കോഴഞ്ചേരി പ്രസംഗം
മഹാജനങ്ങളേ, രാഷ്‌ട്രീയമായി വളരെ ഗൗരവമേറിയ പ്രസംഗങ്ങള്‍ നടന്ന ഒരു സമ്മേളനത്തിന്‍റെ രാഷ്‌ട്രീയകാര്യങ്ങളില്‍ ഒരഭിപ്രായം പറയാന്‍ തക്കവിധം പഠിപ്പും പരിചയവും ഉള്ള ഒരു മഹാന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഒരു സമ്മേളനത്തിന്‍റെ പിറകെ ഈ അന്ധകാരമയമായ സമയത്ത്, ഒരു രാഷ്‌ട്രീയപ്രസംഗം ചെയ്യുന്നതിന് എനിക്കിടവന്നതില്‍ ഞാന്‍ വ്യസനിക്കുന്നു. എന്നാലും യോഗാദ്ധ്യക്ഷന്‍ എന്നുള്ള നിലയില്‍ സ്വല്‌പസമയമെങ്കിലും എനിക്കു നിങ്ങളോട് പറയുവാനുള്ളത് പറയുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു.
നാം വ്യാപാരികളാണ്. നാം വ്യവസായികളാണ്. ചുരുക്കത്തില്‍ നാം ബിസിനസുകാരാണ്. നാം ബിസിനസില്‍ ഏര്‍പ്പെട്ടിട്ടു വളരെക്കാലം കഴിഞ്ഞു. നമ്മുടെ ഈ ബിസിനസാണ് ഈ നാടിനെ അഭിവൃദ്ധിപ്പെടുത്തിയത്. രണ്ടരക്കൊല്ലത്തോളമായി നാം ഈ പ്രക്ഷോഭണത്തില്‍ ഏര്‍പ്പെട്ടിട്ട്. ഇതേവരെ ഈ കാര്യങ്ങളില്‍ നാം വളരെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഈ രണ്ടരക്കൊല്ലക്കാലം നമ്മുടെ വ്യവസായങ്ങളും നമ്മുടെ വാണിജ്യങ്ങളും നമ്മുടെ കൃഷിപ്പണികളും അല്‌പമൊന്നു മാറ്റിവച്ചിട്ട് ഈ രാഷ്‌ട്രീയപ്രക്ഷോഭണ ബിസിനസിലേക്ക് നാം നമ്മുടെ ശ്രദ്ധയെ തിരിച്ചുവിട്ടു. നമ്മുടെ ഇപ്പോഴത്തെ ബിസിനസ് രാഷ്‌ട്രീയ പ്രക്ഷോഭണമാക്കിയിരിക്കുകയാണ്. നാം നമ്മുടെ ബിസിനസില്‍ എത്രമാത്രം ആദായമുണ്ടാക്കിയെന്നുള്ള തോതുവച്ചാണ് ആ ബിസിനസിന്‍റെ അഭിവൃദ്ധി പരിഗണിക്കുന്നത്. ആ തോതുവച്ചു നോക്കുമ്പോള്‍ നമ്മുടെ രാഷ്‌ട്രീയപ്രക്ഷോഭണ ബിസിനസിനു നമുക്ക് ലാഭമാണുണ്ടായിരിക്കുന്നതെന്നു പരിഗണിക്കേണ്ടിയിരിക്കുന്നു. എങ്ങനെ നമുക്കുണ്ടായിരുന്ന പ്രതിബന്ധങ്ങള്‍ നീങ്ങി, ഏതെല്ലാം മാര്‍ഗങ്ങള്‍ നമുക്ക് തുറന്നുകിട്ടി, എന്നെല്ലാമുള്ള തോതുകളാണ് നമ്മുടെ രാഷ്‌ട്രീയപ്രക്ഷോഭണത്തിലെ ലാഭനഷ്‌ടക്കണക്കിനു മാനദണ്ഡമായിരിക്കുന്നത്. ഇതിനിടയില്‍ ഒരു കാര്യം നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ അവകാശസ്ഥാപന സംബന്ധമായ കാര്യത്തില്‍ ലോകചരിത്രത്തില്‍ എവിടെ നോക്കിയാലും നാം കാണുന്ന ഒരു പ്രധാന സംഗതി ആവക കാര്യങ്ങള്‍ ഒന്നും ശീഘ്രഗതിയില്‍ സാധിക്കുന്നതല്ല എന്നുള്ളതാണ്. റഷ്യയിലെ മഹാവിപ്ലവം, അയര്‍ലണ്ടിലെ സ്വാതന്ത്യ്രസമരം, ഇന്ത്യാസാമ്രാജ്യത്തിന്‍റെ സ്വരാജ്യസമരം ഇതെല്ലാം അനേകവര്‍ഷം തുടരെ പ്രക്ഷോഭണം നടത്തിയതിന്‍റെ ഫലമായി വന്നതാണ്. ഇന്ത്യാസാമ്രാജ്യത്തിന്‍റെ സ്വാതന്ത്യ്രസമരം അതിന്‍റെ അന്തിമമായ ഉദ്ദേശത്തില്‍ എത്തിയിട്ടില്ലെങ്കിലും അതു സ്വാതന്ത്യ്രത്തിനുള്ള വഴി ക്രമേണ തെളിഞ്ഞുകൊണ്ടുതന്നെ പൊയ്‌ക്കൊണ്ടിരിക്കുന്നു. റഷ്യ സ്വാതന്ത്യ്രപ്രഖ്യാപനം ചെയ്‌തു കഴിഞ്ഞു. അയര്‍ലണ്ടു ഡിവാലറയുടെ കീഴില്‍ സ്വാതന്ത്യ്രപ്രഖ്യാപനം ചെയ്‌തിരിക്കുന്നു. എന്നാല്‍ നമ്മുടെ പ്രക്ഷോഭണവും ഇന്ത്യയിലെയോ റഷ്യയിലെയോ അയര്‍ലണ്ടിലെയോ പ്രക്ഷോഭണവും തമ്മില്‍ മൗലികമായ വലിയ വ്യത്യാസമുണ്ട്. ഞാന്‍ പറഞ്ഞ പ്രക്ഷോഭണങ്ങള്‍ എല്ലാം ഓരോ രാജ്യക്കാരും അവിടവിടെ നിലനിന്നുവന്ന ഗവണ്മെന്റുകളെ നശിപ്പിച്ച് അവകളുടെ സ്ഥാനത്ത് പുതിയ ഗവണ്മെന്റുകളെ സ്ഥാപിക്കുവാന്‍ ഉദ്ദേശിച്ചുള്ള ഒരു പ്രക്ഷോഭണമാകുന്നു. നമ്മുടെ പ്രക്ഷോഭണവും ഈ ഗവണ്മെന്റുകളെ തട്ടിയുടച്ച് വേറെ ഒരു ഗവണ്മെന്റാക്കുന്നതിന് തുടങ്ങിയിട്ടുള്ള പ്രക്ഷോഭണവും തമ്മില്‍ യാതൊരു സാമ്യവുമില്ല. നമ്മുടെ പ്രക്ഷോഭണം നമ്മുടെ മഹാരാജാവു തിരുമനസുകൊണ്ട് നമുക്കനുവദിച്ചു തന്നിട്ടുള്ള അവകാശങ്ങള്‍ക്കുള്ള ഒരു വഴക്കാണ്. അതുകൊണ്ട് നമ്മുടെ വഴക്കിന് അയര്‍ലണ്ടിലെയോ റഷ്യയിലെയോ പോലെയുള്ള കാലദൈര്‍ഘ്യത്തിന്‍റെ ആവശ്യമില്ലെങ്കിലും തിരുവിതാംകൂറിലെ ഉദ്യോഗസ്ഥന്മാര്‍ രാപകലില്ലാതെ ഭ്രാന്തുപിടിച്ചു ഓടിക്കൊണ്ടുപോകത്തക്കവണ്ണവും ഗവര്‍മെന്റിനു അനേകായിരം രൂപാ ചെലവാക്കതക്കവണ്ണവും അത്രവളരെ ശക്തി നമ്മുടെ പ്രക്ഷോഭണത്തിനുണ്ടായ സ്ഥിതിക്ക് നമ്മുടെ രണ്ടരക്കൊല്ലക്കാലത്തെ പ്രക്ഷോഭണവ്യാപാരം കാലദൈര്‍ഘ്യത്തെ സംബന്ധിച്ചിടത്തോളം വളരെ മെച്ചത്തില്‍തന്നെ സ്ഥിതി ചെയ്യുന്നു. ഈ പ്രക്ഷോഭണ ബിസിനസിന്‍റെ മുതല്‍മുടക്കിനെപ്പറ്റിയാണ് ചിന്തിക്കുവാനുള്ളത്. ഇത്ര ഗംഭീരമായി തിരുവിതാംകൂറിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഇളക്കി മറിച്ചുകളഞ്ഞു എന്ന് തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസുകൊണ്ടുപോലും പറയിക്കാന്‍ ഇടവരുത്തിയ ഈ പ്രക്ഷോഭണത്തിന് ഏകദേശം മൂന്നുനാലുലക്ഷം രൂപാ മുതല്‍മുടക്കുണ്ടാകുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവാം. എന്നാല്‍ മി.