
ഞാന്‍ ദുഷ്യന്തന്‍
ഒന്നരക്കൊല്ലത്തെ മാവേലിക്കരജീവിതത്തിന്‍റെ ചില സ്‌മരണകള്‍കൂടി എനിക്കുണ്ട്. എന്‍റെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള രണ്ട് സന്ദര്‍ഭം അതിനിടെ ഉണ്ടായി. ഒന്ന് സ്‌കൂള്‍ വാര്‍ഷികത്തിനായിരുന്നു. പ്രസിദ്ധ വിദൂഷകന്‍ കെ.സി. ഗോവിന്ദപ്പിള്ള സദാരാമയും കാമപാലനുമായുള്ള പ്രസിദ്ധരംഗം. എല്ലാ കഥാപാത്രങ്ങളുടെയും ഭാഗം താന്‍ മാത്രമായി ഒരേസമയം അഭിനയിച്ച്, തുടര്‍ച്ചയായുള്ള ഹര്‍ഷാരവം ഇളക്കിവിടുന്നതു ഞാന്‍ പലപ്പോഴും കണ്ടിരുന്നു. എനിക്കു പച്ചവെള്ളമായിരുന്നു സദാരാമ. സ്‌കൂള്‍ വാര്‍ഷികത്തിനു ഞാന്‍ പാടണമെന്നോ ആടണമെന്നോ ഒക്കെയുള്ള എന്‍റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുടെയും തമ്പി, ശേഖര്‍ മുതലായ അദ്ധ്യാപകരുടെയും നിര്‍ബന്ധം മുറുകിയപ്പോള്‍ കെ.സിയുടെ വിദ്യ തന്നെ ഒന്നു പ്രയോഗിച്ചുനോക്കാമെന്നു ഞാനും നിശ്ചയിച്ചു. കാമപാലനും സദാരാമയുമായുള്ള സംവാദം, തിലോത്തമയുടെ നൃത്തം എന്നിങ്ങനെ പോയ എന്‍റെ ഏകനായുള്ള ആ അഭിനയം അവിഭക്തമായ ഒരു വിജയം ആയിരുന്നു. മാവേലിക്കരക്കാരായ ചിലരെങ്കിലും ഇപ്പോഴും അത് എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്. പിന്നെയും പലേടത്തും ഞാന്‍ ആ രംഗം അഭിനയിച്ചിട്ടുണ്ട്.
വാസന്തി പോയിട്ടു മടങ്ങിവന്നില്ല. അതിനാല്‍, കൂടെക്കൂടെ ഞാന്‍ മയ്യനാട്ടു പൊയ്‌ക്കൊണ്ടിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹശേഷമുള്ള ആദ്യത്തെ ഓണം വന്നു. ഓണം ഒഴിവിന് വലിയ തമാശകളൊക്കെയാണ് അന്ന്. ആയിടയ്‌ക്കു മയ്യനാട്ടുകാര്‍ ചിലര്‍ ചേര്‍ന്ന്, ചേര്‍ത്തല നീലകണ്‌ഠപ്പണിക്കര്‍, കുട്ടീശ്വരന്‍ മുതലായ പ്രസിദ്ധ നടന്മാരെ വരുത്തി, പനവെളിയില്‍വെച്ച് ശാകുന്തളം നാടകം നടത്തിക്കാന്‍ ഏര്‍പ്പാടു ചെയ്‌തിരുന്നു. ശാകുന്തളം നാടകത്തിനു വലിയ പൊതുസമ്മതിയുള്ള ഒരു നാടാണ് മയ്യനാട്. പക്ഷേ, എന്തു ഹേതുവാലോ ഈ പ്രസിദ്ധനടന്മാര്‍ക്കു മയ്യനാട്ടുകാരുടെ രസക്ഷുത്തിനൊപ്പിച്ച്, അഭിനയിച്ചു ഫലിപ്പിക്കാന്‍ സാദ്ധ്യമായില്ല. കാളിദാസ ശാകുന്തളമായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. നടന്മാരുടെ ശാകുന്തളമല്ല. നാടകം നഷ്‌ടത്തില്‍ കലാശിച്ചു. വിഷണ്ണരായ നടത്തിപ്പുകാര്‍ക്ക് ആരോ ബുദ്ധിവച്ചുകൊടുത്തു എന്നെ പിടികൂടാന്‍,. തിരുവനന്തപുരത്തുവച്ചു ഞാന്‍ ശാകുന്തളം കളിച്ചതിന്‍റെ കേളി മയ്യനാട്ടുനിന്നും അന്നു നശിച്ചുപോയിരുന്നില്ല. നാടകം നടത്തിപ്പുകാര്‍ എനിക്കു വേണ്ടപ്പെട്ടവരും ആയിരുന്നു. അതിനാല്‍ അവരുടെ നിര്‍ബന്ധത്തിനു ഞാന്‍ കീഴ്‌പ്പെടേണ്ടിവന്നു. പക്ഷേ, ഒരു വ്യവസ്ഥയില്‍, പിരിഞ്ഞുകിട്ടിയ തുകയുടെ ഒരംശം മയ്യനാട്ടു വായനശാലയ്‌ക്കു സംഭാവന നല്‍കണം. സസന്തോഷം അവര്‍ സമ്മതിച്ചു. സി. കേശവന്‍ ബി. എ ദുഷ്യന്തനായും കുട്ടീശ്വരന്‍ ശകുന്തളയായും അഭിനയിക്കുന്ന സുദുര്‍ല്ലഭമഹോത്സവം എന്നിങ്ങനെ വലിയ വിജ്‌ഞാപനങ്ങളുണ്ടായി. നാടൊട്ടുക്കു നാടകം നടത്തിപ്പുകാര്‍ കോളിളക്കം ഉണ്ടാക്കി. ഒരു ബി. എ. ബിരുദധാരി, ഒരു ഇംഗ്ലീഷ് സ്‌കൂള്‍ അദ്ധ്യാപകന്‍, സി.കേശവന്‍ നാടകം കളിക്കിറങ്ങുന്നു. അതുതന്നെ അക്കാലങ്ങളില്‍ ഒരു വലിയ പുതുമയായിരുന്നു.
