ദിവ്യകോകിലം

അക്കൊല്ലമാണ്‌ മഹാകവി ടാഗോര്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ചത്‌. തിരുവനന്തപുരത്ത്‌ ആ മഹാകവിയെ സ്വീകരിക്കുന്നതിനു ചെയ്യുന്ന സജ്ജീകരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ വായിച്ച ഞങ്ങള്‍ തമ്പിയും ശേഖറും ഞാനുമൊക്കെ, തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. ഒരു വലിയ ഉത്സവാഘോഷത്തിന്‌ തിരുവനന്തപുരം സജ്ജമാകുന്ന സകല ലക്ഷണങ്ങളും ഉണ്ടായിരുന്നു. ടാഗോറിന്‍റെ യശഃപരിമളം അതിന്‍റെ ഉച്ചകോടിയില്‍ ലോകമൊട്ടുക്കു വ്യാപിച്ചിരുന്ന കാലമായിരുന്നു അത്‌.

ഞാന്‍ തിരുവനന്തപുരത്തെത്തുമ്പോള്‍, എന്‍റെ ചില ഈഴവയുവസുഹൃത്തുക്കള്‍ എന്നെ സമീപിച്ചു, ഒരു പരാതിയുമായി. ടാഗോറിനെ സ്വീകരിക്കുന്ന മഹായോഗത്തില്‍, ടി. ലക്ഷ്‌മണന്‍പിള്ള തമിഴിലും, ഉള്ളൂരും മള്ളൂരും മലയാളത്തിലും എഴുതിയ സ്വാഗതഗാനങ്ങള്‍ ഉണ്ടെന്നും, ആഘോഷഭാരവാഹികള്‍ മഹാകവി കുമാരനാശാനെ- അദ്ദേഹം തിരുവനന്തപുരത്തു സ്ഥിരതാമസമായിരുന്നെങ്കിലും- അവഗണിച്ചുകളഞ്ഞെന്നും അത്‌ അദ്ദേഹം ഈഴവനായതുകൊണ്ടാണെന്നും ആയിരുന്നു അവരുടെ പരാതി. രാഷ്‌ട്രീയകാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ഈഴവയുവാക്കന്മാര്‍ക്ക്‌ ആശാനുമായുണ്ടായിരുന്ന അഭിപ്രായഭിന്നത, എന്തായിരുന്നെങ്കിലും, അദ്ദേഹത്തെപ്പോലെ ഒരു മഹാകവിക്ക്‌ ഈ തലമുറ ജന്മമരുളിയിട്ടില്ലെന്നുള്ളതില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ലായിരുന്നു. ആശാനെ കേവലം ഒരു ഈഴവകവിയായി കാണാനുള്ള പുകഞ്ഞ കണ്ണട മാത്രമേ സമുദായത്തിലെ സാഹിത്യകാരന്മാര്‍ക്ക്‌ അന്നുണ്ടായിരുന്നുള്ളു. ആ ബുദ്ധിക്കെതിരായ അമര്‍ഷം ഞങ്ങളുടെ ഉള്ളില്‍ പുകഞ്ഞുകൊണ്ടുമിരുന്നു. അതിനാല്‍ ഞങ്ങള്‍ ഒരു സംഘം യുവാക്കന്മാര്‍ ആഘോഷ ഭാരവാഹികളെ കണ്ട്‌ ഞങ്ങളുടെ പരിഭവം ഉണര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഭാരവാഹികളുടെ നടുനായകം മള്ളൂരായിരുന്നു. ബുദ്ധിമാനായ അദ്ദേഹം ആശാന്‍റെ ഒരു മംഗളഗാനം കൂടി ഉണ്ടാകുന്നതില്‍ വിമനസനായി കണ്ടില്ല. ഞങ്ങള്‍ ഉത്സാഹപൂര്‍വം ആശാന്‍റെ സമീപത്തേക്കു പാഞ്ഞു. ആശാന്‍ നിമിഷകവിയല്ലെന്ന കള്ളനാണയം അന്നു പ്രചാരത്തിലിരുന്നിരുന്നു. ആശാന്‌ കവിതയെഴുത്തിനു മുമ്പേ, ഒരു മൂളല്‍ ഉണ്ടത്രെ. വളരെനേരം ഓരോ വരിയും മൂളി അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌, അതിന്‌ രൂപഭദ്രതയും ഭാവഭദ്രതയും വരുത്തുന്ന ഒരു സ്വഭാവവിശേഷം. നല്ല കവികളാരും വായില്‍ വരുന്നതു കോതയ്‌ക്കു പാട്ട്‌ സമ്പ്രദായത്തില്‍ എണ്ണിയാലൊടുങ്ങാത്ത ചീമുട്ടയിട്ടുകൂട്ടുന്ന കിളിപ്പെണ്ണല്ലെന്നാണ്‌ എന്‍റെ വിശ്വാസം. ചീമുട്ടയിടാത്ത ആശാന്‍റെ കിളിപ്പെണ്ണിനെ കുരുക്കിലാക്കാന്‍ കണ്ടുപിടിച്ച കഥയില്ലാത്ത ഒരു അപവാദം. അടുത്തദിവസത്തെ ആവശ്യത്തിനാണ്‌ കവിത വേണ്ടത്‌.

എന്തുവാനഭിമതന്‍ കഥിക്കുമോ
എന്തുവാന്‍ കരുതുമോ മഹാനിവന്‍?

എന്ന മട്ടിലാണ്‌ ഞങ്ങള്‍ ചെല്ലുന്നത്‌. ഞാനും സദാശിവനും സ്‌മാള്‍ നീലകണ്‌ഠനും (മദ്രാസില്‍ ഇപ്പോള്‍ പോസ്റ്റ്‌മാസ്റ്റര്‍) ഉണ്ട്‌. സ്‌മാള്‍ അന്ന്‌ വലിയ പിശറാണ്‌. സമുദായാഭിമാനത്തിന്‍റെയും അന്തസിന്‍റെയും സ്വയം നിയുക്തനായ കാവല്‍നായയായ സ്‌മാള്‍ ആണ്‌ ടാഗോര്‍ കമ്മിറ്റിയുടെ കുന്നായ്‌മയില്‍ വലിയ അരിശംകൊണ്ടു നിന്നിരുന്നത്‌. ഞങ്ങളുടെ നിവേദനം കേട്ട്‌ ആശാന്‍ കിലുങ്ങിമുഴങ്ങുന്ന ഒരു പൊട്ടിച്ചിരി ചിരിച്ചു. പ്രസിദ്ധമായ ആ പൊട്ടിച്ചിരി, ഒരു സമുദായത്തിന്‍റെ അന്തസ് ആശാന്‍റെ കവിത്വത്തില്‍ കൂടി തിരുവനന്തപുരത്തെ ഒരു വിദ്വല്‍സദസ്‌ ഒരു വിശ്വമഹാകവിയുടെ സാന്നിദ്ധ്യത്തില്‍ പരീക്ഷിക്കാന്‍ പോകയാണെന്ന ഗൗരവം ഞങ്ങളെ ബാധിച്ചിരുന്നു. ഈ കേരളക്കരയില്‍ ആശാന്‍റെ കവിസാര്‍വഭൗമത്വം സ്ഥാപിക്കാനുള്ള അപൂര്‍വാവസരം ഞങ്ങള്‍ ദര്‍ശിക്കുകയാണ്‌. ഇതാണ്‌ ആശാന്‍റെ ദിവ്യകോകിലത്തിന്‍റെ ഉത്ഭവകഥ. അതുദ്രുതകവിതയായിരുന്നു. പക്ഷേ, ആശാന്‍ ഒരു വ്യവസ്ഥ ചെയ്‌തു. ഞാന്‍ അതു പാരായണം ചെയ്യണമെന്ന്‌.