എന്‍.വി ജോസഫിന് ഒരു കണക്കുണ്ട്. ആ കണക്കെടുത്തു നോക്കിയാല്‍ നാം ഒരിക്കലും നിരാശപ്പെടുകയില്ല. നേരെമറിച്ച് ഏറ്റവും തുച്‌ഛമായ ഒരു തുക കൊണ്ടാണ് ഈ പ്രക്ഷോഭണം നടത്തിയിരിക്കുന്നതെന്നു നമുക്ക് ബോദ്ധ്യം വരുന്നതാണ്. ദൂരദേശത്തുനിന്നുകൊണ്ട് നമ്മുടെ പ്രക്ഷോഭണത്തെ വീക്ഷിക്കുന്ന ഒരു പ്രക്ഷോഭകന്‍ അമ്പരന്നുപോകത്തക്കവണ്ണം അത്രവളരെ കുറച്ചു തുക മാത്രമേ ഈ പ്രക്ഷോഭണത്തിനുവേണ്ടി നാം ചിലവഴിച്ചിട്ടുള്ളു. ഇനി ഇതിലേക്കുവേണ്ടി നമുക്ക് എത്രമാത്രം ശരീരാദ്ധ്വാനം ഉണ്ടായി എന്നു നോക്കാം. ശരീരാദ്ധ്വാനമെന്നു പറയത്തക്കവണ്ണം ഈ പ്രക്ഷോഭണത്തിനുവേണ്ടി നാം എന്തു ചെയ്‌തു? ഗവണ്മെന്റു ചില നിരോധനയുത്തരവുകള്‍ നല്‍കിയിരുന്ന കാലത്ത് ആ ഉത്തരവുകളെ ലംഘിക്കണമോ എന്ന പ്രശ്‌നം എന്‍റെ സുഹൃത്തുക്കളായ ചില ആളുകള്‍ എന്‍റെ നേരെ എറിഞ്ഞുതന്നിരുന്നു. അങ്ങനെ നിയമലംഘനം ചെയ്യുന്നതിനുള്ള നമ്മുടെ പ്രക്ഷോഭണസമുദായക്കാരിലും എത്രപേര്‍ ഉണ്ടാകുമെന്ന് ഒരു ഹിതപരിശോധന നടത്തിയതില്‍ എനിക്കും എന്‍റെ സ്‌നേഹിതന്‍ മി. മാത്തുണ്ണിക്കും നിരാശയാണുണ്ടായത്. ആ കാര്യം ലജ്ജയോടു കൂടി ഞാന്‍ നിങ്ങളുടെ മുമ്പാകെ പ്രസ്‌താവിച്ചുകൊള്ളുന്നു. അതുകൊണ്ടു പറയത്തക്കവണ്ണമുള്ള ശരീരത്യാഗമോ മറ്റുവിധത്തിലുള്ള കായക്‌ളേശമോ നമ്മുടെ ഇടയില്‍ ഉണ്ടായിട്ടില്ല. അങ്ങനെ ശരീരക്‌ളേശം ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്കു നമുക്കതില്‍ ഖേദിക്കാനുമില്ല. അതുകൊണ്ട് ഈ നിസാരമായ ശരീരായാസം കൊണ്ട് ഇത്രയും കാര്യം നമ്മള്‍ സാധിച്ചിരിക്കുന്നു. ഇതിലും നമുക്ക് വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്.
കോട്ടയത്ത് വച്ച് ഇക്കഴിഞ്ഞ ആഴ്‌ച നടന്ന നായര്‍ മഹാസമ്മേളനത്തില്‍ മഹാരഥന്മാരായ പല നായര്‍ പ്രമാണികളും തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നും എന്നുവേണ്ട കേരളത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും അതിപ്രശസ്‌തന്മാരായ നായര്‍ പ്രമാണിമാരും സംബന്ധിച്ചിരുന്നു. ആ യോഗത്തിലെ നാന്ദിയും ഭരതവാക്യവുമായി കേട്ടത് ഒരു ഐക്യകേരള സൃഷ്‌ടിയെപ്പറ്റിയാണ്. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കരയോഗങ്ങള്‍ കേരളം മുഴുവന്‍ സൃഷ്‌ടിച്ച് അങ്ങനെ ഒരു ഐക്യകേരള സൃഷ്‌ടി ഉണ്ടാക്കണമെന്നാണ് മി.പാലാട്ടു തുടങ്ങിയ പല മഹാന്മാരും പ്രസംഗിക്കുന്നതുകേട്ടത്. ഒരു ഐക്യ തിരുവിതാംകൂര്‍ സൃഷ്‌ടിക്കുന്നതിനുമുമ്പ് അതു സാധ്യമാണോ എന്നാണ് ആലോചിക്കേണ്ടത്. തിരുവിതാംകൂറില്‍ വര്‍ഗീയ പ്രാതിനിധ്യം നടമാടുന്ന ഒരു കാലമാണിത്. ബ്രിട്ടീഷ് ഇന്ത്യയിലെ കഥയാണെങ്കില്‍ മിന്റോ മോര്‍ളിയുടെ കാലം മുതല്‍ സാമുദായിക പ്രാതിനിധ്യവാദം അവിടെ തുടങ്ങീട്ടുണ്ട്. അത് ഒടുവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുകാരുടെ ദേശീയ വാദത്തെ കേറിപ്പിടിച്ചതും മഹാത്‌മാഗാന്ധി പട്ടിണി വരുത്തിയതും മറ്റും നാം കേട്ടിട്ടുള്ള കഥകളാണ്. സവര്‍ണരുടെ പ്രാതിനിധ്യമുള്ള കോണ്‍ഗ്രസില്‍ സവര്‍ണ്ണണരുടെ രക്ഷയെ ഉദ്ദേശിച്ചു ഒരു സര്‍വസമുദായ മൈത്രിയും ഒരു ഇന്ത്യന്‍ നേഷനും ഉണ്ടാക്കുവാന്‍ ഭാരത മഹാജനസഭക്കാരും ശ്രമിച്ചതുപോലെ ഇന്നു തിരുവിതാംകൂറില്‍ വന്ന് ഒരു ഐക്യകേരളം സൃഷ്‌ടിക്കുന്നതിനുള്ള ഉപാധികള്‍ ആ മഹാരഥന്മാര്‍ പാസ്സാക്കിയതില്‍ അദ്ഭുതപ്പെടാനേ നമുക്ക് തോന്നുകയുള്ളു. ഒരു ഐക്യകേരളസൃഷ്‌ടി സാധ്യമാണോ എന്നവര്‍ ആലോചിച്ചിട്ടില്ല. സമുദായങ്ങള്‍ തമ്മില്‍ അവകാശവാദത്തിനുവേണ്ടി തമ്മില്‍തല്ലി തലകീറിത്തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് നായന്മാര്‍ മാത്രം സംഘടിച്ച് ഒരു ഐക്യകേരളത്തെ ഉണ്ടാക്കണമെന്ന് പറയുന്നത് വെറും ഭോഷ്‌ക് തന്നെ. ബുദ്ധിയുള്ള മനുഷ്യര്‍ക്ക് ഇതൊരു പരിഹാസ്യകാരണമാക്കിത്തീര്‍ക്കാമെന്നല്ലാതെ കാര്യബോധമുള്ളവര്‍ക്ക് ഇതിന്‍റെ പ്രയോഗികതയെപ്പറ്റി വിശ്വാസമുണ്ടാകയില്ല. ഇവരാണോ രാജ്യഭരണതന്ത്രജ്‌ഞന്മാര്‍? ഇവര്‍ക്കു ദേശീയത്വം അട്ടിപ്പേറാണു പോലും. ഇതുപോലെ തന്നെ ബ്രിട്ടീഷ് ഗവണ്മെന്റു സാമാന്യേന അംഗീകരിച്ചിട്ടുള്ളതും ഇനി വരാന്‍ പോകുന്ന ഏതു ഗവണ്‍മെന്റുകളും അംഗീകരിക്കാന്‍ ഇടയുള്ളതുമായ സാമുദായിക പ്രാതിനിധ്യവാദത്തെ ഭസ്‌മീകരിക്കുന്നതിനുവേണ്ട ഉദ്‌ബോധനകളോടുകൂടിയ കാര്യക്ഷമതാവാദം കൊണ്ട് തങ്ങള്‍ക്കു ഉദ്യോഗം മുഴുവനും കരസ്ഥമാക്കി വയ്‌ക്കാമെന്നാണ് മറ്റുള്ളവരുടെ മേല്‍ കുതിര കയറിനിന്ന് അഭ്യാസം ചെയ്യുന്ന കുത്തക സമുദായക്കാര്‍ വിചാരിക്കുന്നത്. അല്ലാതെ കാര്യക്ഷമത എന്നു പറയുന്നതില്‍ മറ്റു യാതൊരു ഉദ്ദേശശുദ്ധിയുമില്ല. ഈ കാര്യക്ഷമത പരിശോധിക്കുന്നതിനുള്ള വിധങ്ങള്‍ നമ്മുടെ ഗവണ്മെന്റിനോ മറ്റേതെങ്കിലും ഗവണ്മെന്റുകള്ക്കോ കണ്ടുപിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാര്യക്ഷമതയെപ്പറ്റിപ്പറയുമ്പോള്‍ സ്വഭാവശുദ്ധി അവശ്യം വേണ്ടതായ ഒരു വിശേഷ അംശമാകുന്നു. ഇതു കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം ഒരു ഗവണ്‍മെന്റിനുമില്ല. കാര്യക്ഷമത വാസ്‌തവത്തില്‍ വേണമെങ്കില്‍ അത്രവളരെ സാമര്‍ത്ഥ്യമൊന്നും ഇല്ലെങ്കിലും സ്വഭാവശുദ്ധിയുള്ള ആളുകളെ, ന്യായം ചെയ്യാന്‍ ആഗ്രഹവും കഴിവുമുള്ള ആളുകളെ എങ്കിലും നിയമിക്കണമെന്നുള്ളതാണ്. ഈ കാര്യക്ഷമതാവാദമൊന്നും ഈ നായന്മാര് മുമ്പു നടത്തിയ മലയാളി മെമ്മോറിയല്‍ വാദകാലത്തു കണ്ടില്ല. അതു സ്വന്തം കാര്യം. ഇപ്പോള്‍ കാര്യക്ഷമത എന്നു പറഞ്ഞു മറ്റുള്ളവരെ കബളിപ്പിക്കത്തക്കവണ്ണം അവര്‍ അത്ര വളരെ ബുദ്ധിമാന്മാരും നമ്മള്‍ അതുകേട്ട് അനുസരിക്കത്തക്കവണ്ണം മണ്ടന്മാരുമാകുന്ന കാലം ഇനി വരികയില്ല. നിശ്ചയം. ഡോക്‌ടര്‍ നോക്‌സ് ഒരു റിപ്പോര്‍ട്ട് ഗവണ്മെന്റിലേക്കു സമര്‍പ്പിച്ചിട്ടുള്ളതായി കേട്ടു. ആ റിപ്പോര്‍ട്ടില്‍ എന്തോ ഗുണകരമായി ചില സംഗതികള്‍ അടങ്ങിയിരിക്കുന്നതായി അറിഞ്ഞപ്പോള്‍ അവരുടെ വയറ്റില്‍ ഒന്‍പതാം ഉത്സവം തുടങ്ങി. ഗവണ്മെന്റെ് നമുക്ക് എന്തോ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞ് അവരെ അതില്‍ നിന്നും പിന്‍തിരിപ്പിച്ചു. ഉദ്യോഗകുത്തക എന്നെന്നേക്കും പരിപാലിച്ചുകൊണ്ടുപോകണമെന്നുള്ളതാണ് കോട്ടയത്തുവച്ചുകൂടിയ സമ്മേളനത്തിന്‍റെ ഉദ്ദേശമെന്നു തോന്നുന്നു. നായന്മാര്‍ പടവെട്ടിയ കാര്യവും ഇവിടെ എല്ലാപേരെയും സംരക്ഷിച്ച കാര്യവുമൊക്കെ അവര്‍ അവിടെ പ്രസ്‌താവിച്ചതിന്‍റെ കാര്യമെന്ത്? അവര്‍ എന്നു പടവെട്ടി? അവര്‍ ആരെയാണ് ഏതു രാജ്യത്തെയാണ് വാളിന്‍റെ തുമ്പത്തു രക്ഷിച്ചു നിറുത്തിയത്. ഇതൊന്നും നമ്മെ ആരെയും രക്ഷപ്പെടുത്താനല്ല പറഞ്ഞത്. സര്‍ ഹബീബുള്ള അറുപതുവയസ്സുകഴിഞ്ഞിരിക്കുന്ന ഒരു വയസ്സനാണ്. അദ്ദേഹത്തെ ഭയപ്പെടുത്താനാണ് ഈ പ്രസ്‌താവനകള്‍ എല്ലാം. നമ്മള്‍ക്ക് വല്ല സൗജന്യവും ഗവണ്മെന്റു ചെയ്യാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ ഗവണ്മെന്റേ നിങ്ങള്‍ അതൊന്നും ചെയ്യരുത്, ഞങ്ങള് അതിനെതിരാണ്, ഉദ്യോഗം നോക്കുന്നതിനു ഞങ്ങള്‍ക്കു മാത്രമേ കാര്യക്ഷമതയുള്ളു, ഞങ്ങള്‍ക്കു ഉദ്യോഗം തന്നില്ലെങ്കില്‍ ഞങ്ങള്‍ പടവെട്ടിയവരും വാളിന്‍റെ തുമ്പത്ത് രാജ്യം പിടിച്ചവരുമാണെന്ന ഓര്‍മ വേണമെന്ന് വീരവാദം പറഞ്ഞാല്‍ ഗവണ്മെന്റെ് - സര്‍ ഹബീബുള്ളായുടെ ഗവണ്മെന്റെ് -ഒരുപക്ഷേ പരിഭ്രമിച്ചേക്കാമെന്നാണ് ആ സാധുക്കളുടെ വിചാരം. കഴിഞ്ഞകൊല്ലം നിവര്‍ത്തനമെന്നു കേട്ടപ്പോള്‍ ഭ്രാന്തുപിടിച്ചുണ്ടായ തുള്ളലാണ് നാം തിരുവനന്തപുരത്തു കൂടിയ നായര്‍ സമ്മേളനത്തില്‍ കണ്ടത്. കോട്ടയം സമ്മേളനം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ കൂടി സഹകരിച്ച ഒരു സമ്മേളനമാണെന്നും കേട്ടു. നായര്‍ ഉദ്യോഗസ്ഥന്മാര്‍ എല്ലാവരും ചേര്‍ന്ന് പണം പിരിച്ചു. അവരുടെ നേതൃത്വത്തില്‍, അവരുടെ സാന്നിധ്യത്തില്‍ നടന്ന ഒരു സമ്മേളനമെന്നു കാണുന്നു. ഇതു പരമാര്‍ത്ഥമാണെങ്കില്‍ ഗവണ്മെന്റിന്റെ നില ഏറ്റവും നിന്ദാവഹമായിട്ടുള്ളതെന്നു വരും. എന്താണെന്നുവച്ചാല്‍ ഈഴവനോ ക്രിസ്‌ത്യാനിയോ മുസ്‌ലീംമോ ആണ് ഈ ഉദ്യോഗസ്ഥന്മാരെങ്കില്‍ അവന്‍റെ സമുദായനന്മയെ മാത്രം ലാക്കാക്കി പ്രക്ഷോഭണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരുടെയെങ്കിലും വീട്ടില്‍ അവര്‍ കടന്നു ചെന്നുവെന്നറിഞ്ഞാല്‍ അതു രഹസ്യമായി അന്വേഷിച്ചറിയാന്‍ ഒരു ഉപജാപകസംഘം സൃഷ്‌ടിക്കപ്പെട്ടതായും അതില്‍ ഈ ഉദ്യോഗസ്ഥന്മാര്‍ എല്ലാം പങ്കുകൊണ്ടതായും അവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായും മറ്റും കൊട്ടാരം വരെ അറിയിക്കാനും കൊട്ടാരത്തിലെ അതൃപ്‌തി സമ്പാദിക്കുവാനും ഒരുങ്ങുന്നതിനുള്ള ഒരു സംരംഭം ഗവണ്മെന്റു ഏറ്റെടുത്തിട്ടുള്ളതായും അനുഭവമുണ്ട്. എന്നാല്‍ നായര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് അവരുടെ സാമുദായികമായ ഏതു സംരംഭത്തിലും പങ്കുകൊള്ളാം. അവര്‍ക്ക് എവിടെയും പ്രവേശിക്കാം. ഏതുപദേശവും കൊടുക്കാം. പണം വാരിക്കോരി സംഭാവന ചെയ്യാം. ഈ നയം സര്‍ ഹബീബുള്ളയുടെ ഗവണ്മെന്റെ് കൈക്കൊള്ളുന്നതു ഒരു കാലത്തും നന്നല്ല. അദ്ദേഹത്തിന്‍റെ വാര്‍ദ്ധക്യത്തിനുതന്നെ അത് അപമാനമാണ്. ഈ നാട്ടില്‍ ന്യായം നടത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നെങ്കില്‍ ഒരു വര്‍ഗത്തിനുമാത്രം ന്യായം ചെലുത്താതെ എല്ലാ വര്‍ഗങ്ങള്‍ക്കും നിഷ്‌പക്ഷമായ തോതില്‍ ന്യായം നടത്തുവാന്‍ അദ്ദേഹം ശ്രമിക്കേണ്ടതാണ്.