മയ്യനാടും പരിസരങ്ങളും ഇളകിമറിഞ്ഞു നാടകം കാണാന്‍ വന്നിട്ടുണ്ട്. കൊട്ടക നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ആയിരംതെങ്ങുകാവിലെ നിബിഡമായ തരുവൃന്ദങ്ങള്‍ക്കിടയില്‍ ഒരു പൊന്‍കുടംപോലെ ശോഭിക്കുന്നു പൂര്‍ണചന്ദ്രന്‍. ആ നിറകുടത്തില്‍ നിന്ന് അനര്‍ഗളമായി പാലുപോലെ പ്രവഹിച്ച പൂനിലാവില്‍ മുങ്ങിക്കുളിച്ചു പുളച്ചു കിടക്കുന്നു പനവെളിയും നാടകക്കൊട്ടകയും.
നാടകം തുടങ്ങി. എല്ലാവരും അക്ഷമയോടെ എന്‍റെ രംഗപ്രവേശം കാത്തിരിക്കയാണ്.
വേഗമൊടടവിയില്‍
ധാവതി മാനിതാ
എന്ന പാട്ടുമായി ഞാന്‍ പ്രവേശിച്ചു. ഒരു വലിയ ഹര്‍ഷാരവം എന്നെ സ്വാഗതം ചെയ്‌തു. അതിനോടെ, നടനഭ്രാന്ത് എന്നെ ഗ്രസിച്ചെന്നുതന്നെ പറയാം. അതിനതിനു ഹര്‍ഷാരവവും ഉയര്‍ന്നുയര്‍ന്നുവന്നു.
ഇവരുടെ രൂപലാവണ്യം ദര്‍ശനീയമായിരിക്കുന്നു. ഈ തണലില്‍ മറഞ്ഞുനിന്ന് ഇവരെ നോക്കാം എന്ന ഘട്ടം വന്നപ്പോള്‍, കൗതുകവും ഉത്‌കണ്‌ഠയും ശൃംഗാരവും നിറഞ്ഞ ഒരിളംപുഞ്ചിരിയോടെ ഞാന്‍ രംഗസ്ഥിത ജനങ്ങളെ ഒന്നുനോക്കിപോല്‍. മുമ്പിലിരിക്കുന്നു, ആദ്യത്തെ റോയില്‍ത്തന്നെ, വാസന്തിയും സി.വിയും അമ്മയും മുല്ലപ്പൂപോലെ സുകുമാരശരീരയായ ശകുന്തളയെ നോക്കിയ എന്‍റെ കണ്ണുകള്‍ വാസന്തിയുടെ മേല്‍ പതിഞ്ഞ് എന്‍റെ മന്ദഹാസം ഒന്നു പടരുന്നതു സകലരുടെയും ദൃഷ്‌ടിയില്‍പ്പെട്ടുപോയി. അപ്പോഴുമുണ്ടായി ഒരു ദീര്‍ഘമായ ഹര്‍ഷാരവം. മഹര്‍ഷി ശിഷ്യന്മാര്‍, സര്‍വഥാ ചക്രവര്‍ത്തിയായ പുത്രനെ ലഭിച്ചാലും എന്ന് അനുഗ്രഹിച്ചപ്പോഴും ഊടറിഞ്ഞ സഭാവാസികള്‍ , വിശേഷിച്ചും സ്‌ത്രീകള്‍ , ചിരിച്ചു തിമര്‍ത്തു വാസന്തിയെ നോക്കുന്നതും ഞാന്‍ കാണാതിരുന്നില്ലെന്നു പറഞ്ഞുകൊള്ളട്ടെ. എന്തുകൊണ്ടെന്നാല്‍, വാസന്തി അന്നു ഗര്‍ഭിണിയായിരുന്നു. ഒന്നാം അങ്കത്തിന്‍റെ വിജയം പൂര്‍ണമായിരുന്നു. അപ്പോള്‍ നീലകണ്‌ഠപ്പണിക്കര്‍ എന്നോടു പറയുകയാണ്, കളിയായും കാര്യമായും- നിങ്ങള്‍ ബിരുദധാരികള്‍ ഇങ്ങനെ തുടങ്ങിയാല്‍, ഞങ്ങള്‍ ഈ തൊഴില്‍ക്കാരുടെ വയറ്റത്തടിച്ചുപോകും എന്ന്. എന്നെ അദ്ദേഹം അങ്ങനെ അഭിനന്ദിക്കയായിരുന്നു. ഞാന്‍ ശല്യം ചെയ്യില്ലെനു വാഗ്‌ദാനം ചെയ്‌തു. മൂന്നാമങ്കത്തിനു ഞാന്‍ തയ്യാറല്ലായിരുന്നു. വാസന്തിയുടെയും അമ്മയുടെയും സി.വിയുടെയും സാന്നിദ്ധ്യമായിരുന്നു അതിനെന്നേ പ്രേരിപ്പിച്ച പ്രധാന ഹേതു. വല്ലാത്ത ധൈര്യം എന്നെ എങ്ങനെയോ ബാധിച്ചു കളഞ്ഞു.