അടുത്തദിവസം ഞങ്ങള്‍ കമലാലയത്തില്‍ ചെല്ലുമ്പോള്‍, ആശാന്‍ ആ കവിത സ്വയം വായിച്ചു രസിച്ചു. മൂളിമൂളി അതിന്‌ അവസാനഭദ്രത വരുത്തുകയായിരുന്നു. ആശാന്‍തന്നെ അതു ഞങ്ങളെ ഒന്നു ചൊല്ലിക്കേള്‍പ്പിച്ചു. അതിമധുരമായ സ്വരത്തില്‍. ആശാന്‍റെ കവിത ആശാന്‍ തന്നെ ചൊല്ലികേള്‍ക്കണം. എന്‍റെ തലമുറയിലെ മൂന്നു മഹാകവികളില്‍ ഗായകന്‍ ആശാന്‍ മാത്രമായിരുന്നു.ഉള്ളൂരിന്‍റെയും വള്ളത്തോളിന്‍റെയും സ്വരത്തിനു മാര്‍ദ്ദവം ഞാന്‍ കണ്ടിട്ടില്ല. ഖരത്വവും രേഫവും ഏറിനില്‍ക്കും. ആ കവിത കേട്ടിട്ട്‌ എനിക്കുണ്ടായ ആത്‌മാനന്ദങ്ങള്‍ അവര്‍ണനീയമായിരുന്നു. ആശാന്‍റെ നിര്‍ദ്ദേശമനുസരിച്ച്‌ ഞാന്‍ ആ കിളിപ്പാട്ട്‌ എനിക്ക്‌ സ്വന്തമായ രീതിയില്‍ ഒന്നു ചൊല്ലി. ആശാന്‌ സമ്പൂര്‍ണമായ സംതൃപ്‌തി ഉണ്ടായി എന്ന്‌ മുഖഭാവം തെളിയിച്ചു. ഞങ്ങള്‍ ആ കവിതാരത്‌നവുമായി നേരെ മള്ളൂരിന്‍റെയടുക്കലേക്ക്‌ ഓടി. മള്ളൂര്‍ അപ്പോള്‍ ടൗണ്‍ഹാളിനു പുറകുവശത്ത്‌ കോളേജിനു വടക്കുവശത്തുണ്ടായിരുന്ന പ്‌ളേഗ്രൗണ്ടില്‍ പന്തലിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍പ്പിച്ചുകൊണ്ടു നില്‍ക്കയായിരുന്നു. തലേന്നു രാത്രിയിലുണ്ടായ കാറ്റിലും മഴയിലും പെട്ട്‌ പന്തലിന്‍റെ ഒരുഭാഗം വീണുപോയിരുന്നു. എ. നാരായണപിള്ളയും അടുത്തുണ്ട്‌. ഞാന്‍ ആ കവിത മള്ളൂരിന്‍റെ അംഗീകാരത്തിനായി ചൊല്ലിക്കേള്‍പ്പിച്ചു. മള്ളൂര്‍ ആദ്യത്തെ വരി കേട്ടതോടുകൂടി ഏകാഗ്രചിത്തനായി ആനന്ദവൈരാഗ്യത്തോടുകൂടി ഒരേനിലയില്‍ നിന്നത്‌ ഞാന്‍ ഓര്‍മ്മിക്കുന്നു. അതിമനോഹരമായ ഒരു കവിത ആസ്വദിച്ച ആനന്ദവായ്‌പ്‌ ആ മുഖത്ത്‌ തെളിയുന്നുണ്ടായിരുന്നു. ഞങ്ങള്‍ തന്നിന്ദ്രിയങ്ങള്‍ക്ക്‌ എന്ന ആശാന്‍റെ പ്രയോഗത്തില്‍ മാത്രം ഒരു അസ്വരത പ്രകടിപ്പിച്ച അദ്ദേഹം നാരായണപിള്ളയോട്‌ ചോദിക്കുകയാണ്‌. എന്താ കേട്ടോ എങ്ങനെയിരിക്കുന്നു? കൊള്ളാം. എന്നു നാരായണപിള്ള മറുപടി പറഞ്ഞു. പരിഹാസം തുളുമ്പുന്ന സ്വരത്തില്‍ മള്ളൂര്‍ പറയുകയാണ്‌. കൊള്ളാം എന്തോന്നു കൊള്ളാം. ഇത്‌ ഉത്‌കൃഷ്‌ടമായ കവിതയാണ്‌ എന്നു പറഞ്ഞ്‌ അന്യകാര്യങ്ങളില്‍ വ്യഗ്രനായി. നാരായണപിള്ള ഒന്നു ചളിച്ചു. ഞങ്ങള്‍ ആശാനോട്‌ മള്ളൂര്‍ ആ പ്രയോഗത്തിന്‍റെ സാധുത്വം ചോദ്യം ചെയ്‌ത കാര്യം പറഞ്ഞു. ആശാന്‍ കവിത വാങ്ങി പല തവണ പല രീതിയില്‍ ആ ഭാഗം മൂളി നോക്കി. ഒടുവില്‍ തിരിഞ്ഞ്‌ അല്‌പം ഒരു ഈര്‍ഷ്യയോടുകൂടി, ഒരു പിശകുമില്ല, അഭംഗിയുമില്ല എന്നു ഖണ്ഡിതമായി പറഞ്ഞ്‌ അതു മടക്കിത്തന്നു.