മറ്റൊരുവിഷയമാണ് പ്രായപൂര്‍ത്തി വോട്ടവകാശ പദ്ധതി. പരിഷ്‌കാരസൂര്യന്‍റെ അരുണകിരണങ്ങള്‍ എത്തിയിട്ടുള്ള നാടുകളിലെല്ലാം പ്രായപൂര്‍ത്തിവോട്ടവകാശത്തെ സ്വാഗതം ചെയ്യുന്നതായി നാം കാണുന്നുണ്ട്. ഇത് ഇല്ലാത്ത എവിടേയും ഉത്തരവാദിത്വഭരണം നടപ്പിലാക്കാന്‍ സാദ്ധ്യമല്ല. ഏതു പരിഷ്‌കൃതമായ ഗവണ്മെന്റിലും ഉത്തരവാദിത്വഭരണവും പ്രായപൂര്‍ത്തിവോട്ടവകാശവും മൗലികമായ തത്ത്വത്തിന്മേല്‍ സ്ഥാപിച്ചു രാജ്യഭരണം നടത്തണമെന്നു വാദിക്കുന്നവരാണ് ഇന്നത്തെ ജനസാമാന്യം. ഇങ്ങനെയിരിക്കെ കൊട്ടിഘോഷിക്കുന്ന നായന്മാര്‍, തിരുവിതാംകൂറിനെ പടവെട്ടി ജയിച്ചു എന്നു അഭിമാനം കൊള്ളുന്ന ദേശീയവാദികള്‍, പ്രായപൂര്‍ത്തി വോട്ടവകാശങ്ങളുടെ ആവശ്യമില്ലെന്ന് ഇവിടെ പ്രസ്‌താവിച്ചിരിക്കുന്നു. എത്ര ലജ്ജാവഹം. ഇവരാണോ തിരുവിതാംകൂറിലെ ജനകീയഭരണത്തെ നയിക്കുന്നതിനു കോണ്‍ഗ്രസ് കൊടിയുമേന്തി ഗോഷ്‌ടി കാണിച്ചത്? മുഴുവന്‍ നമ്മുടെ കണ്ണില്‍ മണ്ണിടാനെടുത്ത തന്ത്രങ്ങളാണ്. ഇവരുടെ ഊപ്പിടിയ്‌ക്കകത്ത് ഒതുങ്ങി നില്‍ക്കുന്ന മനുഷ്യവകകളാണ് നമ്മളെന്ന് ആ പാവങ്ങള്‍ വിഭ്രമിച്ചു. അതിനുള്ള ചരട് ഇന്നു പൊട്ടിയിരിക്കുന്നു. കുത്തകസമുദായക്കാര്‍ക്ക് ഇനി ഈ നാട്ടില്‍ സ്ഥാനമില്ലെന്നു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ഇതു കണ്ടപ്പോഴാണ് ശ്രീമാന്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ളയെപ്പോലുള്ള ആളുകള്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഇപ്പോള്‍ കൊടുക്കണ്ടാ ഫ്രാഞ്ചൈസ് ഒന്നു താഴ്‌ത്തിയാല്‍ മതി എന്നഭിപ്രായപ്പെട്ടത്.
നമ്മുടെ മഹാരാജാക്കന്മാര്‍ പോലും ജനസംഖ്യാനുപാതികമായ അവകാശങ്ങള്‍ക്കു വാദിക്കുന്ന ഒരു കാലമാണിത്. എന്‍റെ രാജ്യത്തു 52 ലക്ഷം ജനങ്ങളുണ്ട്. അതുകൊണ്ട് രണ്ടു സീറ്റുപോരാ, 3-ം 4-ം സീറ്റുകള്‍ ഫെഡറേഷന്‍ നിയമസഭകളില്‍ ഞങ്ങള്‍ക്കുണ്ടായിരിക്കണ മെന്ന് അവര്‍ - നമ്മുടെ മഹാരാജാക്കന്മാര്‍ വീണ്ടും പറയുന്നതെന്തെന്നു വച്ചാല്‍, അപ്രകാരം ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഞങ്ങള്‍ക്കു കിട്ടുന്നില്ലെങ്കില്‍ ഞങ്ങള്‍ ഫെഡറേഷനില്‍ ചേരുന്നില്ലെന്നാണ്. അതായത് ഞങ്ങളും നിവര്‍ത്തനം അനുഷ്‌ഠിക്കുന്നതാണെന്നു പറയുന്നു. നാം പറയുന്നതും നമ്മുടെ മഹാരാജാക്കന്മാര്‍ പറയുന്നതും ഒന്നുതന്നെയാണ്. "യഥാ രാജാഃ തഥാ പ്രജാ" എന്നുള്ള ന്യായപ്രകാരം നമ്മുടെ വാദം എത്രയും ന്യായയുക്തമായിരിക്കുന്നു.
