിതരാക്കി. ആവേശം കൊള്ളിച്ചു. അതില്‍ യാതൊരു അപകടവുമില്ല. ചേര്‍ത്തല തൊഴിലാളി പ്രശ്‌നത്തിന്‍റെ പശ്ചാത്തലം ഇതാണ്‌. മാര്‍ഗത്തെ പഴിച്ചാലും പശ്ചാത്തലം നാം വിസ്‌മരിക്കാന്‍ പാടില്ല. പിന്നെ നടന്ന കോലാഹലങ്ങള്‍ വിവരിക്കാന്‍ ഞാന്‍ ആളല്ല. പതിമൂന്നര സെന്റ്‌ സ്ഥലം പങ്കിട്ടെടുക്കാമെന്ന്‌ കരുതിയാണ്‌ അവര്‍ വാരിക്കോലുകളുമായി ഇറങ്ങിയതെന്ന്‌ തല്‍പരകക്ഷികള്‍ നുണ പരത്തി. ഇത്‌ കമ്യൂണിസ്റ്റ്‌ സിദ്ധാന്തത്തിനു തന്നെ വിപരീതമാണ്‌. ഭൂമി തുണ്ടുതുണ്ടായി വ്യക്തിക്ക്‌ നല്‍കുന്ന തത്ത്വം കമ്യൂണിസത്തില്‍ ഇല്ല. ഞാന്‍ ഒരു കാര്യം ഇവിടെ പരസ്യമായി പ്രഖ്യാപിക്കുവാന്‍ ആഗ്രഹിക്കുന്നു. ചേര്‍ത്തലത്തൊഴിലാളികളുടെ പേരില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ( തുടര്‍ന്ന്‌ ഹര്‍ഷാരവം)

എസ്‌.എന്‍.ഡി.പി യോഗത്തെപ്പറ്റി രണ്ടുവാക്ക്‌ പറയേണ്ടതുണ്ട്‌. ഇന്ന്‌ അതിന്‍റെ നേതൃത്വം വഴിപിഴച്ചുപോയിരിക്കുന്നു. ഇവിടെ ഒരു സ്വതന്ത്ര തിരുവിതാംകൂര്‍ പ്രസ്ഥാനമുണ്ടായി. സര്‍ സി.പി സ്വതന്ത്ര തിരുവിതാംകൂര്‍ സൃഷ്‌ടിക്കും എന്നു പ്രഖ്യാപിച്ചു. മി. ആര്‍. ശങ്കര്‍ 'സ്വതന്ത്ര തിരുവിതാംകൂര്‍ സിന്ദാബാദ്‌' എന്ന്‌ ആര്‍ത്തുവിളിച്ചു. പലരും അതിനെ ഏറ്റുപാടി. കോണ്‍ഗ്രസിനെ ഞെരിച്ചുകളയും എന്നും പറഞ്ഞു. ഈ ഇരിക്കുന്ന വര്‍ഗീസിനെയാണ്‌ ഞെരിക്കുമെന്ന്‌ പറഞ്ഞത്‌. ഒക്കുന്ന കാര്യമാണോ? (ചിരി) എനിക്ക്‌ ഒരു കഥ ഓര്‍മ വരുന്നു. ഭൂമികുലുക്കിപക്ഷി ഒരു കൊട്ടാരത്തിന്‍റെ മുകളില്‍ ചെന്നിരുന്ന്‌ വമ്പു പറഞ്ഞു. കൊട്ടാരത്തെ തകര്‍ത്തുകളയുമെന്ന്‌. പക്ഷിയെ കവണക്കാര്‍ പിടിച്ചു തിരുമുമ്പില്‍ ഹാജരാക്കി. രാജാവു ചോദിച്ചു- "എന്താ താന്‍ കൊട്ടാരം തകര്‍ക്കുമോ?" എന്ന്‌. "തിരുമേനി ഞാന്‍ എന്‍റെ ഭാര്യയോട്‌ പറഞ്ഞതാണിത്‌. അവളെ തൃപ്‌തിപ്പെടുത്തണ്ടേ? അടിയന്‍ കൊട്ടാരം തകര്‍ക്കുമോ?" എന്നു പക്ഷി പറഞ്ഞു.

തുടര്‍ന്ന്‌ സോഷ്യലിസ്റ്റ്‌ അടിസ്ഥാനത്തിലുള്ള ഒരു ജനകീയ ഭരണകൂടത്തിനു മാത്രമേ നാട്ടിന്‌ ക്ഷേമമുണ്ടാക്കുവാന്‍ സാധിക്കുകയുള്ളു എന്നും പ്രസിഡന്റ്‌ പട്ടം താണുപിള്ള ഇതിനു തന്നോട്‌ പൂര്‍ണമായും യോജിക്കുമെന്ന്‌ പ്രതിജ്‌ഞ ചെയ്‌തിട്ടുണ്ടെന്നും പ്രസ്‌താവിച്ചുകൊണ്ട്‌ ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌ വിളിയോടെ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.