ദിവ്യകോകിലം ആ മഹാസദസിനെ അത്ഭുതസ്‌തബ്‌ധമാക്കി. ടാഗോര്‍ തന്നെ ഒന്നു പകച്ചുപോയി. ആ കവിതയിലെ അതിമനോഹരമായ മണിപ്രവാളശൈലിമൂലം അതിന്‍റെ ആശയം ഏതാണ്ടൊക്കെ ഗ്രഹിക്കാന്‍ അദ്ദേഹത്തിനു കഴിവുണ്ടാകാതെ പോയില്ല. ഉള്ളൂരിന്‍റെ ദീര്‍ഘമായ ഒരു വഞ്ചിപ്പാട്ടുണ്ടായിരുന്നു. കവിത വളരെ മഞ്‌ജുളമായിരുന്നു എന്നു തോന്നുന്നില്ല. വിമന്‍സ്‌ കോളേജ്‌ മുന്‍ഷി ഒരു കുറുപ്പ്‌ അതു ഗാനം ചെയ്‌തു- വളരെ വിരസമായ ഒരു രീതിയില്‍. എന്‍റെ മുറ വരാനിരിക്കുന്നതേയുള്ളു. കുറുപ്പിനേക്കാള്‍ ഭംഗിയായി ചൊല്ലാന്‍ എനിക്കു കഴിയുമെന്ന്‌ എനിക്കുതന്നെ തോന്നി. ടി. ലക്ഷ്‌മണന്‍പിള്ളയുടെ ഒരു തമിഴ്‌പാട്ടുണ്ടായിരുന്നു. ചില ബാലികമാരാണ്‌ അതു പാടിയത്‌. നല്ല കവിത. നല്ല ഗാനം. അതില്‍ ടാഗോറിന്‍റെ പഴം പറി വ്യംഗ്യത്തില്‍ വന്നിരുന്ന ഓര്‍മയുണ്ട്‌. മള്ളൂരിന്‍റെ ഗാനം, മത്താഡബാരതനോ മട്ടിലായിരുന്നു. വളരെ പ്രചാരത്തിലിരുന്ന ഒരു ട്യൂണ്‍ ആയിരുന്നു അക്കാലങ്ങളില്‍ അത്‌. മംഗളം തേ രവീന്ദ്രടാഗോര്‍ കവീന്ദ്രാ എന്നിങ്ങനെ അത്‌ ഇഴഞ്ഞിഴഞ്ഞുപോയി. ആ തേ ഇന്നും എനിക്ക്‌ സുഖിക്കുന്നില്ല. ആകെപ്പാടെ എനിക്ക്‌ ഇതിനിടയില്‍ ആത്‌മവിശ്വാസം വന്നിരുന്നു. മുമ്പില്‍ കഴിഞ്ഞ ഗായകവൃന്ദത്തെ നിഷ്‌പ്രഭമാക്കാന്‍ എനിക്കു കഴിയുമെന്ന്‌.

അവ്യയനാമീശന്‍റെയാരാമരത്‌നം തന്നില്‍
അവ്യാജകുതൂഹലം പാടി സഞ്ചരിക്കുന്ന
ദിവ്യകോകിലമേ എന്നു ഞാന്‍ തിരിഞ്ഞ്‌ മഹാകവി ടാഗോറിനെ സംബോധന ചെയ്‌തതിന്‍റെ നാടകീയതയോ മോഹനം രാഗത്തിലുള്ള എന്‍റെ ഗാനാലാപകുശലതയോ ആ സന്ദര്‍ഭത്തില്‍ ഇളക്കിവിട്ട കരഘോഷം.

തുഞ്ചലാളിതയായ കൈരളിതന്‍ പേരിലും
വഞ്ചിഭൂവിന്‍പേരിലും മംഗളമുരയ്‌ക്കട്ടെ
എന്നതുവരെ ഇടവിട്ടിടവിട്ടു തുടര്‍ന്നുകൊണ്ടിരുന്നു. ആ ദിവ്യകോകിലത്തിന്‍റെ കളകൂജനം ഒരു അലോകസംഭവംപോലെ സകലരും കൊണ്ടാടി. ആ മഹാസദസിന്‍റെ ഒരു മൂലയില്‍ ഒരു മഞ്ഞക്കോട്ടും തൊപ്പിയും കഴുത്തില്‍ ചുറ്റി ഒരു പുളിയിലക്കരയന്‍ നേര്യതുമായി ഇരുന്നിരുന്ന ആശാനെ ഞാന്‍ ഇടയ്‌ക്ക്‌ ഒന്നു നോക്കി. ആ മുഖമണ്ഡലത്തില്‍ അപ്പോള്‍ വിസൃതമായിരുന്ന നിര്‍വൃതി- എന്നുതന്നെ പറയട്ടെ എനിക്കു ഞൊടിയിടയില്‍ ദര്‍ശിക്കുവാന്‍ സാധിച്ചു. മരണത്തിന്‍റെ ക്രൂരഹസ്‌തം ആ കവികോകിലത്തിന്‍റെ ഗളനാളം പിരിച്ചുകളയുന്നതുവരെ ഞങ്ങള്‍ക്കു തമ്മിലുണ്ടായിരുന്ന അതിഗാഢമായ സ്‌നേഹാദരങ്ങളുടെ ഉറവിടം ഇതാണ്‌. ആശാന്‍റെ കവിതകള്‍ പൂര്‍വാധികമായ താല്‍പര്യത്തോടെ ഞാന്‍ വായിച്ചു പഠിക്കാന്‍ തുടങ്ങിയതും അതുമുതല്‍ക്കാണ്‌. എന്നെയും ആശാനെയും അനുമോദിക്കാതെ ആ ടാഗോര്‍ ദിനത്തില്‍ ആരും ഉണ്ടായില്ല. ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ എന്‍റെയും ആശാന്‍റെയും ഒരു വിജയദിനമായിരുന്നു അത്‌.