ഉദ്യോഗനിയമസഭാപ്രാതിനിധ്യങ്ങള്‍ക്ക് കേവലം ജനസംഖ്യമാത്രം നോക്കിയാല്‍ മതിയോ? ഈ ചോദ്യം നായന്മാരില്‍ പലരും ചോദിക്കുന്നുണ്ട്. പോര, എന്നു ഞാനും പറയുന്നു. എന്തിനാണ് ഈ നിയമസഭ? മഹാരാജാവിനു സര്‍വാധികാരവും ഉള്ള ഒരു രാജ്യമാണിത്. സര്‍വജനങ്ങളുടെയും ക്ഷേമവും സുഖവും നോക്കി അദ്ദേഹം രാജ്യം ഭരിച്ചുകൊള്ളും. വെറും അപേക്ഷകള്‍ ബോധിപ്പിക്കുന്നു. കൂടുതലായി വന്നാല്‍ അപേക്ഷകളിന്മേല്‍ ഒരു ശുപാര്‍ശ ചെയ്യുന്നു. ഈ അപേക്ഷ ആര്‍ക്കാണ്? സങ്കടക്കാര്‍ക്ക് നായരെന്നു പറഞ്ഞാല്‍ അത് ഗവണ്‍മെന്റാണ്. നായരും പട്ടരും ചേര്‍ന്നാല്‍ ഗവണ്മെന്റായി. പിന്നെ കുറെ ചെട്ടികളും കാണും. ഇത്രയും കൂടിയതാണ് വാസ്‌തവത്തില്‍ നമ്മുടെ ഗവണ്‍മെന്റ്. അവരുടെ സങ്കടം വാസ്‌തവത്തില്‍ ഗവണ്മെന്റിന്റെ സങ്കടം തന്നെ. ആ നിലയ്‌ക്കു നായര്‍ക്കു സങ്കടമുണ്ടാകേണ്ടതായും അതു പറയേണ്ടതായുമുള്ള ആവശ്യമില്ല. ഒരു സങ്കടമോ ആവലാതിയോ ബോധിപ്പിച്ച് ഒരു തീരുമാനം ഉണ്ടാക്കുവാനുള്ള അപേക്ഷയോടുകൂടി ഏതെങ്കിലും ശുപാര്‍ശകള്‍ ഗവണ്മെന്റിലേക്കയക്കാന് അവകാശമുള്ള നിയമസഭയില്‍ നായര്‍ക്ക് ഇനിയും എന്തിനു പ്രാതിനിധ്യം വേണമെന്ന് ഞാന്‍ ചോദിക്കുന്നു. മഹാരാജാവ് തങ്ങളുടെ സ്വന്തമെന്നു പറയുന്ന നായര്‍ക്ക് എന്തിനാണ് നിയമസഭയില്‍ പ്രാതിനിധ്യം? അതുകൊണ്ട് അവരുടെ പ്രാതിനിധ്യം കൂടി വാസ്‌തവത്തില്‍ അതിന്‍റെ ആവശ്യമുള്ള സമുദായക്കാര്‍ക്ക് കൊടുക്കുക എന്നുള്ളതാണ് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം മാത്രം പരിഗണിച്ചാല്‍ പോരെന്നു പറയുന്നതെങ്കില്‍, ആ ഭാഗം ഞാന്‍ സമ്മതിച്ചു. അതല്ല സകലത്തിന്‍റെയും ഭൂരിപക്ഷം തങ്ങള്‍ക്കു വേണം അതിന്‍റെ സങ്കടക്കാര്‍ക്കു പറയാനുള്ള സൗകര്യം കൂടി കൊടുക്കാന്‍ തങ്ങള്‍ അനുവദിക്കുകയില്ലെന്നുള്ള അര്‍ത്ഥത്തിലാണ് അവര്‍ പറയുന്നതെങ്കില്‍ ആ വാദം ഒരിക്കലും നാം സമ്മതിച്ചുകൂടാ. തിരുവിതാംകൂര്‍ ഗവണ്മെന്റില് ഇന്നു നായന്മാര്‍ക്കുള്ള സ്ഥാനം നമുക്കുണ്ടായിരുന്നു എങ്കില്‍ നാം തീര്‍ച്ചയായും സാധുക്കളായ നായര്‍ക്ക് അവര്‍ ചോദിക്കുന്നതെല്ലാം ഉടനേ കൊടുക്കുന്നതിന് ഒരുമ്പെടുമായിരുന്നു. ഞാന്‍ വെറുതെ പൊളി പറയുന്നതല്ല ഇത്. നാം ഇതുവരെ സങ്കടം അനുഭവിച്ചവരാണ്. ഒരിക്കലെങ്കിലും സങ്കടമനുഭവിച്ച ഒരു സമുദായത്തിന് മറ്റുള്ളവരുടെ സങ്കടം ഏതു രൂപത്തിലായിരിക്കുമെന്ന് തിരിച്ചറിയുവാന്‍ കഴിയും. അതു കൊണ്ട് നിശ്ചയമായും അവരുടെ അപേക്ഷകള്‍ എത്രയും വേഗം അനുവദിച്ചു കൊടുക്കാത്തതില്‍ നാം ഗവണ്മെന്റിനെ കുറ്റപ്പെടുത്തുകയേ ചെയ്യുമായിരുന്നുള്ളു.
ഇനി നായര്‍ പട്ടാളത്തെപ്പറ്റിയും രണ്ടുവാക്കു പറയേണ്ടിയിരിക്കുന്നു. പാര്‍വതീഭായിയുടെ കാലത്തല്ലാതെ അതിനുമുമ്പ് നായര്‍ പട്ടാളമെന്നൊന്ന് ഉണ്ടായിരുന്നില്ല. നാട്ടില്‍ സമാധാനവും ക്ഷേമവും പാലിക്കപ്പെട്ടതിനുശേഷം തങ്ങളുടെ ബഹുമാനത്തിനും ക്ഷേത്രങ്ങള്‍ക്കും മറ്റും കാവല്‍പണികള്‍ക്കും മറ്റും വേണ്ടി ഒരു സൈന്യം ഇവിടെ പാര്‍വതീഭായി എഴുതിയ അപേക്ഷ അനുസരിച്ച് അന്നത്തെ വൈസ്‌റോയ് അനുവദിച്ചുകൊടുത്തതാണ് നായര്‍ പട്ടാളം. അല്ലാതെ രാജ്യം പിടിച്ചടക്കിയതും ഇവിടെ സമാധാനം സ്ഥാപിച്ചതുമെല്ലാം ഡില്ലനായിയുടെ പടയും പാണ്ടിപ്പടയും തുലുക്കപ്പടയുമായിരുന്നു എന്നു ചരിത്രം പറയുന്നു. രാജ്യത്തു ബ്രിട്ടീഷ് ഗവണ്മെന്റിന്റെ അധികാരശക്തികളും പീരങ്കികളും ഒക്കെ വന്നശേഷം ഇവരുടെ യാതൊരാവശ്യവും ഇല്ലാത്ത സന്ദര്‍ഭത്തില്‍ വെറും അലങ്കാരത്തിനുവേണ്ടി ഉണ്ടാക്കിയതാണ് നായര്‍ പട്ടാളം. നായര്‍ പടവെട്ടി നാടു സംരക്ഷിച്ചു എന്നും വാളിന്‍റെ മുനയില്‍ രാജ്യം നിറുത്തി എന്നും പറയുന്നതു വെറുതേ ഭള്ളു പറയുന്നതാണ്? നുണയാണ്. ചരിത്രകാരന്മാരുടെ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. നായര്‍ പടവെട്ടി ജയിച്ചുവത്രെ. എട്ടുവീട്ടില്‍ പിള്ളമാരുടെ വര്‍ഗക്കാരില്‍ നിന്നു മാര്‍ത്താണ്ഡവര്‍മ്മ പട്ടാളത്തിലേക്കു ആളെ എടുക്കുമെന്നു വിശ്വസിക്കാന്‍ പ്രയാസം. നായര്‍ തമ്മില്‍ തമ്മില്‍ പടവെട്ടിയെന്നുള്ളതാണ് പരമാര്‍ത്ഥം. കായംകുളത്തുള്ള നായര്‍ കൊല്ലത്തുള്ള നായന്മാരോടു പടവെട്ടി. അങ്ങനെ പടവെട്ടി ജയിച്ചു. പക്ഷേ, തോറ്റതാരാണ്? സര്‍. സി.ശങ്കരന്‍നായര്‍ കേരള ചരിത്രനിര്‍മ്മാണത്തിനുദ്യമിച്ചിരുന്നതായി കേട്ടു. അദ്ദേഹം അതേപറ്റി പഠിച്ചിരുന്നതായി അറിയാം. എങ്കിലും അദ്ദേഹം ഒരു കേരളചരിത്രം നിര്‍മ്മിക്കുന്നില്ലെന്നു തീരുമാനിച്ചതായാണറിവ്. ആ ചരിത്രം പ്രസിദ്ധപ്പെടുത്തുന്ന പക്ഷം നായരും ഈഴവരുമായി എന്നും മത്സരത്തോടുകൂടി പെരുമാറേണ്ടി വരുമെന്നു ഭയന്നാണ് അദ്ദേഹം പിന്നീട് അതിന്നു ഒരുമ്പെടാതിരുന്നതെന്നാണറിവ്. അവരുടെ യഥാര്‍ത്ഥ ചരിത്രവും അവര്‍ പൊങ്ങച്ചം പറഞ്ഞു പുകഴ്‌ത്തുന്ന ചരിത്രവും തമ്മിലുള്ള അന്തരം അത്രമാത്രമുണ്ടെന്നു ഇതില്‍ നിന്ന് ഊഹിക്കാന്‍ കഴിയും. വെറും മരണഗോഷ്‌ടികളാണ് നായന്മാര്‍ കാണിച്ചിരുന്നത്. വെറും വീരവാദങ്ങളാണ് അവര്‍ പ്രസ്‌താവിക്കുന്നത്. ഈ പട്ടാളത്തില്‍ നമുക്കെന്തുകൊണ്ടു പ്രവേശനം അനുവദിച്ചുകൂടാ? അവരെക്കാള്‍ ഭംഗിയായി യുദ്ധം ചെയ്യാന്‍ നമുക്കറിയാം. അതു ചരിത്രസമ്മതമുള്ള ഒരു കാര്യമാണ്. കാറ്റത്തു പറന്നുവീഴാതിരിക്കാന്‍ ഘനത്തിനുവേണ്ടി വച്ചിരിക്കുന്ന ഒരു സാധനമാണ് ഇന്ന് നായന്മാരുടെ കയ്യില്‍ ഇരിക്കുന്ന തോക്ക്. വെറും കാവല്‍പ്പണിയാണ് ഇന്നവര്‍ നടത്തുന്നത്. അവരുടെ പ്രധാന ജോലി ഊണും ഉറക്കവുമാണ്. അവരെക്കാള്‍ ഊര്‍ജ്ജിതമായി നില്‌ക്കാനും തോക്കിന്‍റെ തുരുമ്പുതുടയ്‌ക്കാനും മറ്റും നമുക്കറിയാം. ഇന്നു നായര്‍ പട്ടാളത്തില്‍ കാണുന്ന ആളുകളേക്കാള്‍ ബലവീര്യങ്ങളുള്ള ആളുകളെ നമ്മുടെ കൂട്ടത്തില്‍ നിന്നെടുത്താല്‍ മതി. ഏതായാലും നായരു പടവെട്ടിയിട്ടില്ല. ഈ രാജ്യത്തിനുവേണ്ടി അവര്‍ ഒരു ചുക്കും ചെയ്‌തിട്ടില്ല.
ഞാന്‍ നായരെപ്പറ്റി വല്ലതും പരുഷമായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു വര്‍ഗീയ വിദ്വേഷം കൊണ്ടെല്ലെന്ന് അവരില്‍ ആരെങ്കിലും ഇവിടെ ഇരിപ്പുണ്ടെങ്കില്‍ അവര്‍ പ്രത്യേകം മനസ്സിലാക്കണമെന്നപേക്ഷിക്കുന്നു. അവരോടാരോടും എനിക്കു ദ്വേഷമില്ല. എങ്കിലും ഞങ്ങളുടെ അവകാശസംരംഭത്തില്‍ അവരുടെ ഇടനിലയിലുള്ള അമര്‍ഷം എനിക്കുണ്ട്. അതിനാല്‍ അതേപറ്റി ആലോചിക്കുമ്പോള്‍ വന്നുപോയേക്കാവുന്ന വികാരത്തിന്‍റെ തള്ളിച്ചകൊണ്ട് എന്‍റെ സ്വരം അല്‌പം പരുഷമായിപ്പോയെങ്കില്‍ ക്ഷമിക്കണമെന്നപേക്ഷിക്കുന്നു.
ചില സംഭവങ്ങള്‍ നമ്മുടെ പ്രക്ഷോഭത്തെ നാം അറിയാതെ മുമ്പോട്ടു കൊണ്ടുപോയിട്ടുണ്ട്. അതിലൊന്ന് ക്രിസ്‌ത്യാനികളില്‍ ചിലരെ അധഃകൃതരായി ഗവണ്മെന്റെ് ഈയിടെ വിഭജിച്ചതാണ്. അധഃകൃതസൃഷ്‌ടി ഗവണ്മെന്റെ് എന്തിനായി ഉണ്ടാക്കിയെന്നുള്ള കാര്യമേ പോകട്ടേ. ഈ പ്രശ്‌നം പാര്‍ലമെന്റില്‍വരെ എത്തി. തിരുവിതാംകൂര്‍ ഗവണ്മെന്റെ് വളരെ പരിഭ്രമിച്ചു. ഹാലിഫാക്‌സ് പ്രഭുവും ഫിക്‌സ് അലന്‍പ്രഭുവും ആയി ചില വാദപ്രതിവാദങ്ങള്‍ നടത്തി. ഇതേപ്പറ്റി ഇന്ത്യാഗവണ്‍മെന്റുമായി ചില എഴുത്തുകുത്തുകള്‍ നടത്തി. തിരുവിതാംകൂര്‍ ഗവണ്മെന്റിന്റെ വയറ്റില്‍ ഒന്‍പതാമുത്സവമായി. കെ.സി.ഈപ്പന്‍ പറഞ്ഞതുപോലെ ഇനി ഹജുരാപ്പീസില്‍ തപ്പിനോക്കാന്‍ ഒരു ഫയലും ബാക്കിവച്ചിട്ടില്ല. എന്നിട്ടു തിരുവിതാംകൂര്‍ ഗവണ്മെന്റു ഇവിടുത്തെ ക്രിസ്‌ത്യാനികള്‍ക്കു പത്തു ചക്ക മുള്ളോടെ കൊടുത്തിരിക്കുന്നുവെന്നും മറുപടി അയച്ചിരിക്കുന്നുവത്രെ. ഇതേപ്പറ്റി എന്തെല്ലാം ഗൂഢാലോചനകളാണ് ഹജുര്‍ഗര്‍ഭഗൃഹത്തില്‍ നടന്നത്. ഞാന്‍ ഗര്‍ഭഗൃഹമെന്നു പറഞ്ഞത് മനഃപൂര്‍വമായിട്ടാണ്. ഹജുരാഫീസിനുള്ളില്‍ ഒരു ഗര്‍ഭഗൃഹമുണ്ട്. അവിടെ ഈഴവനായ ഉദ്യോഗസ്ഥനോ ക്രിസ്‌ത്യാനിയായ ഉദ്യോഗസ്ഥനോ ഒരു മുസ്‌ലീം ഉദ്യോഗസ്ഥനോ പ്രവേശനമില്ല. ഗവണ്മെന്റിനു വിശ്വാസം ഉള്ള ചില നായര്‍ ഉദ്യോഗസ്ഥന്മാരും മറ്റു ചിലരും കൂടി ചില ഗൂഢാലോചനകളും മറ്റും അവിടെ നടക്കുന്നുണ്ട്. ഈ ആലോചനയുടെ ഫലം എങ്ങനെയായി എന്നുള്ളതു നല്ല നിശ്ചയമില്ല. എങ്കിലും ഒരുകാര്യം തീര്‍ച്ചയാണ്. ഈ വിഭജനവും നമ്മുടെ അവകാശവാദപ്രശ്‌നവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു അവയുടെ സമ്മര്‍ദ്ദം തിരുവിതാംകൂര്‍ ഗവണ്മെന്റിനെ വളരെ വിഷമിപ്പിച്ചിട്ടുണ്ടെന്നും അതു നമ്മുടെ പ്രക്ഷോഭത്തെ വളരെ സഹായിച്ചിട്ടുണ്ടെന്നും രാജ്യതന്ത്രനിരീക്ഷണപടുക്കള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നതാണ്.
മറ്റൊരു കാര്യം തങ്കശ്ശേരി കൈമാറ്റമാണ്. 98 ഏക്കര്‍ വിസ്‌താരം വരുന്ന തങ്കശ്ശേരി തിരുവിതാംകൂറിലേക്ക് കൈമാറ്റം ചെയ്യുന്ന കാര്യം ഇന്ത്യാ ഗവണ്മെന്റിന്റെ ആലോചനയില്‍പ്പെട്ടു. പക്ഷേ, തങ്കശ്ശേരിക്കാര്‍ അതിനു സമ്മതിച്ചില്ല. തിരുവിതാംകൂറിലെ ഭരണം തങ്കശ്ശേരിക്കാരായ ക്രിസ്‌ത്യാനികള്‍ക്ക് വളരെ സങ്കടകരമാണെന്നും അവരുടെ സാമൂഹ്യസ്ഥിതിക്കു തിരുവിതാംകൂര്‍ ഗവണ്മെന്റു വളരെ വിഘ്‌നമുണ്ടാക്കുമെന്നും രാഷ്‌ട്രീയാവശതകളാല്‍ ദൈനംദിനം അധഃപതിച്ചു വരുന്ന തിരുവിതാംകൂറിലെ ക്രിസ്‌ത്യാനികളോടൊപ്പം അവരെ അന്ധകാരത്തിലേക്കു നയിക്കുവാന്‍ തക്കവണ്ണം തങ്കശ്ശേരി തിരുവിതാംകൂറിനെ ഏല്‌പിക്കരുതെന്നും മറ്റും ഇതേപ്പറ്റി പാര്‍ലമെന്റില്‍ വാദപ്രതിവാദം ചെയ്‌ത അത്തോള്‍പ്രഭു കുറഞ്ഞൊന്നു സംസാരിച്ചു. അതു വളഞ്ഞു തിരിഞ്ഞെത്തി. ഉടനെ ഒരു വേവലാതിയും പ്രാണവേദനയും കൊണ്ട് തിരുവിതാംകൂര്‍ ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥന്മാര്‍ തങ്കശ്ശേരിയിലേക്കു ഓടിയ ഓട്ടം കാണാന്‍ രസമുള്ളതായിരുന്നു. പക്ഷേ, തിരുവിതാംകൂറുകാരായ നാമാരും അറിയാതെ സാധുക്കളായ 20000 പേരുള്ള തങ്കശ്ശേരി അവരുടെ കാര്യം നേടിയതു നമുക്ക് ചെയ്‌തുതന്ന വലിയ ഒരു കാര്യമാണ്.
ഇനിയൊരു കാര്യം പുന്നശ്ശേരി നമ്പി അവര്‍കളുടെ ചണ്ഡാളശാസ്‌ത്രമാകുന്നു. തിരുവിതാംകൂര്‍ ഗവണ്മെന്റു കുറെ രൂപ ചെലവാക്കി ഒരു ക്ഷേത്രപ്രവേശനകമ്മിറ്റി റിപ്പോര്‍ട്ടുണ്ടാക്കി. അതില്‍ ഞങ്ങളുടെ ഹിന്ദുമതത്തിലെ പോപ്പായ തരണനെല്ലൂര്‍ നമ്പൂതിരിപ്പാട്ടിലെ പ്രതിനിധിയായി ഒരു നമ്പിയെ അയച്ചു. നമ്പി എന്നു പറഞ്ഞാല്‍ നമ്പൂതിരിയാണെന്നു ഞാന്‍ വിചാരിച്ചു. പക്ഷേ അതല്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഏതായാലും ആ റിപ്പോര്‍ട്ടില്‍ ഈഴവര്‍ ചണ്ഡാലനാണെന്നു പറഞ്ഞിരിക്കുന്നു. ഇതു നമ്മുടെ പ്രക്ഷോഭണത്തെ എങ്ങനെ സഹായിക്കുന്നു എന്നുള്ളതാണ് ഇവിടെ ചിന്തിക്കേണ്ടത്. ഈ ചണ്ഡാലശാസ്‌ത്രം ഈഴവയുവാക്കള്‍ക്ക് ഹിന്ദുമതത്തോടു പണ്ടുതന്നെയുണ്ടായിരുന്ന വെറുപ്പിനെ ദ്വിഗുണീഭവിപ്പിക്കുകയും ഈഴവസമുദായത്തിലെ വൃദ്ധന്മാരെപ്പോലും ക്ഷോഭിപ്പിക്കുകയും ചെയ്‌തു. അതുകൊണ്ടു ഹിന്ദുമതത്തോടുള്ള അകല്‍ച്ചയ്‌ക്ക് അത് ഏറെക്കുറെ സഹായകരമായി വന്നു. നായരുടെ കൂട്ടുകെട്ടാണ് ഈഴവരുടെ അവകാശവാദങ്ങളുടെ മുന്നോട്ടുള്ള ഗതിക്കു വിഘ്‌നമായിത്തീര്‍ന്നിട്ടുള്ളത്. ആ വൈഷമ്യത്തെ ഇല്ലായ്‌മ ചെയ്‌വാന്‍ മി. നമ്പിയുടെ ചണ്ഡാലശാസ്‌ത്രം പ്രേരകമായിട്ടുണ്ടെന്നു പറയാം. ആ കാരണത്താല്‍ ഈ പ്രക്ഷോഭണത്തോടു ഈഴവ സമുദായത്തിന്‍റെ സമ്പൂര്‍ണ്ണമായ സഹകരണവും താല്‌പര്യവും ഉണ്ടായിത്തീര്‍ന്ന സംഗതിയും നമുക്ക് ആശ്വാസത്തിനു വക നല്‍കുന്നുണ്ട്.
ഇനി എന്തെല്ലാമാണ് നാം ചെയ്യേണ്ടതെന്ന് ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടരക്കൊല്ലമായി നാം തുടര്‍ച്ചയായി പ്രക്ഷോഭണം നടത്തുന്നു. അധികൃതസ്ഥാനങ്ങളില്‍ നമ്മുടെ സങ്കടങ്ങള്‍ അറിയിച്ചുകഴിഞ്ഞിട്ട് നാള്‍ കുറെ കഴിഞ്ഞു. മി.പി.കെ.കുഞ്ഞു ചെയ്‌ത സ്വാഗതപ്രസംഗത്തില്‍ വേണമെങ്കില്‍ രാജസ്ഥാനത്തെ ഒന്നുകൂടി അഭയം പ്രാപിച്ചു നമ്മുടെ സങ്കടങ്ങളുണര്‍ത്തിക്കണമെന്നു പറയുന്നു. വേണ്ടാ, വേണ്ടാ എന്നു ഞാന്‍ പറയുന്നു. അവരെ ഉണര്‍ത്താനായിട്ടുള്ളതെന്തോ അതാണ് നാം ഇനി ചെയ്യേണ്ടത്. അതാണ് അനന്തരകരണീയമായിരിക്കുന്നത്. അതിനുള്ള ഒരു പ്രാഗ്രാം ഇന്ന് സംയുക്തസംഘത്തിനുണ്ട്. അവര്‍ കഴിഞ്ഞ മൂന്നുനാലുമാസമായി യാതൊന്നും പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാതിരുന്നു. എന്നാല്‍ ഇന്നലെ കൂടിയ യോഗത്തില്‍വെച്ച് വളരെ വിപുലമായ ഒരു കാര്യപരിപാടി രൂപീകരിച്ചിട്ടുണ്ട്. അത്രവളരെ വിഷമമില്ലാത്ത ഒരു കാര്യപരിപാടിയാണത്. അതായത് നമ്മുടെ സങ്കടങ്ങള്‍ എല്ലാം വൈസ്രായിയുടെ അടുക്കല്‍ അറിയിക്കുക എന്നുള്ളതാണ്. ഒരു മെമ്മോറിയല്‍ വൈസ്രായിക്കയക്കുക. ഇതുകൊണ്ട് അധികൃതസ്ഥാനങ്ങളില്‍ പോകുന്നതിന് മി.ജോര്‍ജ് ജോസഫിനെപ്പോലെയുള്ള ആളുകള്‍ കൈവശമുള്ള കാലത്ത് നാം എന്തിനു സംശയിക്കുന്നു? വൈസ്രായിയുടെ അടുക്കല്‍ മെമ്മോറിയല്‍ കൊടുക്കുക എന്നുള്ള പണി ശരിയല്ലെന്നുള്ള അഭിപ്രായം ഇവിടെ പരത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതു നമ്മെക്കറക്കുവാന്‍ വേണ്ടി പറയുന്നതായാലും ശരി, അല്ലെങ്കിലും ശരി, നമ്മുടെ സങ്കടങ്ങള്‍ വൈസ്രായിയെ സമീപിച്ച് അദ്ദേഹത്തെ അറിയിക്കേണ്ട കടമയുണ്ട്. നമ്മുടെ അവകാശസംരക്ഷണത്തിനു ഏതു മാര്‍ഗം സ്വീകരിച്ചാലാണോ കാര്യം നടപ്പുണ്ടാകുക ആ മാര്‍ഗം സ്വീകരിക്കേണ്ട ബാദ്ധ്യത നമുക്കുണ്ട്. ഒരു മുപ്പത്തഞ്ചു കൊല്ലത്തിനുമുന്‍പ് ഡോക്‌ടര്‍ പല്‍പ്പുവിന്‍റെ നേതൃത്വത്തില്‍ ഈഴവരുടെ ഒരു മെമ്മോറിയല്‍ വൈസ്രായിക്കയച്ചതിന്‍റെയും പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ചതിന്‍റെയും ഫലമാണ് കാട്ടിലുള്ള പഞ്ചായത്തു ഡിപ്പാര്‍ട്ടുമെന്റില്‍ അഞ്ചുരൂപാ ശമ്പളത്തില്‍ ഞങ്ങള്‍ക്ക് ആദ്യം ജോലി കിട്ടിയത്. റീജന്‍സി ഭരണം ഇവിടെ ആവശ്യമില്ലെന്നു ശഠിച്ച ഒരു കൂട്ടര്‍ വൈസ്രായിക്കു മെമ്മോറിയല്‍ അയക്കാന്‍ തുടങ്ങിയ മാര്‍ഗദര്‍ശിത്വം നമുക്കു സ്വീകരിച്ചുകൂടയോ? അതുകൊണ്ട് നമ്മുടെ സങ്കടങ്ങള്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍ കൂടി അധികൃതസ്ഥാനങ്ങളില്‍ അറിയിക്കുന്നതിന് ഇനി നാം സംശയിക്കേണ്ടതില്ല. അതിനു നിങ്ങള്‍ യഥാശക്തി സഹായം ചെയ്യുകയും ഒപ്പുകള്‍ ഇട്ടു കൊടുക്കുകയും ചെയ്യണം. മെമ്മോറിയല്‍ ഒപ്പിടുന്ന കടലാസുകള്‍ പ്രത്യേകം അച്ചടിച്ചിരിക്കും. അതിന്‍റെ ബാക്കി വശവും മറുവശവും ഒപ്പിട്ടു നിറയ്‌ക്കണം. ഇങ്ങനെ അനേകായിരം ഒപ്പുകള്‍ ശേഖരിക്കണം. ഒന്നുരണ്ടു ട്രക്കുകള്‍ ഈ മെമ്മോറിയല്‍കൊണ്ട് നിറയ്‌ക്കണം. ഇവിടെനിന്നും ഈ മെമ്മോറിയല്‍ ട്രക്കുകളുമായി അതിന്‍റെ കൂടെ ഈ സംയുക്തരാഷ്‌ട്രീയ പ്രവര്‍ത്തകന്മാരില്‍ ഏതാനുംപേര്‍ ചേര്‍ന്ന് വണ്ടി കയറി മധുരയില്‍ ചെല്ലുമ്പോള്‍ അവിടെ നിന്ന് മി. ജോര്‍ജ് ജോസഫിനെയും പിടിച്ച് വണ്ടിക്കകത്തിട്ട് സിംല വരെ ഒന്നു പോകണം. ഇതിനു നിങ്ങള്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നു വിശ്വസിക്കുന്നു. ഒപ്പിട്ടു കൊടുക്കുന്ന കാര്യത്തില്‍ ചില വൈതാളികന്മാര്‍ നിങ്ങളെ ഭയപ്പെടുത്തും. ചില ഉദ്യോഗസ്ഥന്മാര്‍ നിങ്ങളുടെ നേരെ കണ്ണുകാണിക്കും. അതിലൊന്നും കുലുങ്ങാതെ ധൈര്യസമേതം നിങ്ങള്‍ ഒപ്പിട്ടു കൊടുക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഇനി പബ്‌ളിക് സര്‍വീസിനെപ്പറ്റിയാണ് പറയേണ്ടത്. മി.നോക്‌സിന്‍റെ റിപ്പോര്‍ട്ടിനെപ്പറ്റി വേണ്ടവിധം ആലോചിച്ച് എല്ലാ സമുദായക്കാരേയും സാരമായി തൃപ്‌തിപ്പെടുത്തത്തക്കനിലയില്‍ ഒരു തീരുമാനം ഉണ്ടാക്കുവാന്‍ ഗവണ്മെന്റെ് ആലോചിച്ചു വരുന്നതായി ദിവാന്‍ജിയുമായി നടത്തിയ അഭിമുഖസംഭാഷണത്തില്‍ അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. സര്‍ ഹബീബുള്ളയ്‌ക്കു വാര്‍ദ്ധക്യം പിടികൂടിയിട്ടുണ്ടെന്നുള്ള ദോഷം ഞാന്‍ വിസ്‌മരിക്കുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ അദ്ദേഹം ചെയ്‌തതായി പറയുന്ന സേവനത്തെക്കുറിച്ച് നമുക്കു തോന്നുന്ന മതിപ്പ് ശരിയാണെങ്കില്‍ അദ്ദേഹത്തിനു ഇവിടത്തെ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കുവാന്‍ കഴിയുന്നതാണ്. പക്ഷേ, അദ്ദേഹത്തിന്‍റെ നേരെ വേറെ ചിലരുടെ ദൃഷ്‌ടിപാതം ഉണ്ടായിട്ടുണ്ടെന്നുവേണം വിചാരിക്കുവാന്‍. ഞാന്‍ പറയുന്നത് സര്‍ സി.പി.യെപ്പറ്റിയാണ്. ആ ജന്തു നമുക്കാവശ്യമില്ല. ഞാന്‍ ജന്തു എന്നു പറഞ്ഞത് ഹിന്ദു എന്നാണ്. അദ്ദേഹം ഈഴവനും ക്രിസ്‌ത്യാനിക്കും മുസ്‌ലീമിനും ഒരു ഗുണവും ചെയ്യുകയില്ല. ഇതു ഞാന്‍ പറയുമ്പോള്‍ നിങ്ങളുടെ ആരുടെയും മുഖത്ത് പ്രതിഷേധത്തിന്‍റെ ചേഷ്‌ട ഞാന്‍ കാണുന്നില്ല. ഈ വിദ്വാന്‍ ഇവിടെ വന്നതില്‍ പിന്നെയാണ് തിരുവിതാംകൂര്‍ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേര്‍ പുറത്തുപരന്നത്. ഈ മനുഷ്യന്‍ പോയെങ്കിലല്ലാതെ രാജ്യം ഗുണം പിടിക്കുകയില്ല. നാം ഇത്രയും സംഗതികള്‍ നമ്മുടെ മൂന്നു സമുദായങ്ങളുടെയും സംയുക്തമായ സംഘടനകൊണ്ടു സാധിച്ചു. നാം സാധിച്ചതു വളരെ കുറച്ചേയുള്ളു എന്നുള്ള അഭിപ്രായക്കാര്‍ ഉണ്ടായേക്കാം. എങ്കിലും നാം ചിലതെല്ലാം സാധിച്ചു എന്നുള്ളതു നമ്മുടെ എതിരാളികള്‍ പോലും സമ്മതിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഈ മൂന്നു സമുദായങ്ങളും ഒന്നിച്ചു ചേര്‍ന്നുള്ള ഘടന നിയമസഭയില്‍ നമുക്കു കുറെ സ്ഥാനങ്ങള്‍ കിട്ടിയാലും ഇല്ലെങ്കിലും ഇനിയും തുടര്‍ന്നുകൊണ്ടു പോകേണ്ടതാണെന്നാണ് എന്‍റെ അഭിപ്രായം. ഈ സംയുക്ത പ്രസ്ഥാനക്കാര്‍ തിരുവിതാംകൂറിലെ ഒരു ശാശ്വതകക്ഷിയായി നില്‍ക്കട്ടെ എന്നുള്ള പ്രാര്‍ത്ഥനയോടുകൂടി ഞാന്‍ വിരമിക്കുന്നു.